കൊല്ലം : കോൺഗ്രസിന്റെ അതിജീവന ശ്രമങ്ങൾക്ക് കരുത്താകുമെന്ന് പ്രതീക്ഷിച്ച ചിന്തൻ ശിബിരത്തിലുണ്ടായത് പദവികൾ വീതം വെക്കുന്ന ചർച്ചകൾ മാത്രമെന്ന് കേരള ദലിത് ഫെഡറേഷൻ (കെഡിഎഫ് ) സംസ്ഥാന പ്രസിഡന്റും കരകൗശല വികസന കോർപറേഷൻ ചെയർമാനുമായ പി.രാമഭദ്രൻ. കെഡിഎഫ് സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
സാമൂഹിക നീതിയിൽ അടിയുറച്ച രാഷ്ട്രീയ നിലപാടുകൾ ഒഴിവാക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം അടിസ്ഥാന ജനതയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്നതും കോൺഗ്രസിന് വൻ തിരിച്ചടി നൽകുന്നതുമാണ്.
സാമൂഹിക നീതി എന്ന നിലപാടിലൂന്നിയാണ് സ്വാതന്ത്ര്യ സമരത്തിന് ദേശീയ പ്രസ്ഥാനം നേതൃത്വം നൽകിയത്. അധികാരത്തിൽ വന്നതിന് ശേഷം സാമൂഹിക നീതിക്ക് വേണ്ടിയുള്ള പരിശ്രമങ്ങൾ കോൺഗ്രസ് പാടേ ഉപേക്ഷിക്കുക ആയിരുന്നു. ഈ നിലപാടാണ് അടിസ്ഥാന ജനതയിൽ നിന്ന് കോൺഗ്രസ് ഒറ്റപ്പെടാൻ കാരണം.
അടിസ്ഥാന ജനതയെ മറന്ന് മുന്നോട്ട് പോകാനുള്ള കോൺഗ്രസ് നീക്കം രാഷ്ട്രീയമായ തകർച്ച ക്ഷണിച്ചു വരുത്താനെ ഉപകരിക്കൂ. ജനപക്ഷത് നിൽക്കാതെ കോൺഗ്രസിനു തിരിച്ചുവരവ് സാധ്യമല്ലെന്നു തിരിച്ചറിഞ്ഞിട്ടും കാലോചിതമായ പ്രായോഗിക നിലപാട് സ്വീകരിക്കാത്തത് അത്ഭുതപ്പെടുത്തുന്നുവെന്നും പി. രാമഭദ്രൻ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. പ്രഹ്ലാദൻ അധ്യക്ഷനായിരുന്നു. രാജൻ വെമ്പിളി, ഐസക് വർഗീസ്, കെ. ഗോപാലകൃഷ്ണൻ, എ. എസ്. രാമചന്ദ്രൻ, ആർ. ദാമോദരൻ, മധുമോൾ പഴയിടം, സുധീഷ് പയ്യനാട്, ബാബു വേങ്ങൂർ, പി. ഡി. ബാബു പാസ്റ്റർ, കെ. ശശികുമാർ, ശൂരനാട് അജി, പി. എസ്. നിഷ, അംബിക പൂജപ്പുര, ജോർജ് മാത്യു, ദാസൻ. കെ. പൗലോസ്, വി. എ. രാജേഷ്, ആർ. ശ്രീജിത്ത്, സാജൻ പഴയിടം തുടങ്ങിയവർ പ്രസംഗിച്ചു.
ഐസക് വർഗീസിനെ (പാലക്കാട് ) കെ ഡി എഫ് സംസ്ഥാന വൈസ് പ്രസിഡന്റായി നിശ്ചയിച്ചു.