തിരുവല്ല: ഗതാഗത നിയമലംഘകരെ പിടികൂടാൻ ജില്ലയിൽ 35 കാമറകൾ സ്ഥാപിക്കും. ഗതാഗതവകുപ്പ് നടപ്പാക്കുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് (നിർമിതബുദ്ധി) പദ്ധതിയിലാണ് കാമറകൾ സ്ഥാപിക്കുന്നത്.
സംസ്ഥാനത്തെ പ്രധാന റോഡുകളിൽ 726 അത്യാധുനിക കാമറകളാണ് സ്ഥാപിക്കുന്നത്. കെൽട്രോണാണ് പദ്ധതിയുടെ നോഡൽ ഏജൻസി. തിരുവല്ലയിലാണ് ജില്ലാ കണ്ട്രോൾ റൂം സജ്ജമാകുന്നത്.
ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾ, ഹെൽമറ്റും സീറ്റ് ബെൽറ്റും ഉപയോഗിക്കാത്തവർ, കൃത്യമായ നന്പർ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ, അമിതവേഗത്തിൽ പായുന്ന വാഹനങ്ങൾ തുടങ്ങി എല്ലാ നിയമലംഘനങ്ങളും കാമറയിൽ കുടുങ്ങും. റഡാർ സംവിധാനത്തിന്റെ സഹായത്താലാണ് ഇവ പ്രവർത്തിക്കുന്നത്. കാമറയിൽ ചിത്രം പതിയുന്നതോടെ നിയമലംഘനങ്ങൾ നടത്തിയ വാഹനത്തിന്റെ ഉടമകൾക്ക് തപാൽ മുഖേന നോട്ടീസ് നൽകും.
മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ തിരുവനന്തപുരത്തെ സെൻട്രൽ കണ്ട്രോൾ റൂമിലേക്കാണ് ഓരോ ദൃശ്യവും എത്തുന്നത്. തുടർന്ന് ഇവ അതാത് ജില്ലകളിലെ കണ്ട്രോൾ റൂമുകളിലേക്ക് എത്തിക്കും.
ജില്ലയിലെ ആറ് താലൂക്കുകളിലായി 50 ഇടങ്ങളിൽ കാമറ സ്ഥാപിക്കാനാണ് എൻഫോഴ്സ്മെന്റ് വിഭാഗം നിർദേശം നൽകിയത്. കോഴഞ്ചേരി താലൂക്കിൽ - 8, റാന്നി - 9, അടൂർ - 10, കോന്നി - 6, മല്ലപ്പള്ളി - 7, തിരുവല്ല - 10 എന്നിങ്ങനെയായിരുന്നു നിർദേശം. ആദ്യഘട്ടത്തിൽ ഇതിൽ 35 കാമറകളാണ് സ്ഥാപിക്കുന്നത്.
തിരുവല്ലയിൽ ബൈപാസ് റൗണ്ട് എബൗട്ട്, ക്രോസ് ജംഗ്ഷൻ, ചിലങ്ക ജംഗ്ഷൻ, പെരുന്തുരുത്തി, മുത്തൂർ, കുറ്റൂർ, തോട്ടഭാഗം, ഇരവിപേരൂർ, കാവുംഭാഗം, പൊടിയാടി എന്നിവിടങ്ങളിൽ കാമറകൾ സ്ഥാപിക്കും.