കൊട്ടാരക്കര: നിക്ഷേപ തട്ടിപ്പിനെ തുടർന്ന് ധനകാര്യ വകുപ്പ് അടച്ചു പൂട്ടിയിരുന്ന കൊട്ടാരക്കര മേഖലയിലെ പോപ്പുലർ ഫിനാൻസിന്റെ വിവിധ ശാഖാകളിൽ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ കണക്കെടുപ്പ് നടത്തി. കണക്കിൽപെടാത്ത സ്വർണവും പണവും കണ്ടെടുത്തു.
കൊട്ടാരക്കര താലൂക്കിലെ എഴുകോൺ, പുത്തൂർ, കൊട്ടാരക്കര എന്നീ ബ്രാഞ്ചുകളിലാണ് പരിശോധന നടന്നത്. പോപ്പുലർ ഫിനാൻസ്, പോപ്പുലർ ലോൺ, പോപ്പുലർ ഫിനാൻസ് നിധി, മേരിറാണി പോപ്പുലർ നിധി ലിമിറ്റഡ് തുടങ്ങിയ പേരുകളിലായിപ്രവർത്തിച്ചിരുന്ന കൊട്ടാരക്കര താലൂക്കിലെ പുത്തൂർ എഴുകോൺ, കൊട്ടാരക്കര, പൂയപ്പള്ളി, അമ്പലംകുന്ന്, മടത്തറ കരിക്കം , നിലമേൽ, ഓടനാവട്ടം ബ്രാഞ്ചുകൾ ഉൾപ്പെടെ താലൂക്കിലെ വിവിധ ബ്രാഞ്ചുകളിലും കണക്കെടുപ്പ് തുടരുകയാണ്.
എഴുകോൺ ബ്രാഞ്ചിൽ മാത്രം നടത്തിയ പരിശോധനയിൽ 417 പായ്ക്കറ്റുകളിലായി പണയം വച്ചിരുന്ന 3.5 കിലോ സ്വർണവും 14 ലക്ഷത്തോളം രൂപയും കോടിക്കണക്കിനു രൂപയുടെ നിക്ഷേപ വിവരങ്ങളും കണ്ടെടുത്തു. റവന്യു വിഭാഗം കസ്റ്റസിയിലെടുത്ത പണവും സ്വർണവും ഓഫീസ് ഉപകരണങ്ങളും കൊട്ടാരക്കര സബ്ട്രഷറിയിലേക്ക് മാറ്റി. പരിശോധനയിൽ ലീഡ് ബാങ്ക് മാനേജർ, എഴുകോൺ ഇന്ത്യൻ ഓവർസീസ് ബാങ്ക് ഒദ്യേഗസ്ഥർ, കൊട്ടാരക്കര തഹസീൽദാർ നിർമ്മൽകുമാർ, ഡെപ്യൂട്ടി തഹസീൽദാർ അജേഷ്, പോലീസ്, താലൂക്ക് ഓഫീസ് ജീവനക്കാരായ അരുൺകുമാർ, സുനിൽ, സന്തോഷ്കുമാർ, ഷിബു എന്നിവരും പങ്കെടുത്തു. പുത്തൂർ, കൊട്ടാരക്കര ബ്രാഞ്ചുകളിൽ പരിശോധന നടന്നു വരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് ബ്രാഞ്ചുകളിലും പരിശോധന തുടരുമെന്ന് റവന്യു വിഭാഗം അറിയിച്ചു.