കൊ​ട്ടാ​ര​ക്ക​രയി​ൽ വാ​ഹ​ന തി​ര​ക്ക്
Tuesday, March 31, 2020 10:14 PM IST
കൊ​ട്ടാ​ര​ക്ക​ര: ലോ​ക്ക് ഡൗ​ൺ നി​ല​നി​ൽ​ക്കെ കൊ​ട്ടാ​ര​ക്ക​ര ടൗ​ണി​ൽ ഓ​രോ ദി​വ​സ​വും വാ​ഹ​ന തി​ര​ക്കും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കുന്നു. ​ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ൾ തി​ര​ക്കാ​ണ് ഇ​ന്ന​ലെ കൊ​ട്ടാ​ര​ക്ക​ര​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്.
വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ​യെ​ല്ലാം കൈ​വ​ശം ഏ​തെ​ങ്കി​ലു​മൊ​രു അ​നു​മ​തി​പ​ത്രം ഉ​ണ്ടാ​യി​രി​ക്കും. ഒ​ൺ​ലൈ​നാ​യി എ​ടു​ക്കു​ന്ന അ​നു​മ​തി​പ​ത്രം, സ​ത്യ​വാ​ങ്ങ്മൂ​ലം, തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ എ​ന്നി​വ കാ​ട്ടി​യാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന​യു​ടെ ക​ട​മ്പ ക​ട​ക്കു​ന്ന​ത്.
എ​ന്നാ​ൽ ഇ​വ​യു​ടെ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ക്കു​വാ​ൻ പോ​ലീ​സ് ത​യാ​റാ​കു​ന്നു​മി​ല്ല. ആ​ദ്യ ഘ​ട്ട​ത്തി​ൽ പോ​ലീ​സ് സ്വീ​ക​രി​ച്ച ക​ർ​ക്ക​ശനി​ല​പാ​ടു​ക​ളി​ൽ അ​യ​വു സം​ഭ​വി​ച്ചി​ട്ടു​ള്ള​താ​യും ആ​ക്ഷേ​പ​മു​യ​രു​ന്നു​ണ്ട്. ഇ​ന്ന​ലെ മു​ത​ൽ പോ​ലീ​സ് ക​ർ​ശ​ന നി​ല​പാ​ടു സ്വീ​ക​രി​ക്കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന വ​ന്ന​തി​നു ശേ​ഷ​മാ​ണ് തി​ര​ക്ക് വ​ർധി​ച്ചി​ട്ടു​ള്ള​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.
കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് ടൗ​ണി​ൽ അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി.