കരുനാഗപ്പള്ളി: ബജറ്റിൽ കരുനാഗപ്പള്ളിക്ക് സമഗ്ര വികസനം. നിരവധി പദ്ധതികൾക്ക് അംഗീകാരം. തഴവയിൽ പോലീസ് സ്റ്റേഷൻ, കരുനാഗപ്പള്ളിയിൽ ഗവ. ഐ ടി ഐ യും ബൈപാസും.
എൽ ഡി എഫ് സർക്കാരിന്റെ അവസാന ബജറ്റിൽ മണ്ഡലത്തിലെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾക്ക് ആണ് അംഗീകാരം നൽകിയത്. വിവിധ പഞ്ചായത്തുകൾക്കായുള്ള 125 കോടി രൂപയുടെ സംയോജിത ഗ്രാമീണ കുടിവെള്ള പദ്ധതിക്ക് ബജറ്റ് അംഗീകാരം നൽകി. ഇതിന്റെ സർവേ നടപടികൾ ഇതിനകം തുടങ്ങിയിട്ടുണ്ട്. ഏറെ നാളായുള്ള ആവശ്യമായ തഴവയിലെ പോലീസ് സ്റ്റേഷനും ബജറ്റിൽ അംഗീകാരം ലഭിച്ചു.
കരുനാഗപ്പള്ളിയിൽ സ്ഥാപിക്കുന്ന ഗവ. ഐ ടി ഐയാണ് മറ്റൊരു പ്രധാന പദ്ധതി. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ടൗണിൽ ബൈപാസ്, സ്പോർട്സ് കോംപ്ലക്സ്, വട്ടക്കായൽ - ടി എസ് കനാൽ ടൂറിസം പദ്ധതി. വട്ടക്കായലിനു ചുറ്റും നടപ്പാത, ആലപ്പാട് ഏഴാം വാർഡിൽ മിനി സ്റ്റേഡിയം, പോലീസ് സ്റ്റേഷനിൽ ഫ്ലാറ്റ് മാതൃകയിൽ ക്വാട്ടേഴ്സ്, ഓച്ചിറയിൽ ക്ഷീര വികസന വകുപ്പിന് ഓഫീസ് കോംപ്ലക്സ്, ഐഎച്ച്ആർഡി എഞ്ചിനിയറിംഗ് കോളേജിന് അക്കാദമിക് ബ്ലോക്കും ചുറ്റുമതിലും, ഓച്ചിറ സി എച്ച് സി യിൽ ഐപി ബ്ലോക്ക്, ആലപ്പാട് സി എച്ച്സിയ്ക്ക് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയ്ക്കും ബജറ്റ് അംഗീകാരം നൽകി.
ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിന് ചുറ്റുമതിൽ നിർമിക്കാൻ 20 ലക്ഷം രൂപ ടോക്കൺ അഡ്വാൻസായി മാറ്റി വച്ചിട്ടുമുണ്ടെന്ന് ആർ രാമചന്ദ്രൻ എം എൽ എ പറഞ്ഞു. തൊടിയൂരിലെ ചേലക്കോട്ടുകുളങ്ങര-വലിയതുറക്കടവ് പാലത്തിനും ബജറ്റ് അംഗീകാരമായി.
മറ്റു പദ്ധതികൾ
ആധുനിക നിലവാരത്തിൽ ( ബി എം ആന്റ് ബിസി) നിർമിക്കുന്ന റോഡുകൾ:
ചങ്ങൻകുളങ്ങര-തോട്ടത്തിൽ മുക്കു് റോഡ്, വവ്വാക്കാവ് - വള്ളിക്കാവ് റോഡ്, എവിഎച്ച്എസ്- കണ്ണമ്പള്ളി പടീറ്റതിൽ റോഡ്, ക്ലാപ്പന എസ് വി എച്ച് എസ് എസ് - ആലുംകടവ് റോഡ്, ഓച്ചിറ - ആയിരംതെങ്ങ് - പള്ളിമുക്ക് - മഞ്ഞാടിമുക്ക് റോഡ്
പുതിയതായി കെട്ടിടങ്ങൾ നിർമ്മിക്കുന്ന സ്കൂളുകൾ: ഗവ. മുസ്ലീം എൽ പി എസ് കരുനാഗപ്പള്ളി, ഗവ.വെൽഫയർ സ്കൂൾ നമ്പരുവികാല, പടനായർകുളങ്ങര തെക്ക് വെൽഫയർ യു പി എസ്, തൊടിയൂർ നോർത്ത് ഗവ.എൽ പി എസ്, തഴവ നോർത്ത് ഗവ.എൽപിഎസ്, പുന്നക്കുളം സംസ്കൃത യുപിഎസ്.
ആലപ്പാട് പഞ്ചായത്തിൽ പുലിമുട്ടുകൾ സ്ഥാപിക്കുന്ന സ്ഥലങ്ങൾ: ശ്രായിക്കാട്, ചെറിയഴീക്കൽ, പണ്ടാരതുരുത്ത് എൽപിഎസ്, പണിക്കർകടവ്, ചെറിയഴീക്കൽ സിഎഫ് എ ഗ്രൗണ്ട്, മൂക്കംപുഴ ക്ഷേത്രം, വെള്ളനാതുരുത്ത് ക്ഷേത്രം, കാക്കതുരുത്ത്, കുഴിത്തുറ തുടങ്ങി ഒട്ടേറെ വികസന പ്രവർത്തനങ്ങളാണ് ലക്ഷ്യം വെക്കുന്നത്.