കൊട്ടാരക്കര: മികവിന്റെ കേന്ദ്രമായ സദാനന്ദപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിനെ തേടി അർഹതയ്ക്ക് അംഗീകാരമായി സംസ്ഥാന സർക്കാരിന്റെ മൂന്നു അവാർഡുകൾ എത്തിയപ്പോൾ നാടിന് ആഹ്ളാദം.
സമൂഹത്തിന്റെ സമസ്ത മേഖലകളിലും എട്ടു പതിറ്റാണ്ടായി ഒട്ടനവധി പ്രതിഭാധനരെ വാർത്തെടുത്ത സരസ്വതി ക്ഷേത്രത്തിലേക്ക് അനുമോദന പ്രവാഹം. പൂർവ വിദ്യാർഥികൾ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, വിദ്യാഭ്യാസ അധികൃതർ, കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സ്്കൂളിലെത്തി അനുമോദനങ്ങൾ അറിയിച്ചു.
പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ പ്രവർത്തിക്കുന്ന മേഖലയിലെ ഏക വിദ്യാലായമായ സദാനന്ദപുരം സ്്കൂളിന് കാർഷിക രംഗത്തെ മികവാർന്ന പ്രവർത്തനങ്ങൾക്കാണ് കഴിഞ്ഞ ദിവസം മൂന്ന് അവാർഡുകൾ പ്രഖ്യാപിച്ചത്. എസ് എസ്എൽസി പരീക്ഷയിൽ തുടർച്ചയായി അറു തവണ നൂറുമേനി കൊയ്ത് ഡബിൾ ഹാട്രിക് പട്ടവും ഹയർ സെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയവും നേടുന്ന സ്്കൂളിന് സർക്കാർ അവാർഡുകൾ ഇരട്ടി മധുരമായി.
സംസ്ഥാനത്തെ ഏറ്റവും മികച്ച ഒന്നാമത്തെ സ്കൂൾ, മികച്ച അധ്യാപകനായി ബി.മോഹൻലാൽ, മികച്ച കുട്ടി കർഷകൻ എ.എസ്.അഭിരാം കൃഷ്ണ എന്നിവർക്കാണ് പുരസ്കാരങ്ങളാണ് ലഭിച്ചത്. വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹർഷകുമാർ, ജില്ലാ പഞ്ചായത്തംഗം ബ്രിജേഷ് ഏബ്രഹാം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.അജി, ബെൻസി ചാക്കോ, ഗ്രാമപഞ്ചായത്തംഗം രാമചന്ദ്രൻപിള്ള എന്നിവർ സ്്കൂളിലെത്തി ആഹ്ളാദം പങ്കിട്ടു.
അവാർഡ് ജേതാക്കളെ കൃഷി ഡെപ്യൂട്ടി ഡയറക്ടർ മോഹൻ ശങ്കർ സ്്കൂളിലെത്തി ആദരിച്ചു. വെട്ടിക്കവല കൃഷി ഓഫീസർ എൻ.ടി.സോണിയ, കൃഷി അസിസ്റ്റൻഡ് പി.ഓമനക്കുട്ടി എന്നിവർ പ്രസംഗിച്ചു.
അധ്യാപക രക്ഷകർത്തൃസമിതി യോഗം അവാർഡ് ജേതാക്കളെ അനുമോദിച്ചു. പിടിഎ പ്രസിഡന്റ് ടി.എസ്.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.രാജൻ, എസ്എംസി ചെയർമാൻ ഷാജി ചെമ്പകശേരി, പ്രിൻസിപ്പാൾ എം.എസ്.അനിത, ഹെഡ്മിസ്ട്രസ് പി.എസ്.ഗീത അധ്യാപകരായ ബി.സുരാജ്, കെ.ഒ.രാജുക്കുട്ടി, നിർവാഹക സമിതി അംഗങ്ങളായ എസ്.കെ.അജയകുമാർ, ആർ.സുദർശനൻ, എ.കമലമ്മ എന്നിവർ പ്രസംഗിച്ചു.
സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന അനുമോദന സമ്മേളനത്തിൽ സെക്രട്ടറി കെ.ചന്ദ്രഭാനു, ജി.അനിൽകുമാർ, ഏലിയാമ്മ ജോൺ, ഗീതാമണി, പി.മിനി, ആർ.എം.ലക്ഷ്മിദേവി,എസ്.ജയ, സി.ഗിരിജ,ആർ.ലീന, ബി.പ്രകാശ്, ശാന്തി, സുമ,രജിത എന്നിവർ പ്രസംഗിച്ചു.