ചവറ: എംഎല്‍എ ആസ്തി വികസന ഫണ്ട് 2022-23 വിനിയോഗിച്ച് ചവറ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ഭരണാനുമതിയ്ക്ക് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചതായി ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു.
പന്മന ഗവ. ആയൂര്‍വേദ ആശുപത്രിയുടെ നിലവിലുളള കെട്ടിടത്തിന്റെ ഒന്നാം നില കിടത്തി ചികിത്സ, പഞ്ചകര്‍മ്മചികിത്സ, സ്യൂട്ട് റൂം തുടങ്ങിയ സൗകര്യങ്ങളോടെ നിര്‍മിക്കുന്നതിന് ആദ്യഘട്ടമായി 75 ലക്ഷം രൂപയും ചവറ ഗ്രാമപഞ്ചായത്തിലെ ഗവ. ആയൂര്‍വേദ ഡിസ്പെന്‍സറിയ്ക്ക് കഴിഞ്ഞ വര്‍ഷം വകയിരുത്തിയ 50 ലക്ഷത്തിന് പുറമേ വിവിധ സൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തുന്നതിനായി 30 ലക്ഷം രൂപയും വകയിരുത്തി.
പന്മനമനയില് എസ്ബിവിഎസ്ജിഎച്ച്എസ്എസ്-ന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ആദ്യഗഡുവായി ഒരു കോടി രൂപയും തെക്കുംഭാഗം ഗവ. എല്വിഎല്പിഎസിന് സര്‍ക്കാരില്‍ നിന്നും അനുവദിച്ച ഒരുകോടിപത്ത് ലക്ഷത്തിന് പുറമേ കെട്ടിടത്തിന്റെ പൂര്‍ത്തീകരണത്തിനാവശ്യമായ ഇരുപത് ലക്ഷത്തിമുപ്പതിനായിരം രൂപയും അനുവദിച്ച് നല്കി.
തേവലക്കര ഗ്രാമപഞ്ചായത്തിലെ 21, 22, 37, 44 നമ്പര്‍ ആംഗന്‍വാടികള്‍ക്ക് പുതിയകെട്ടിടങ്ങള് നിര്‍മിക്കുവാന്‍ 68ലക്ഷം രൂപയും വകയിരുത്തി.
തേവലക്കര ഗ്രാമപഞ്ചായത്തിലെ കണീനേഴ്ത്ത്മുക്ക്-തറവട്ടം വരെയുളള റോഡ് കോണ്‍ക്രീറ്റിംഗ്, ടാറിംഗ് 25ലക്ഷം, പന്മന ഗ്രാമപഞ്ചായത്തിലെ ആണുവേലില്‍ സ്കൂള്‍-പരിചംവീട്ടില്മുക്ക്റോഡ് കോണ്‍ക്രീറ്റ്, വടക്കുംതല വില്ലേജ് ഓഫീസ് ജംഗ്ഷനില്‍ നിന്നും കിഴക്കോട്ട് ചുമടുതാങ്ങിമുക്കിന് പടിഞ്ഞാറുവശം വരെയുളള റോഡ് ടാറിംഗും സൈഡ് വാള് നിര്‍മാണവും 29ലക്ഷം, പന്മന കുരീത്തറമുക്ക്-മല്ലയില്മുക്ക്- പന്മനആശ്രമം റോഡ് ടാറിംഗ്, തോപ്പില്‍ ജംഗ്ഷന്-സൊസൈറ്റി ജംഗ്ഷന് റോഡ് ടാറിംഗ് 32.5 ലക്ഷം, വെറ്റമുക്ക്- ചെമ്പോലിമുക്ക് റോഡ് ടാറിംഗ്, കാരൂര്ജംഗ്ഷന്-പ്ലാക്കോടത്ത് ജംഗ്ഷന് വരെയുളള റോഡ് ടാറിംഗ്40ലക്ഷം, പന്മന ഗ്രാമപഞ്ചായത്തിലെ കൊല്ലക-പുല്ലംപളളിമുക്ക്, മുഖംമൂടിമുക്ക്, മിന്നാംതോട്ടില്‍ ദേവിക്ഷേത്രത്തിന് സമീപം, കാമന്‍കുളങ്ങര മഹാദേവ ക്ഷേത്രത്തിനു സമീപം എന്നിവിടങ്ങളിലും തേവലക്കര ഗ്രാമപഞ്ചായത്തിലെ മൂക്കനാട്ട് ജംഗ്ഷന്, തൊഴിലാളിമുക്ക്, കൊച്ചുപുല്ലിക്കാട്ട്മുക്ക്, പുളിമുക്ക്-ഭാരതിരാജാകുരിശടി എന്നിവിടങ്ങളിലും കൊല്ലം കോര്‍പറേഷനിലെ കോട്ടൂര്‍കുളം, പൂവന്പുഴക്ഷേത്രം എന്നിവിടങ്ങളിലും മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 20ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ഭരണാനുമതി ലഭിച്ചാലുടനെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു.