കൊല്ലം: വ്യാപാരിയെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് കവർച്ച നടത്തിയ പ്രതികൾ പോലീസ് പിടിയിൽ. കിളികൊല്ലൂർ കാട്ടുംപുറത്തു വീട്ടിൽ നിന്നും ഇരവിപുരം വലിയവിള സുനാമി ഫ്ളാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന വാവാച്ചി എന്നു വിളിക്കുന്ന ദിനേശ് (39), കൊല്ലം ജോനകപ്പുറം ആറ്റുകാൽ പുരയിടത്തിൽ നിന്നും കൊച്ചുപള്ളിക്ക് സമീപം കോയിവീട്ടിൽ ഷംസീന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അക്കു എന്നു വിളിക്കുന്ന അക്ബർ ഷാ (26) എന്നിവരാണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്.
ജൂൺ 3 ന് പുലർച്ചെ 3ഓടെ മൂന്നാംകുറ്റി ജംഗ്ഷനിലെ ജ്യൂസ് സ്റ്റാൾ വ്യപാരത്തിനു ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന ജഗനെ 2 ബൈക്കുകളിൽ പിൻതുടർന്നെത്തിയ സംഘം ചാത്തനാകുളത്തിനു സമീപം ആക്രമിക്കുകയായിരുന്നു. വാളുപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തി 70,000- രൂപയും 25,000- രൂപ വിലയുള്ള മൊബൈൽ ഫോണും കവർച്ച ചെയ്യുകയായിരുന്നു.
രണ്ട് ഇരുചക്രവാഹനങ്ങളിലായി എത്തിയ സംഘം മുഖംമൂടിയും മാസ്്കും വെച്ച് തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് എത്തിയത്. കൊല്ലം സിറ്റി പോലീസ് മേധാവി റ്റി.നാരായണന്റെ നേതൃത്വത്തിലുള്ള സ്പെഷൽ അന്വേഷണ സംഘവും കിളികൊല്ലൂർ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ്് സംഘത്തിലെ രണ്ടു പേരെ ഒളിസങ്കേതത്തിൽ നിന്നും കണ്ടെത്തിയത്.
കൊല്ലം സിറ്റി പരിധിയിലെ അൻപതിൽ അധികം സിസിടിവി കാമറകളും റോഡു സുരക്ഷ കാമറകളും പരിശോധിച്ചാണ് സംഘത്തെ തിരിച്ചറിഞ്ഞത്. മൂന്നാംകുറ്റി ജംഗ്ഷനിൽ ജ്യൂസ് സ്റ്റാൾ നടത്തുന്ന ജഗനെ രാത്രിയിൽ പലതവണ നിരീക്ഷിക്കുകയും പുലർച്ചയോടെ കടയിലെ സഹായിയെ വീട്ടിലാക്കി സ്വന്തം വീട്ടിലേക്ക് ഒറ്റയ്ക്ക് വാഹനത്തിൽ പോകുന്പോഴാണ് ഇവർ തടഞ്ഞു നിർത്തി ആക്രമിച്ചത്. രക്ഷപ്പെട്ട മറ്റു പ്രതികൾ ഉടൻതന്നെ പിടിയിലാവുമെന്ന് സിറ്റി പോലീസ് മേധാവി അറിയിച്ചു.
കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ ജി.ഡി വിജയകുമാറിന്റെ നിർദേശപ്രകാരം കിളികൊല്ലൂർ ഇൻസ്പെക്ടർ വിനോദ്.കെ നേതൃത്വത്തിൽ സ്പെഷൽ ബ്രാഞ്ച് എസ്ഐ ജയകുമാർ, കിളികൊല്ലൂർ എസ്ഐ മാരായ അനീഷ് എ.പി, എഎസ്ഐ സന്തോഷ്, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ ബൈജു പി ജെറോം, എസ്സിപിഒമാരായ സജു, സീനു, മനു, രിപു, രതീഷ്, സിപിഒമാരായ അനീഷ്, പ്രശാന്ത്, ഇമ്മാനുവേൽ, ദീപു, ശിവകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വാവാച്ചി ദിനേശ് മുൻപ് നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളതും കാപ്പാ നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുളളതുമാണ്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്ഡ് ചെയ്തു.