കൊല്ലം: ജില്ലയില്‍ ഇന്നലെ പത്തുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 445 ആയി. പത്തുപേർ രോഗമുക്തരായി ആശുപത്രി വിട്ടു.
രോഗം സ്ഥിരീകരിച്ചവരിൽ നാലു ബന്ധുക്കളും ഒരു പൊലീസ് ഉദ്യോഗസ്ഥനും മറ്റ് നാലുപേര്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരുമാണ്.
ശാസ്താംകോട്ട പല്ലിശ്ശേരിക്കല്‍ സ്വദേശിനി(48), മകന്(27) എന്നിവര്‍ ശാസ്താംകോട്ട ആഞ്ഞിലിമൂട്ടില്‍ മത്സ്യവില്പന നടത്തിയിരുന്ന വ്യക്തിയുടെ ഭാര്യയും മകനുമാണ്, മത്സ്യവില്പനക്കാരന് ജൂലൈ ആറിന് കോവിഡ് സ്ഥിരീകരിച്ചതാണ്. ഇയാളുടെ തന്നെ ബന്ധുക്കളായ ശാസ്താംകോട്ട രാജഗിരി സ്വദേശിനി(33) ഒന്‍പത് വയസുള്ള മകള്‍ എന്നിവര്‍ ഉള്‍പ്പടെയാണ് ബന്ധുക്കള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
പൊന്നാനി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സ്വദേശി(34). കൂടെ ജോലി ചെയ്യുന്നയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെയും സ്രവം പരിശോധിച്ചത്.
മറ്റുള്ളവര്‍ ഹൈദ്രാബാദില്‍ നിന്നും ജൂണ്‍ 23 ന് എത്തിയ ഏരൂര്‍ അയിലറ സ്വദേശി(50), റിയാദില്‍ നിന്നും ജൂലൈ ആറിന് എത്തിയ കൊറ്റങ്കര പെരുമ്പുഴ സ്വദേശി(33), സൗദിയില്‍ നിന്നും ജൂലൈ ഒന്‍പതിന് എത്തിയ ഇരവിപുരം സ്വദേശി(42), സൗദിയില്‍ നിന്നും ജൂലൈ എട്ടിന് എത്തിയ ഓച്ചിറ വലിയകുളങ്ങര സ്വദേശി(39), ഷാര്‍ജയില്‍ നിന്നും ജൂണ്‍ 25 ന് എത്തിയ തഴവ സ്വദേശി(46), കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സ്വദേശി മഞ്ചേരിയിലും ബാക്കിയുള്ളവര്‍ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.
കുളത്തൂപ്പുഴ സ്വദേശി(21), മൈനാഗപ്പള്ളി സ്വദേശി(23), പോരുവഴി സ്വദേശി(43), തഴവ സ്വദേശി(36), മയ്യനാട് പുല്ലിച്ചിറ സ്വദേശിനി(51), ചവറ സ്വദേശി(35), തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശി(55), കണ്ണനല്ലൂര്‍ നെടുമ്പന സ്വദേശി(31), കുണ്ടറ അംബിപൊയ്ക സ്വദേശി(36), പട്ടാഴി വടക്കേക്കര സ്വദേശി(53) എന്നിവരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.
കൊല്ലം സിറ്റിയിലെ പോലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതെ സഞ്ചരിച്ചതിന് 386 പേർക്കെതിരെ കേസെടുത്തു.
കോവിഡ് പ്രോട്ടോകോൾ ലംഘനത്തിനും ക്വാറന്റൈൻ ലംഘനത്തിനുമായി 238 പേർക്കെതിരെ 155 കേസുകളും രജിസ്റ്റർ ചെയ്തു. 52 വാഹനങ്ങളും പിടിച്ചെടുത്തു.
മാനദണ്ഡങ്ങൾ ലംഘിച്ച് ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചതിന് കൊല്ലം ഈസ്റ്റ്, ഇരവിപുരം, ചാത്തന്നൂർ, പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധികളിലായി 10 വ്യാപാര സ്ഥാപന ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വ്യാപാര സ്ഥാപനങ്ങളിൽ ശുചീകരണ സംവിധാനങ്ങൾ ഒരുക്കി നിയന്ത്രിത എണ്ണം ആളുകളെ പ്രവേശിപ്പിക്കേണ്ടതാണ്.
ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് കണ്ടെയിൻമെന്റ് സോണുകളിൽ പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പാടില്ല. മറ്റ് ജില്ലകളിലെ തീരദേശ മേഖലകളിൽ കോവിഡ് വ്യാപനം വർദ്ധിച്ചതിനെത്തുടർന്ന് സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ തീരദേശ മേഖലകളിൽ വാഹന പ്രചാരണ ബോധവൽക്കരണം സംഘടിപ്പിച്ചു.
നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ നിന്നും ആരംഭിച്ച് പുത്തൻതുറ, കരിത്തുറ, ശക്തികുളങ്ങര, വാടി, കാക്കത്തോപ്പ്, ബീച്ച്, തിരുമുല്ലാവാരം തുടങ്ങിയ തീരദേശ മേഖലകളിൽ പൊതുജനങ്ങൾക്ക് കോവിഡ് വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും മാർഗനിർദേശങ്ങളും മുന്നറിയിപ്പുകളും ഉൾപ്പെടെയുള്ള ബോധവൽക്കരണം പോലീസ് നടത്തി.