ലത്തീൻ കത്തോലിക്കാ സമുദായത്തെ അവഗണിച്ചു: ലാറ്റിൻ കാത്തലിക് അസോ. കൊല്ലം രൂപതാ കമ്മിറ്റി
1300160
Sunday, June 4, 2023 11:37 PM IST
കൊല്ലം: ജില്ലയിലെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ ലിസ്റ്റ് പുറത്തുവന്നപ്പോൾ ജില്ലയിലെ ലത്തീൻ കത്തോലിക്കാ സമുദായത്തെ പാടെ അവഗണിക്കുന്ന സ്ഥിരം കാഴ്ചയാണ് കണ്ടതെന്ന് ലാറ്റിൻ കാത്തലിക് അസോസിയേഷൻ കൊല്ലം രൂപത കമ്മിറ്റി.
ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനം ലത്തീൻ ജനവിഭാഗത്തെ വെറും വോട്ട് ബാങ്ക് ആയി മാത്രം കാണുന്നു എന്ന നിരന്തര പരാതി ബ്ലോക്ക് പ്രസിഡന്റുമാരുടെ പുതിയ ലിസ്റ്റ് പുറത്തുവന്നതോടെ കൂടുതൽ വ്യക്തമായിരിക്കുകയാണ്. ജില്ലയിലെ 22 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾക്കും പ്രസിഡന്റുമാരെ നിയമിച്ചപ്പോൾ അതിൽ ഒരാൾ പോലും ലത്തീൻ കത്തോലിക്കൻ ഉൾപ്പെട്ടിട്ടില്ല എന്നത് ഈ ജനവിഭാഗത്തോട് കാണിക്കുന്ന കടുത്ത അവഗണനയായി മാത്രമേ കാണാനാവൂ എന്നും കെ എൽ സി എ ആരോപിച്ചു.
നിരന്തരമായി സമുദായ നേതൃത്വം ഉയർത്തിയ ആവശ്യങ്ങളെല്ലാം അവഗണിക്കുന്ന പാർട്ടിക്ക് ഈ സമുദായം വോട്ട് ചെയ്തുകൊള്ളും എന്ന മനോഭാവമാണെങ്കിൽ അതിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഓർക്കണമെന്നും കഴിഞ്ഞ മൂന്നുതവണകളായി തുടരുന്ന ഈ അവഗണന ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.
കെ എൽ സി എ രൂപതാ പ്രസിഡന്റ് ലെസ്റ്റർ കാർഡോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫാ. ജോർജ് സെബാസ്റ്റ്യൻ, ജാക്സൺ നീണ്ടകര, അനിൽ ജോൺ, ലെറ്റീഷ്യ, വിൻസി ബൈജു, പൗളിൻ ജോയ്, ആൻഡ്രൂസ് സിൽവ, കിരൺ ക്രിസ്റ്റഫർ, അജിത ജോർജ്, ഡൽസി ആന്റണി എന്നിവർ പ്രസംഗിച്ചു.