കൊട്ടാരക്കര: മാർത്തോമ്മാ സഭ കൊട്ടാരക്കര-പുനലൂർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലുള്ള 64-ാമത് കൊട്ടാരക്കര കൺവൻഷൻ 30 മുതൽ ഫെബ്രുവരി 6 വരെ കൊട്ടാരക്കര ജൂബിലിമന്ദിരം ചാപ്പലിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഇടവകകളും, ദോഹ ഇടവകയും ഉൾപ്പെടുന്ന ഈ ഭദ്രാസനത്തിൽ 91 ഇടവകകളും, രണ്ടു കോൺഗ്രിഗേഷനുകളും, 15 മിഷൻ ഫീൽഡുകളും, സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന 10 സ്ഥാപനങ്ങളും ഉൾപ്പെടുന്നു. സഭാ ജനങ്ങളുടെ ആത്മീയ ചിന്ത പുതുക്കത്തിനും, സാമൂഹ്യ തിൻമകൾക്കെതിരെ പ്രതികരിക്കുന്നതിനും, തെക്കിന്റെ മാരാമൺ എന്നറിയപ്പെടുന്ന കൊട്ടാരക്കര കൺവൻഷനു കഴിഞ്ഞിട്ടുണ്ട്.
30ന് വൈകുന്നേരം ആറിന് ഭദ്രാസനാധിപൻ ഡോ.യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം തിരുവനന്ത പുരം-കൊല്ലം ഭദ്രാസനാധിപൻ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ ഉത്ഘാടനം ചെയ്യും. ഫെബ്രുവരി ആറിന് രാവിലെ 7.30ന് മാർത്തോമ്മാ സഭാ പര മാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ വിശുദ്ധകുർബാനയ്ക്ക് നേതൃത്വം നൽകുന്നതും തുടർന്നു നടക്കുന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുന്നതുമാണ്. ഡോ.യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ സമാപന സന്ദേശം നൽകും.
വിവിധ യോഗങ്ങളിൽ സിഎസ്ഐ സഭ ഡെപ്യൂട്ടി മോഡറേറ്റർ ബിഷപ്പ് രൂബൻ മാർക്ക്, സിഎസ്ഐ സഭ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ.മലയിൽ സാബു കോശി, റവ.ബോബി മാത്യ,റവ.സാം റ്റി കോശി, റവ.സുനിൽ എം.ജോൺ, റവ.പ്രമോദ് സഖറിയ, ഡോ.ജോർജ് ചെറിയാൻ, ഡോ.തോമസ് ജോർജ് കൊച്ചി, പീനാ മാത്യു കാസർകോഡ് എന്നിവർ പ്രസംഗിക്കും
31 മുതൽ ഫെബ്രുവരി 5 വരെ എല്ലാ ദിവസവും വൈകുന്നേരം 6.30 ന് രാത്രി യോഗങ്ങൾ നടത്തപ്പെടും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ 12.30 വരെ സന്നദ്ധസുവിശേഷസംഘം, സേവികാസംഘം, സണ്ടേസ്കൂൾ എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രത്യേക യോഗങ്ങളും, ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് യുവജനസഖ്യത്തിന്റെ യോഗങ്ങളും നടക്കും. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ റിന്യൂവൽ കോൺഫറൻസും, വെള്ളി രാവിലെ 8 മുതൽ 9 വരെ ബബിൾ ക്ലാസും, ശനിയാഴ്ച രാവിലെ 7.30 മുതൽ 8.30 വരെ കുട്ടികളുടെ സമർപ്പണ ശുശ്രൂഷയും നടത്തും. എല്ലാ നിയന്ത്രണങ്ങളും കർശനമായി പാലിച്ചുകൊണ്ടാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
പത്രസമ്മേളനത്തിൽ റവ. വിനോയ് ദാനിയേൽ, റവ.ഷിബു സാമുവേൽ, പി.എം. തോമസ് കുട്ടി, റവ.ഐസക് പി.കുര്യൻ, പി.ജെ.ഡേവിഡ്, റവ.വിജു വർഗീസ്, പി.ജെ റോയിമലയിലഴികത്ത് എന്നിവർ പങ്കെടുത്തു.