കൊല്ലം: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാക്കളെ പോലീസ് പിടികൂടി. തൃക്കരുവ കാഞ്ഞാവേളി വൻമള തെക്കേച്ചേരി മാവുമ്മേൽ തെക്കതിൽ മുജീബ് (26), തൃക്കരുവ തെക്കേചേരിയിൽ വൻമള മാവുമ്മേൽ വീട്ടിൽ മഹീൻ (24) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരിൽ നിന്നും 46.35 ഗ്രാം എംഡിഎംഎയും 9.57 ഗ്രാം കഞ്ചാവും ആണ് പോലീസ് പിടികൂടിയത്.
പാർട്ടി ഡ്രഗ് ആയ എംഡിഎംഎ ഇത്രയും ഉയർന്ന അളവിൽ ജില്ലയിൽ പിടിയിലാകുന്നത് ആദ്യമാണ്. കഴിഞ്ഞ കുറേ നാളുകളായി ജില്ലയിൽ പല സ്ഥലങ്ങളിലും കുറഞ്ഞ അളവിൽ പാർട്ടി ഡ്രഗ് പിടികൂടിയതിനെ തുടർന്ന് പോലീസ് പാർട്ടി ഡ്രഗിന്റെ വിതരണ ശൃംഖല തകർക്കുന്നതിന് വ്യാപകമായ അന്വേഷണത്തിലായിരുന്നു. ജില്ലയിൽ എത്തിച്ച പാർട്ടി ഡ്രഗ്സ് സ്കൂൾ കോളേജ് വിദ്യാർഥികൾക്കും യുവതീ യുവാക്കൾക്കും എത്തിച്ച് നൽകുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
ബാംഗ്ലൂരിൽ നിന്നും എത്തിക്കുന്ന പാർട്ടി ഡ്രഗ് ചില്ലറ വിപണനം നടത്തി വരുകയായിരുന്നു ഇവർ. ചെറിയ അളവിൽ ഉപയോഗിച്ചാൽ തന്നെ ഒന്നര ദിവസത്തോളം ലഹരി നിൽക്കുന്ന പാർട്ടി ഡ്രഗ്സിന് മണമോ മറ്റും ഇല്ലാത്തതാണ് വിദ്യാർഥികളേയും യുവതി യുവാക്കളേയും ആകർഷിക്കുന്നത്. ഇത് മുതലെടുത്താണ് ഇവർ ആവശ്യകത അനുസരിച്ച് വില നിശ്ചയിച്ച് നൽകുന്നത്. വിപണിയിൽ അഞ്ച് ലക്ഷം രൂപയ്ക്ക് മേൽ മതിപ്പ് വിലയുളള പാർട്ടി ഡ്രഗ് ആയ എംഡിഎംഎ ആണ് പോലീസ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ഡാൻസാഫ് ടീമും അഞ്ചാലുംമ്മൂട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ പിടികൂടിയത്. പിടികൂടിയ എംഡിഎംഎ സ്കൂൾ കോളേജ് വിദ്യാർഥികൾക്ക് വിൽപ്പനയ്ക്കായി എത്തിച്ചതാണെന്ന് യുവാക്കൾ പോലീസിനോട് സമ്മതിച്ചു.
ജില്ലാ ഡാൻസാഫ് ടീമിന്റെ ചുമതലയുള്ള സി ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സക്കറിയ മാത്യൂ, കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ ജി.ഡി വിജയകുമാർ അഞ്ചാലുംമൂട് എസ്എച്ച്ഒ നകുൽ രാജേന്ദ്രദേശ്മുഖ് എന്നിവരുടെ നേതൃത്വത്തിൽ അഞ്ചാലുംമ്മൂട് ഇൻസ്പെക്ടർ സി.ദേവരാജൻ, ഡാൻസാഫ് എസ്ഐ ആർ. ജയകുമാർ, എസ്.ഐമാരായ അനീഷ്.വി, ജയപ്രകാശ്, ബാബുക്കുട്ടൻ, റഹിം, ഡാൻസാഫ് അംഗങ്ങളായ എ.എസ്.ഐ ബൈജൂ ജെറോം, എസ്.സി.പി.ഒ മാരായ സജു, മനു, സീനു, രിപു, രതീഷ്, ലിനു ലാലൻ സി.പി.ഒ മാരായ റോസി, ലാലു എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.