എം​വി​ആ​റിനെ ആ​റ​ന്മു​ള​യി​ൽ ‌ തളച്ചത് കവി കടമ്മനിട്ട
Monday, March 8, 2021 10:11 PM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പു തോ​ൽ​വി അ​റി​യാ​തെ ആ​റ​ന്മു​ള വ​രെ എ​ത്തി​യ എം.​വി. രാ​ഘ​വ​ൻ പ​രാ​ജ​യ​ത്തി​ന്‍റെ രു​ചി അ​റി​ഞ്ഞ​തും അ​വി​ടെ. രാ​ഘ​വ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​താ​ക​ട്ടെ മ​ല​യാ​ള​ത്തി​ന്‍റെ ജ​ന​കീ​യ ക​വി ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​ൻ.‌
1996ലെ ​ആ​റ​ന്മു​ള മ​ത്സ​രം അ​ത്ര​ക​ണ്ട് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ക​ണ്ണൂ​ർ രാ​ഷ്ട്രീ​യ​ത്തി​ൽ പ​യ​റ്റി​ത്തെ​ളി​ഞ്ഞ എം​വി​ആ​ർ ആ​റ​ന്മു​ള​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി എ​ത്തി​യ​ത് അ​പ്ര​തീ​ക്ഷി​ത​മാ​യി​ട്ടാ​യി​രു​ന്നു. യു​ഡി​എ​ഫി​ന്‍റെ ഘ​ട​ക​ക​ക്ഷി​യാ​യ മാ​റി​യ സി​എം​പി​ക്ക് ആ​റ​ന്മു​ള മ​ണ്ഡ​ലം ന​ൽ​കി​യ​തു ത​ന്നെ വി​ജ​യ​സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​ണ്. എം​വി​ആ​റി​ന് ഉ​റ​പ്പു​ള്ള ഒ​രു മ​ണ്ഡ​ലം ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​മാ​യി​രു​ന്നു ഇ​തി​നു പി​ന്നി​ൽ. 1991 വ​രെ​യു​ള്ള ആ​റ​ന്മു​ള​യു​ടെ ച​രി​ത്ര​ത്തി​ൽ യു​ഡി​എ​ഫ് മാ​ത്ര​മാ​ണ് വി​ജ​യി​ച്ചി​രു​ന്ന​ത്. സം​സ്ഥാ​ന​ത്തു ത​ന്നെ ഏ​റ്റ​വു​മ​ധി​കം വ്യ​ത്യ​സ്ത മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ടു​ള്ള എം.​വി. രാ​ഘ​വ​ന്‍റെ ആ​ദ്യ​പ​രാ​ജ​യ​വു​മാ​യി​രു​ന്നു അ​ത്. 1970ൽ ​ക​ണ്ണൂ​രി​ലെ മാ​ടാ​യി​ൽ നി​ന്നാ​ണ് എം​വി​ആ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു രാ​ഷ്ട്രീ​യം തു​ട​ങ്ങു​ന്ന​ത്. ‌
ത​ളി​പ്പ​റ​ന്പ് (1977), കൂ​ത്തു​പ​റ​ന്പ് (1980), പ​യ്യ​ന്നൂ​ർ (1982) എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​ഘ​വ​ൻ വി​ജ​യി​ച്ച​ത് സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി​ട്ടാ​ണ്. സി​പി​എ​മ്മു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തി​ൽ പു​റ​ത്താ​യ രാ​ഘ​വ​ൻ സി​എം​പി രൂ​പീ​ക​രി​ച്ച് യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​യാ​യി 1987ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഴീ​ക്കോ​ട്ട് മ​ത്സ​രി​ച്ച് വി​ജ​യി​ച്ച​ത് ച​രി​ത്ര നേ​ട്ട​മാ​യി. എ​ന്നാ​ൽ 1991 എ​ത്തി​യ​പ്പോ​ഴേ​ക്കും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ രാ​ഘ​വ​നു വി​ജ​യി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി. തു​ട​ർ​ന്ന് അ​ദ്ദേ​ഹം തെ​ക്ക​ൻ കേ​ര​ള​ത്തി​ലേ​ക്കു മാ​റു​ക​യാ​യി​രു​ന്നു. 1991ൽ ​ക​ഴ​ക്കൂ​ട്ട​ത്താ​ണ് മ​ത്സ​രി​ച്ച​ത്. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റ​ന്മു​ള​യി​ലെ​ത്തി. 2001ൽ ​തി​രു​വ​ന​ന്ത​പു​രം വെ​സ്റ്റി​ൽ മ​ത്സ​രി​ച്ചു ജ​യി​ച്ചു. 2006ൽ ​പു​ന​ലൂ​രി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. 1991, 2001 യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​ക​ളി​ൽ എം.​വി. രാ​ഘ​വ​ൻ മ​ന്ത്രി​യു​മാ​യി​രു​ന്നു.‌
1991 - 96 കാ​ല​യ​ള​വി​ൽ മ​ന്ത്രി​യാ​യി​രി​ക്കേ രാ​ഘ​വ​ന്‍റെ കൂ​ത്തു​പ​റ​ന്പ് സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ പോ​ലീ​സ് വെ​ടി​വ​യ്പും ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളു​ടെ മ​ര​ണ​വു​മാ​ണ് ആ​റ​ന്മു​ള​യി​ൽ രാ​ഘ​വ​നെ​തി​രെ പ്ര​ധാ​ന പ്ര​ചാ​ര​ണാ​യു​ധ​മാ​യി വ​ന്ന​ത്. ‌
ഇ​ട​തു​പ​ക്ഷാ​നു​ഭാ​വി​യാ​യി​രു​ന്ന ക​വി ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​നെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി അ​വ​ത​രി​പ്പി​ച്ച​തും അ​പ്ര​തീ​ക്ഷി​ത​മാ​യി​ട്ടാ​യി​രു​ന്നു. യു​ഡി​എ​ഫി​ൽ ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ എ​തി​ർ​പ്പ് വ​ക​വ​യ്ക്കാ​തെ​യാ​ണ് രാ​ഘ​വ​നെ സ്ഥാ​നാ​ർ​ഥി​യാ​യി അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫി​ലു​ണ്ടാ​യ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​തെ വ​ന്ന​തും പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മാ​യി. എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച ക​ട​മ്മ​നി​ട്ട ക​വി​ത​ക​ൾ പാ​ടി ജ​ന​മ​ന​സു​ക​ളെ സ്വാ​ധീ​നി​ച്ചു. 2687 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ക​ട​മ്മ​നി​ട്ട വി​ജ​യി​ച്ച​ത്. ‌
എ​ന്നാ​ൽ 2001 ൽ ​ര​ണ്ടാ​മ​തൊ​ര​ങ്കം കൂ​ടി ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​ൻ ആ​റ​ന്മു​ള​യി​ൽ പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. കോ​ന്നി​യി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തെ മാ​റ്റു​ക​യാ​യി​രു​ന്നു. കോ​ന്നി​യി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തു. ‌