ഭൂ​മി ഇ​നി​യും പേ​രി​ലാ​യി​ല്ല, ട്രാ​ന്‍. ഡി​പ്പോ വി​ക​സ​നം വൈ​കും
Sunday, May 22, 2022 11:17 PM IST
പു​ന​ലൂ​ര്‍ : കെഎ​സ്ആ​ര്‍ടിസി പു​ന​ലൂ​ര്‍ ഡി​പ്പോ​യു​ടെ ഭൂ​മി ഇ​നി​യും പേ​രി​ല്‍​ക്കൂ​ട്ടി ല​ഭി​ക്കാ​ത്ത​ത് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ അ​നി​ശ്ചി​ത​മാ​യി വൈ​കി​ക്കു​ന്നു. ഈ ​സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ത്തി​ല്‍ ത​ട്ടി ന​ഗ​ര​സ​ഭ​യു​ടെ വ്യാ​പാ​ര സ​മു​ച്ച​യം പ​ദ്ധ​തി ഉ​ള്‍​പ്പെ​ടെ നീ​ളു​ക​യാ​ണ്. ഭൂ​മി സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​യ്ക്ക് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ​ടി ആ​രം​ഭി​ച്ചെ​ങ്കി​ലും എ​ങ്ങു​മെ​ത്തി​യി​ല്ല.
ഡി​പ്പോ​യു​ടെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ലോ​ചി​ക്കാ​ന്‍ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 25-ന് ​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പു​ന​ലൂ​രി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഡി​പ്പോ​യ്ക്ക് സ്വ​ന്തം പേ​രി​ല്‍ ഭൂ​മി​യി​ല്ലെ​ന്ന വ​സ്തു​ത ച​ര്‍​ച്ച​യാ​യ​ത്.
ഡി​പ്പോ​യി​ല്‍ ബി​ഒടി വ്യ​വ​സ്ഥ​യി​ല്‍ ഓ​ഫീ​സ് - ഷോ​പ്പിം​ഗ് മാ​ള്‍ -ബ​സ് ടെ​ര്‍​മി​ന​ല്‍ സ​മു​ച്ച​യം നി​ര്‍​മി​ക്കു​മെ​ന്ന മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന് ഡി​പ്പോ​യ്ക്ക് സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ലെ​ന്ന വി​വ​രം അ​ധി​കൃ​ത​ര്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച് അ​ടി​യ​ന്തി​ര ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ റ​വ​ന്യൂ അ​ധി​കൃ​ത​രോ​ടും കെഎ​സ്ആ​ര്‍ടിസി അ​ധി​കൃ​ത​രോ​ടും മ​ന്ത്രി അ​വ​ശ്യ​പ്പെ​ട്ടു. പി.​എ​സ്.​സു​പാ​ല്‍ എംഎ​ല്‍​എ മു​ന്‍​ക​യ്യെ​ടു​ത്ത് ന​ഗ​ര​സ​ഭ​യു​ടേ​യും കെഎ​സ്ആ​ര്‍​ടി​സി അധി​കൃ​ത​രു​ടെ യോ​ഗം വി​ളി​ക്കു​ക​യും ഡി​പ്പോ​യോ​ട് ചേ​ര്‍​ന്നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ ഭൂ​മി അ​ള​ന്നു​തി​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ന​ട​പ​ടി​ക​ളി​ല്‍ പി​ന്നീ​ട് കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ല.
പു​ന​ലൂ​ര്‍ വി​ല്ലേ​ജി​ല്‍ കെഎ​സ്ആ​ര്‍ടിസി ഡി​പ്പോ​യു​ടെ കൈ​വ​ശ​ത്തി​ല്‍ മൂ​ന്നു സ​ര്‍​വേ ന​മ്പ​രു​ക​ളി​ലാ​യി 52.86 ആ​ര്‍ (1.31 ഏ​ക്ക​ര്‍) ഭൂ​മി​യു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. എ​ന്നാ​ല്‍ ഇ​തി​ല്‍ 40.92 ആ​ര്‍ ഭൂ​മി ത​രി​ശാ​യും 12.14 ആ​ര്‍ ഭൂ​മി പു​റ​മ്പോ​ക്കാ​യു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഈ ​ഭൂ​മി കെഎ​സ്ആ​ര്‍ടിസിക്ക് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ദാ​ന​മാ​യോ അ​ല്ലാ​തെ​യോ ല​ഭി​ച്ച​തി​നോ സ​ര്‍​ക്കാ​രി​ല്‍ നി​ന്നും പാ​ട്ട​ത്തി​ന് ല​ഭി​ച്ച​തി​നോ രേ​ഖ​ക​ളി​ല്ലെ​ന്ന് 2014 മാ​ര്‍​ച്ചി​ല്‍ പു​ന​ലൂ​ര്‍ ത​ഹ​സീ​ല്‍​ദാ​ര്‍ അ​സി​സ്റ്റ​ന്‍റ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. ഭൂ​മി കെഎ​സ്ആ​ര്‍ടിസിയു​ടെ പേ​രി​ല്‍ മാ​റ്റി ന​ല്‍​കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ച് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ബി​ജു പ്ര​ഭാ​ക​ര്‍ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ല്‍ ലാ​ന്‍​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ര്‍​ക്ക് ക​ത്തു​ന​ല്‍​കി​യി​രു​ന്നു.