കുണ്ടറ: ഇളമ്പള്ളൂരിൽ ഇരുമുന്നണികൾക്കും ഒപ്പം ബിജെപിയും രംഗത്ത്. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും കശുവണ്ടി മേഖലയിൽ പണിയെടുക്കുന്ന വരുടെയും നാടായ ഇളമ്പള്ളൂരിന്റെ വളർച്ചയ്ക്ക് വളരെ മുന്നേ ദേശീയപ്രസ്ഥാനങ്ങളുടെ സ്വാധീനം വളരെയേറെയാണ്. ധീരദേശാഭിമാനി വേലുത്തമ്പിദളവയുടെ കുണ്ടറ വിളംബരത്തിലൂടെ നാടിന്റെ ചരിത്രം ഒന്നുകൂടി തിളക്ക മാർന്നു.
രണ്ടായിരത്തിലാണ് 17 വാർഡുകളുള്ള ഇളമ്പള്ളൂർ പഞ്ചായത്ത് രൂപീകൃതമായത്. ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായിരുന്നു വിജയം. കോൺഗ്രസ് അഞ്ചു കൊല്ലവും ഭരിച്ചു. മൂന്ന് മഹിളാ കോൺഗ്രസ് നേതാക്കന്മാർ പ്രസിഡന്റുമാരായി. ഓമനാ വർഗീസ് രണ്ടര വർഷവും ഭവാനി അമ്മ ഒന്നര വർഷവും ശ്രീലത ഒരു വർഷവും ചുമതല വഹിച്ചു. 2005 മുതൽ 2020 വരെ എൽഡിഎഫിനായിരുന്നു ഭരണം.
ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ഭരണസമിതിയിൽ സിപിഎം-ആറ്, ബിജെപി-ആറ്, കോൺഗ്രസ്-അഞ്ച്, സിപിഐ-മൂന്ന്, ആർഎസ്പി-ഒന്ന് എന്ന ക്രമത്തിലായിരുന്നു കക്ഷിനില. സിപിഎമ്മിലെ സുജാത മോഹൻ പ്രസിഡന്റും സിപിഐയിലെ മൊയ്തീൻ കുഞ്ഞ് വൈസ് പ്രസിഡന്റുമായിരുന്നെങ്കിലും കോൺഗ്രസും ബിജെപിയും ആയിരുന്നു സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷന്മാർ.
ഇത്തവണ എൽഡിഎഫ് 21 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. സിപിഎം 16ഉം സിപിഐ അഞ്ചും സീറ്റുകളിലാണ് മത്സരിക്കുന്നത്. ബിജെപി മുഴുവൻ സീറ്റുകളിലും മത്സരിക്കുന്നു. കോൺഗ്രസ് പതിനാലു സീറ്റിലും ആർഎസ്പി ഏഴ് സീറ്റിലും മത്സരത്തിലുണ്ട്.
കഴിഞ്ഞതിന്റെ ഇരട്ടി സീറ്റ് നേടുമെന്നാണ് നേതാക്കന്മാരുടെ അഭിപ്രായം. കോൺഗ്രസ് ഭരണം പിടിച്ചെടുക്കാനുള്ള അതീവ പ്രവർത്തനത്തിലാണ്. എൽഡിഎഫ് ഭരണത്തുടർച്ച അവകാശപ്പെടുന്നു.
ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിൽ മുഖത്തല ബ്ലോക്ക് ഡിവിഷനുകൾ മൂന്നാണ്. ഇളമ്പള്ളൂർ, പെരുമ്പുഴ, കേരളപുരം. ഈ ഡിവിഷനുകളിൽ എൽ ഡിഎഫിന്റെ സുശീല ടീച്ചർ-സിപിഎം, ശ്രീജ.സി-സിപിഐഎം, സെയിഫ്-സിപിഐ എന്നിവരും യു ഡിഎഫിന്റെ സുവർണകുമാരി- കോൺഗ്രസ്, എസ്. ഷൈല മധു-ആർഎസ്പി, കൊല്ലംകാവിൽ ജയശീലൻ- കോൺഗ്രസ് എന്നിവരും ബിജെപി യുടെ രജനി സന്തോഷ്, ശിവകല, ഗിരീഷ് കുമാർ എന്നിവരുമാണ് മത്സരിക്കുന്നത്. കേരളപുരം ഡിവിഷൻ ഇളമ്പള്ളൂർ പഞ്ചായത്തിലെ ഒന്ന്, 18, 20 വാർഡുകൾക്കൊപ്പം കൊറ്റങ്കരയുടെ ഒന്ന്, രണ്ട്, 21 വാർഡുകൾ കൂടിച്ചേർന്നതാണ് കേരളപുരം ഡിവിഷൻ.
കഴിഞ്ഞതവണ ഇളമ്പള്ളൂർ ഡിവിഷനിൽ കോൺഗ്രസിലെ കെ.സി.വരദരാജൻ പിള്ളയായിരുന്നു വിജയിച്ചത്. പെരുമ്പുഴ കേരളപുരം ഡിവിഷനുകളിൽ വിജയിച്ചത് സിപിഎം ആയിരുന്നു. ഇത്തവണ മൂന്നു ഡിവിഷനുകളിലും ഭരണം പിടിച്ചെടുക്കാനുള്ള അതീവ പരിശ്രമത്തിലാണ് മുന്നണികൾ . ഇരുമുന്നണികൾക്കും കടുത്ത ഭീഷണിയായി ബിജെപിയ.ും ഒപ്പമുണ്ട്.