ഹൈടെക് ഡയറി പ്ലാന്‍റും ഹാച്ചറി കോംപ്ലക്‌സും! സമാനതകളില്ലാത്ത നേട്ടങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്
Saturday, February 27, 2021 11:30 PM IST
കൊ​ല്ലം: പ്ര​ള​യ​വും മ​ഹാ​മാ​രി​യും സൃ​ഷ്ടി​ച്ച പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ട്ട് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നേ​ട്ടം കൈ​വ​രി​ച്ചി​രി​ക്കു​ക​യാ​ണ് ജി​ല്ല​യി​ലെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. കു​ര്യോ​ട്ടു​മ​ല​യി​ല്‍ ഹൈ​ടെ​ക് ഡ​യ​റി പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് ഇ​തി​ല്‍ ഏ​റെ പ്രാ​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്നു. 13.5 കോ​ടി ചി​ല​വി​ല്‍ പൂ​ര്‍​ത്തി​യാ​യ പ​ദ്ധ​തി മു​ഖേ​ന പ്ര​തി​ദി​നം 1200 ലി​റ്റ​ര്‍ പാ​ലാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. 35 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ ന​വീ​ക​രി​ച്ച് ഫാം ​ടൂ​റി​സം കേ​ന്ദ്ര​മാ​യി ഇ​വി​ടം മാ​റ്റാ​നും ല​ക്ഷ്യ​മി​ടു​ന്നു. ഹാ​ച്ച​റി യൂ​ണി​റ്റ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 5.7 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ഹൈ​ടെ​ക് ഷെ​ഡു​ക​ള്‍ നി​ര്‍​മി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 32 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ ഹാ​ച്ച​റി കോം​പ്ല​സ് വി​പു​ലീ​ക​രി​ച്ചു.

ക​രു​നാ​ഗ​പ്പ​ള്ളി, പു​ന​ലൂ​ര്‍ വെ​റ്റി​ന​റി പോ​ളി​ക്ലി​നി​ക്കു​ക​ളെ 24 മ​ണി​ക്കൂ​ര്‍ സേ​വ​നം ന​ല്‍​കു​ന്ന ആ​ശു​പ​ത്രി​ക​ളാ​ക്കി ഉ​യ​ര്‍​ത്തി. ഇ​തോ​ടൊ​പ്പം ജി​ല്ല​യി​ലെ വി​വി​ധ മൃ​ഗാ​ശു​പ​ത്രി​ക​ള്‍​ക്കാ​യി പു​തി​യ കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് ജി​ല്ല​യി​ലെ 45 നാ​ട്ടാ​ന​ക​ള്‍​ക്കും 1321 ഉ​രു​ക്ക​ള്‍​ക്കും സൗ​ജ​ന്യ ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കി. 7.25 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ 40 ദി​വ​സ​ത്തേ​ക്കാ​ണ് ആ​ന​ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കി​യ​ത്. കോ​വി​ഡ് ബാ​ധി​ത​രാ​യ ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​വ​രു​ടെ പ​ശു​ക്ക​ള്‍​ക്ക് തീ​റ്റ വാ​ങ്ങു​ന്ന​തി​നാ​യി 37.23 ല​ക്ഷം രൂ​പ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചു. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യും ജ​ന​പ്രി​യ വി​ക​സ​ന ന​യ​ങ്ങ​ള്‍ രൂ​പീ​ക​രി​ച്ചു.
പ്ര​ള​യ​ത്തി​ല്‍ ജീ​വ​ഹാ​നി സം​ഭ​വി​ച്ച മൃ​ഗ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​രാ​യ ക​ര്‍​ഷ​ക​ര്‍​ക്ക് 2018 ല്‍ 20 ​ല​ക്ഷം രൂ​പ​യും 2019 ല്‍ 1.11 ​ല​ക്ഷം രൂ​പ​യും ല​ഭ്യ​മാ​ക്കി. വൈ​ദ്യു​താ​ഘാ​തം, അ​പ​ക​ട​മ​ര​ണം, സൂ​ര്യാ​ഘാ​തം തു​ട​ങ്ങി മ​റ്റ് പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ല്‍ ന​ഷ്ടം സം​ഭ​വി​ച്ച ക​ര്‍​ഷ​ക​ര്‍​ക്ക് ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ല്‍ നി​ന്നും 2018-19 ല്‍ 9.21 ​ല​ക്ഷം രൂ​പ​യും 2019-20 കാ​ല​യ​ള​വി​ല്‍ 24 ല​ക്ഷം രൂ​പ​യും ന​ല്‍​കി. 2018 ല്‍ ​വെ​ള്ള​പൊ​ക്കം ബാ​ധി​ച്ച 29 പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് ലൈ​വ് ലി​ഹു​ഡ് പാ​ക്കേ​ജ് ഇ​ന്‍ ആ​നി​മ​ല്‍ ഹ​സ്ബ​ന്‍​ഡ​റി സെ​ക്ട​റി​ന്‍റെ ഭാ​ഗ​മാ​യി 2.18 കോ​ടി രൂ​പ ചെ​ല​വി​ല്‍ ആ​റ് പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കി​യ​ത്.

പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ന​ട​പ്പി​ലാ​ക്കു​ന്ന ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫ് മോ​ഡ​ല്‍ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ഒ​മ്പ​തി​ട​ത്ത് ന​ട​പ്പാ​ക്കി. ജി​ല്ല​യി​ലെ എ​ട്ട് ബ്ലോ​ക്കു​ക​ളി​ലും കോ​ര്‍​പ്പ​റേ​ഷ​നി​ലു​മാ​യി ഒ​മ്പ​ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രാ​ത്രി​കാ​ല മൃ​ഗ ചി​കി​ത്സാ സേ​വ​നം ഏ​ര്‍​പ്പെ​ടു​ത്തി. മൊ​ബൈ​ല്‍ ടെ​ലി വെ​റ്റി​ന​റി യൂ​ണി​റ്റി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു കോ​ടി രൂ​പ ചെ​ല​വി​ല്‍ ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വീ​ണു കി​ട​ക്കു​ന്ന മൃ​ഗ​ങ്ങ​ളെ ഉ​യ​ര്‍​ത്താ​നു​ള്ള ലി​ഫ്റ്റി​ങ് ഡി​വൈ​സ്, എ​ക്സ് റേ ​യൂ​ണി​റ്റ്, ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​ര്‍, ല​ബോ​റ​ട്ട​റി എ​ന്നി​വ ഉ​ള്‍​പ്പ​ടെ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ആം​ബു​ല​ന്‍​സ് അ​ത്യാ​ഹി​ത ഘ​ട്ട​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക​രു​ടെ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തും.

വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ മൃ​ഗ​സ്‌​നേ​ഹം വ​ള​ര്‍​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ റൂ​റ​ല്‍ ബാ​ക്യാ​ര്‍​ഡ് പൗ​ള്‍​ട്ട​റി ഡെ​വ​ല​പ്‌​മെ​ന്‍റ്് പ്രോ​ജ​ക്റ്റ് ത്രൂ ​സ്‌​കൂ​ള്‍​സ് എ​ന്ന പ​ദ്ധ​തി മു​ഖേ​ന 1.05 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ജി​ല്ല​യി​ല്‍ 312 യൂ​ണി​റ്റു​ക​ള്‍ അ​നു​വ​ദി​ച്ചു. ഇ​തോ​ടൊ​പ്പം 14 സ്‌​കൂ​ളു​ക​ളി​ല്‍ ആ​നി​മ​ല്‍ വെ​ല്‍​ഫെ​യ​ര്‍ ക്ല​ബ് സ്ഥാ​പി​ച്ചു.

ഗോ​ട്ട് സാ​റ്റ​ലൈ​റ്റ് യൂ​ണി​റ്റി​ന്‍റെ ഭാ​ഗ​മാ​യി 425 യൂ​ണി​റ്റു​ക​ള്‍ ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ചു. 88.25 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് അ​ഞ്ച് പെ​ണ്ണാ​ടും ഒ​രു മു​ട്ട​നാ​ടും അ​ട​ങ്ങു​ന്ന യൂ​ണി​റ്റു​ക​ള്‍ സ്ഥാ​പി​ച്ച​ത്. 7.35 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ഓ​ണ്‍ കോ​മേ​ഷ്യ​ല്‍ ഗോ​ട്ട​റി പ​ദ്ധ​തി​യി​ലൂ​ടെ വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ട് വ​ള​ര്‍​ത്താ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി. ക​ര്‍​ഷ​ക പ​ങ്കാ​ളി​ത്ത​ത്തോ​ടു കൂ​ടി​യു​ള്ള വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ സാ​ധി​ച്ചു​വെ​ന്ന​താ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​ട്ട​മെ​ന്ന് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഓ​ഫീ​സ​ര്‍ ഡോ. ​ഡി സു​ഷ​മ​കു​മാ​രി പ​റ​ഞ്ഞു.