കൊല്ലം: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ പതിനാറാം ഓർമപ്പെരുന്നാളിന് ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് കൊടിയേറ്റി. കൽക്കട്ടാ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഫാ. കെ.ടി. വർഗീസ്, ഫാ. ജോൺ പുത്തൻവീട്ടിൽ, ഫാ. ആൻഡ്രൂസ് വർഗീസ് തോമസ് , ഫാ. ശാമുവേൽ. ടി.ജോർജ്, ഫാ. കുര്യാക്കോസ് ജോർജ് എന്നിവർ സഹകാർമികത്വം വഹിച്ചു.
ആത്മ നിറവിൽ ജീവിതമാരംഭിച്ച് സഭയെയും സമൂഹത്തെയും ശുശ്രൂഷിച്ച് ഈ ലോകത്തിൽ നിന്ന് കടന്നുപോയ മാത്യൂസ് ദ്വിതിയൻ ബാവയുടെ ആത്മാവിലുള്ള പ്രാർഥന നമ്മുടെ സമൂഹത്തിനും സഭയ്ക്കും കാവലും തുണയും ആകട്ടെ എന്ന് കൽക്കട്ടാ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് അഭിപ്രായപ്പെട്ടു. കുർബാനമധ്യേ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് 6.30ന് പ്രഭാത നമസ്കാരം. തുടർന്ന് കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് കുർബാനക്ക് കാർമികത്വം വഹിക്കും. 10.30 ന് ശാസ്താംകോട്ട എം ടിഎംഎം ഹോസ്പിറ്റൽ, പരുമല സെന്റ് ഗ്രിഗോറിയോസ് ഹോസ്പിറ്റൽ, ഭരണിക്കാവ് വൈദ്യധർമ ആയുർവേദ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്.
25ന് 6.30ന് പ്രഭാത നമസ്കാരം, തുടർന്ന് തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് കുർബാനക്ക് കാർമികത്വം വഹിക്കും. 10ന് പ്രാർഥന യോഗം, മർത്തമറിയം സമാജം, സുവിശേഷസംഘം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന ധ്യാനം തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്യും.
കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് അധ്യക്ഷത വഹിക്കും. ഫാ. ഡോ. റെജി മാത്യൂസ് ധ്യാനം നയിക്കും. ഉച്ചയകഴിഞ്ഞ് രണ്ടിന് നടക്കുന്ന അനുസ്മരണ സമ്മേളനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.
കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് അധ്യക്ഷത വഹിക്കും. കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബി. പി. മഹാദേവൻ പിള്ള അനുസ്മരണ പ്രഭാഷണം നടത്തും.
അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോൺ, കോവൂർ കുഞ്ഞുമോൻ എംഎൽഎ, ഫാ. കെ. ടി. വർഗീസ് എന്നിവർ പ്രസംഗിക്കും. ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് സമ്മാനദാനം നിർവഹിക്കും.
വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, തുടർന്ന് മാവേലിക്കര ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് പ്രഭാഷണം നടത്തും.7.15ന് റാസ.
26ന് എട്ടിന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 10ന് കബറിങ്കൽ ധൂപ പ്രാർഥന, ശ്ലൈഹിക വാഴ് വ്, നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.