കണമല: പഞ്ചായത്ത് ഓഫീസിൽ പോകാൻ മുപ്പത് കിലോമീറ്റർ സഞ്ചരിക്കേണ്ടി വന്നിരുന്ന ദുരിതത്തിന് അറുതിയായി പഞ്ചായത്ത് ഓഫീസിന്റെ ഉപ കാര്യാലയം ഇനി തൊട്ടരികിൽ. പത്തനംതിട്ട - കോട്ടയം ജില്ലാ അതിർത്തിയിലെ തുലാപ്പള്ളി, നാറാണംതോട്, അട്ടത്തോട്, അറയാഞ്ഞിലിമണ്ണ്, കിസുമം പ്രദേശങ്ങളിലെ ആയിരക്കണക്കിന് ആളുകളുടെ സങ്കടമാണ് പരിഹരിക്കപ്പെട്ടത്. തുലാപ്പള്ളിയിൽ പഞ്ചായത്ത് ഉപ കാര്യാലയത്തിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു.
പത്തനംതിട്ട ജില്ലയിലെ പെരുനാട് പഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശവാസികൾ വിവിധ ആവശ്യങ്ങൾക്ക് ഇതുവരെ പഞ്ചായത്ത് ഓഫീസിൽ എത്തിയിരുന്നത് 30 കിലോമീറ്റർ യാത്ര ചെയ്തായിരുന്നു. കണമല - മുക്കൂട്ടുതറ - എരുമേലി റൂട്ടിൽ സഞ്ചരിച്ച് റാന്നിയിൽ എത്തിയാണ് പെരുനാടിന് പോകുന്നത്. മുക്കൂട്ടുതറ - വെച്ചൂച്ചിറ - അത്തിക്കയം വഴിയും ളാഹ - വടശേരിക്കര വഴിയും പെരുനാടിൽ എത്താമെങ്കിലും 30 കിലോമീറ്റർ യാത്രക്ക് കുറവില്ല.
ശബരിമല വനത്തോട് ചേർന്ന് കിടക്കുന്ന കിഴക്കൻ മലയോര മേഖലയാണ് പെരുനാട് പഞ്ചായത്തിലെ തുലാപ്പള്ളി, അറയാഞ്ഞിലിമണ്ണ്, കിസുമം, അട്ടത്തോട്, നാറാണംതോട് വാർഡുകൾ. ബസുകൾ മാറിക്കയറി ഒരു ദിവസം നീളുന്ന യാത്രയായിരുന്നു പഞ്ചായത്ത് ഓഫീസിലേക്ക് ഉണ്ടായിരുന്നത്. ഇതിന് പരിഹാരം ആവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങൾ നൽകിയിരുന്നു. കോട്ടയം ജില്ലയിലേക്ക് ഈ പ്രദേശങ്ങളെ മാറ്റുകയാണ് പോംവഴിയെന്ന് പരിഹാര നിർദേശവും ഉയർന്നിരുന്നു.
എന്നാൽ കൃത്യമായ പരിഹാരം ഇതിനായി നടപ്പിലാക്കുമെന്ന് ഇത്തവണ പഞ്ചായത്ത് പ്രസിഡന്റ് ആയി ചുമതലയേറ്റ പി.എസ്. മോഹനൻ പ്രഖ്യാപിച്ചതോടെയാണ് ഉപ കാര്യാലയം എന്ന ആശയം രൂപപ്പെട്ടത്. ഇതോടെ ഉപ കാര്യാലയം അനുവദിക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പിൽ നിന്ന് അനുമതി നേടുകയായിരുന്നു. ഒരു ജീവനക്കാരന്റെ സേവനം ആണ് നിലവിൽ ഉപ കാര്യാലയത്തിൽ ലഭിക്കുകയെന്ന് പ്രസിഡന്റ് പി.എസ്. മോഹനൻ പറഞ്ഞു.
ജനന - മരണ - വിവാഹ രജിസ്ട്രേഷനുകൾ, വിവിധ സർട്ടിഫിക്കറ്റുകൾ, നികുതി അടയ്ക്കൽ, ലൈസൻസ് ഉൾപ്പെടെ പഞ്ചായത്ത് ഓഫീസിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ ഉപ കാര്യാലയത്തിൽ അപേക്ഷ നൽകിയാൽ ലഭ്യമാകുമെന്ന് അദ്ദേഹം അറിയിച്ചു. ഉപ കാര്യാലയത്തിന്റെ ഉദ്ഘാടനം പി.എസ്. മോഹനൻ നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ശ്രീകല അധ്യക്ഷത വഹിച്ചു. വികസന കാര്യ ചെയർമാൻ സുകുമാരൻ, വാർഡ് അംഗങ്ങളായ വർഗീസ്, റെൻസി, ശ്യാം മോഹൻ, മഞ്ജു പ്രദീപ്, പഞ്ചായത്ത് സെക്രട്ടറി ടി. സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.