പുനലൂർ: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള സുപ്രീംകോടതി ഉത്തരവിന് ആധാരമായ കേരള സർക്കാരിന്റെ മന്ത്രിസഭ തീരുമാനം നടപ്പിലാക്കിയ ഇടതുമുന്നണിയും മുൻ വനം മന്ത്രി കെ. രാജുവും മാപ്പ് പറയണമെന്ന് കെപിസിസി നിർവാഹസമിതി അംഗം ഭാരതീപുരം ശശി ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ നിലവിലെ എംഎൽഎ പി. എസ് സുപാലും മുൻ മന്ത്രി കെ. രാജുവും നിലപാട് വ്യക്തമാക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും യുഡിഎഫിന്റെ രണ്ടാം ദിവസത്തെ വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടിയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ഭാരതീപുരം ശശി.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിനു ശിവപ്രസാദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാ തോമസ്, തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. വിജയകുമാർ, ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം നാസർ ഖാൻ, വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗീതാ സുകുനാഥ്, ഡിസിസി അംഗം സണ്ണി ജോസഫ്, കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് തോമസ് മൈക്കിൾ, കെടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ശശിധരൻ പിള്ള, കോൺഗ്രസ് നേതാക്കളായ അഡ്വ. കെ നസീർ, അനിൽകുമാർ, ജോസഫ്, ജോർജുകുട്ടി, ആനച്ചാടി സോമൻ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു എബ്രഹാം, ജയരാജ്,ജസീന്ത റോയ്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സൂരജ് എന്നിവർ വിവിധ സ്ഥലങ്ങളിൽ വാഹന പ്രചരണ ജാഥയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. ആര്യങ്കാവ് പഞ്ചായത്തിലെ ഇടപാളയം, ആര്യങ്കാവ് ജംഗ്ഷൻ , കരയാളർമത്ത് കോട്ടവാസൽ തുടങ്ങിയ സ്ഥലങ്ങളിൽ പ്രചരണം നടത്തിയ ജാഥ അച്ചൻകോവിലിൽ സമാപിച്ചു.