കരുനാഗപ്പള്ളിയിൽ സ്വീകരണം നൽകി
കരുനാഗപ്പള്ളി : ഗാന്ധിയൻ - നെഹ്റു മൂല്യങ്ങളെ മറന്ന് കോൺഗ്രസ് ബിജെപിയ്ക്ക് അടിപ്പെട്ടതായി സിപിഐ അഖിലേന്ത്യാ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫിന്റെ വികസന മുന്നേറ്റജാഥയ്ക്ക് കരുനാഗപ്പള്ളിയിൽ നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ബിജെപി- കോൺഗ്രസ് സഖ്യം പൂർണമായ അർഥത്തിൽ പ്രവർത്തിക്കുന്നു. മഹാത്മാഗാന്ധിയുടെയും നഹ്റുവിന്റേയും മൂല്യങ്ങളെ കോൺഗ്രസ് സമ്പൂർണമായി മറന്നു. ആശയപരമായും അവർ ബിജെപിയ്ക്ക് അടിപ്പെട്ടു കഴിഞ്ഞു. സ്വന്തം സർക്കാരുകളെ ബിജെപിയ്ക്കുവേണ്ടി ബലികൊടുക്കാൻ കോൺഗ്രസിന് ഒരുമടിയുമില്ല. അവസാനമായി പുതുച്ചേരിയിലും കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലെത്തി. രാഹുൽഗാന്ധിപോലും പുതുച്ചേരിയിലേക്ക് തിരിഞ്ഞുനോക്കുന്നില്ല.
ബിജെപിയ്ക്കുവേണ്ടി വഴിമാറിക്കൊടുക്കുന്നതാണ് തങ്ങളുടെ കടമയെന്ന് കോൺഗ്രസ് ചിന്തിക്കുന്ന അവസ്ഥയിലെത്തി. മധ്യപ്രദേശിലും ഗോവയിലും മണിപ്പൂരിലുമെല്ലാം ഇതാണ് സംഭവിച്ചത്. യുഡിഎഫിന്റെ ജാഥയിലെങ്ങും ബിജെപിയ്ക്കെതിരെ ഒരു വാക്കുപോലും പറയില്ല. വരാൻ പോകുന്ന ബിജെപി യാത്രയിലും ഇതായിരിക്കും അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
എൽ ഡി എഫ് മണ്ഡലം ചെയർമാൻ പി ആർ വസന്തൻ അധ്യക്ഷനായി. കൺവീനർ ആർ സോമൻ പിള്ള , ജാഥാ അംഗങ്ങളായ എം വി ഗോവിന്ദൻ മാസ്റ്റർ, പി വസന്തം, എ എം ആരിഫ് എം പി, ആർ രാമചന്ദ്രൻ എം എൽ എ, എൽ ഡി എഫ് നേതാക്കളായ സൂസൻകോടി, സി രാധാമണി, പ്രസന്ന ഏണസ്റ്റ്, പി കെ ബാലചന്ദ്രൻ, പി ബി സത്യദേവൻ, ജെ ജയകൃഷ്ണപിള്ള, വിജയമ്മാലാലി, റജി ഫോട്ടോപാർക്ക്, അബ്ദുൽ സലാം അൽഹന, സദാനന്ദൻ കരിമ്പാലിൽ, ഷിഹാബ് എസ് പൈനുംമൂട്, സൈനുദ്ദീൻ, ബി ഗോപൻ, സക്കീർ, രാജു, സക്കീർ, കണ്ണാടിയിൽ നസീർ തുടങ്ങിയവർ പങ്കെടുത്തു. മണ്ഡല അതിർത്തിയായ കല്ലുകടവിൽ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ സ്വീകരിച്ചു.
കരുനാഗപ്പള്ളി മാർക്കറ്റിൽ എ എം ആരിഫ് എം പി, ആർ രാമചന്ദ്രൻ എം എൽ എ എന്നിവരുടെ നേതൃത്വത്തിൽ ജാഥാ ക്യാപ്റ്റനെ തുറന്ന ജീപ്പിൽ വരവേറ്റ് ജാഥാ കേന്ദ്രത്തിലെത്തിച്ചു. മുൻ എംഎൽഎ ബി രാഘവന്റെ മരണത്തെ തുടർന്ന് വാദ്യമേളങ്ങൾ ഉൾപ്പടെയുള്ള ആഘോഷങ്ങൾ പ്രകടനത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിച്ചാണ് പരിപാടി ആരംഭിച്ചത്.