മറഞ്ഞു, കൊല്ലത്തിന്റെ ഫുട്ബോൾ ആവേശം
1339037
Thursday, September 28, 2023 11:17 PM IST
എസ്.ആർ.സുധീർ കുമാർ
കൊല്ലം: കൊല്ലത്തെ ഫുട്ബോൾ പ്രേമികൾ എപ്പോഴും ആവേശത്തോടെ മാത്രം കേട്ടിരുന്ന പേരാണ് ഇന്നലെ അന്തരിച്ച ടൈറ്റസ് കുര്യന്റേത്. അതുകൊണ്ട് തന്നെ ഏത് ഫുട്ബോൾ മത്സരവും കൊല്ലത്ത് വിരുന്നിനെത്തിയാൽ എക്കാലവും എല്ലാവരും ആദ്യം അദ്ദേഹത്തെ ഓർക്കും.
കൊല്ലത്ത് നടന്ന സീനിയർ പെന്റാഗുലർ ഫുട്ബോൾ മത്സരത്തിൽ ഗ്രൗണ്ടിന്റെ ഇടതുഭാഗത്തുകൂടി കുതിച്ചെത്തി എതിരാളികളുടെ ഗോൾമുഖത്ത് തുടരെ പ്രകമ്പനങ്ങൾ സൃഷ്ടിച്ച ടൈറ്റസ് കുര്യൻ ഇന്നും കൊല്ലത്തെ ഫുട്ബോൾ ആവേശമാണ്. അന്ന് അദ്ദേഹത്തിന്റെ പ്രായം 18.
റേഡിയോയിലെ കമന്ററി കേട്ട് സംസ്ഥാനത്തെങ്ങും ഫുട്ബോൾ പ്രേമികൾ ആർത്തുവിളിച്ച പേരായിരുന്നു ടൈറ്റസ് കുര്യൻ.
സിലോൺ, മദ്രാസ്, മൈസൂർ, ആന്ധ്ര, കേരളം എന്നീങ്ങനെ അഞ്ചു ടീം മാറ്റുരച്ച 1971ലെ പെന്റാഗുലർ മത്സരത്തിലാണ് സംസ്ഥാന ടീമിൽ ഇദ്ദേഹം ആദ്യമായി കളിച്ചത്. അന്ന് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു ടൈറ്റസ്. പ്രശസ്തിയുടെ കൊടുമുടിയിൽ 1973ൽ സന്തോഷ് ട്രോഫി നേടിയ ടീമിൽ അംഗമായിരുന്നെങ്കിലും ടൈറ്റസിനെ സൈഡ് ബഞ്ചിൽ തന്നെ ഇരുത്തിയത് ഫുട്ബോൾ പ്രേമികളുടെ മനസിൽ ഇന്നും വിങ്ങുന്ന ഓർമയാണ്. സന്തോഷ് ട്രോഫി എന്ന് കേൾക്കുമ്പോൾ കൊല്ലത്തുകാരുടെ മനസിൽ ഇന്നും ഓടിയെത്തുന്ന പേരുകളാണ് ഫോർവേഡുകളായ നജിമുദീൻ, ടൈറ്റസ് കുര്യൻ, ഗോളി രവി എന്നിവരുടേത്.
സന്തോഷ് ട്രോഫിയിൽ കളിച്ച അച്ഛൻ തോമസ് ആന്റണിയുടെ വഴി പിന്തുടർന്ന് കൊല്ലം സീസാ ഫുട്ബോൾ ക്ലബിലൂടെയാണ് ടൈറ്റസ് താരമായത്. തുടർന്ന് ലക്കി സ്റ്റാർ, ക്യുഎസി ടീമുകൾക്കു വേണ്ടിയും ജേഴ്സി അണിഞ്ഞു. 1970 -ൽ അസമിൽ നടന്ന ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിലെ പ്രകടനമാണ് സംസ്ഥാന ടീമിൽ എത്തിച്ചത്. മൂന്നുതവണ സംസ്ഥാന ടീമിൽ കളിച്ചു. ഒമ്പതുവർഷം കെഎസ്ആർടിസിയുടെ പെരുമ ഉയർത്തി ഫുട്ബോൾ ടീം ക്യാപ്റ്റനായി.
കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ പ്രവർത്തകനുമായിരുന്നു. ഭാര്യ വിജയമ്മയുടെ മരണശേഷം ഏകനായി കാവനാട്ടെ വീട്ടിൽ താമസിക്കുകയായിരുന്നു. സമീപത്ത് തന്നെയുള്ള മകൾ വിനിയുടെ വീട്ടിൽ ആഹാരം കഴിക്കാൻ എത്തുമെങ്കിലും ഒറ്റയ്ക്കു താമസിക്കാനായിരുന്നു ഇഷ്ടം. സഹോദരൻ ഡേവിഡും ഫുട്ബോൾ കളിക്കാരനായിരുന്നു.