കൊട്ടാരക്കര: വിവര സാങ്കേതിക വിദ്യയുടെ മികവ് കലാ, സാഹിത്യ രംഗങ്ങളിൽ ധിഷണപരമായി പ്രയോജനപ്പെടുത്തി അവയെ നാളെയുടെ ശക്തിയാക്കി മാറ്റാൻ കഴിയുന്ന സാഹിത്യ വിഭവങ്ങളാക്കുവാൻ വരും തലമുറയ്ക്ക് ആഹ്വാനം നൽകി സദാനന്ദപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതല സാഹിത്യ സെമിനാർ സംഘടിപ്പിച്ചു.
വിദ്യാർഥിയുടെ സർഗശേഷിയെയും ബുദ്ധിയുടെ ബഹുതലങ്ങളെയും ഉദ്ദീപിക്കുന്ന സാഹിത്യ സംവാദങ്ങൾ സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധങ്ങളിലൂടെ മുഴങ്ങികേട്ടു.
സംസ്ഥാനത്തെ സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത 48 വിദ്യാർഥികളാണ് സാർവ ലൗകീക സാധ്യത വളർത്തുന്ന ഐസിടി സാധ്യതകളിലൂടെ കാലദേശാതിവർത്തിയായി നിലകൊള്ളുന്ന അറിവുകൾ കാലിക പ്രസക്തിയുള്ള സാഹിത്യ നുറുങ്ങുകളായി അവതരിപ്പിച്ചത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി ഉദ്ഘാടനം ചെയ്തു. വിവര സാങ്കേതിക വിദ്യയുടെ വിപ്ലവ സാധ്യതകൾ വൈഞ്ജാനിക വിസ്ഫോടനമായി മാറിയതായി അവർ പറഞ്ഞു. ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.ഷീല അധ്യക്ഷത വഹിച്ചു. വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീത മാത്തുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്ത് അംഗങ്ങളായ സരോജിനി ബാബു, എസ്. രത്നമണി, ഷീജ സേതുനാഥ്, ഡയറ്റ് പ്രിൻസിപ്പൽ ബി.ലീലകൃഷ്ണൻ, ഡിഇഒ കെ.അനിത, എസ്എസ്കെ ജില്ല കോഡിനേറ്റർ ബി.രാധാകൃഷ്ണൻ ഉണ്ണിത്താൻ, കൺവീനർ അനൂപ് അന്നൂർ, വിദ്യാരംഗം അസിസ്റ്റന്റ് എഡിറ്റർ എ.ഷിജു, പിടിഎ പ്രസിഡന്റ് ടി.എസ്.ജയചന്ദ്രൻ, എസ്എംസി ചെയർമാൻ ഷാജി ചെമ്പകശേരി, പ്രിൻസിപ്പൽ എം.എസ്.അനിത, ഹെഡ്മിസ്ട്രസ് പി.എസ്.ഗീത, എ.എസ്.സിനിരമ, ബി.സുരാജ്, എന്നിവർ പ്രസംഗിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള വിദ്യാസ ജില്ല വിഹിതം ഭാരവാഹികൾ ജില്ല ഉപഡയറക്ടർക്ക് കൈമാറി. സമാപന സമ്മേളനത്തിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. വിദ്യാരംഗം ജില്ല കോഡിനേറ്റർമാരായ ജി.എൽ.അനിൽകുമാർ, ജോൺ സാമുവേൽ, ബി.ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.