സ്വ​ര്‍​ണ​വ്യാ​പാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ര​ണ്ടാം​പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം
Thursday, November 21, 2019 1:36 AM IST
കാ​സ​ര്‍​ഗോ​ഡ്: പ​ഴ​യ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ന​ല്‍​കാ​നെ​ന്ന പേ​രി​ല്‍ സ്വ​ര്‍​ണ​വ്യാ​പാ​രി​യെ വി​ളി​ച്ചു​വ​രു​ത്തി കൊ​ല​പ്പെ​ടു​ത്തി കി​ണ​റ്റി​ല്‍ ത​ള്ളി​യ കേ​സി​ല്‍ ര​ണ്ടു പ്ര​തി​ക​ള്‍​ക്ക് ത​ട​വും പി​ഴ​യും.
ത​ള​ങ്ക​ര ക​ട​വ​ത്ത് സ്വ​ദേ​ശി​യും വി​ദ്യാ​ന​ഗ​ര്‍ ചേ​റ്റും​കു​ഴി​യി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ മ​ന്‍​സൂ​ര്‍ അ​ലി (55) യെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ര​ണ്ടാം​പ്ര​തി ക​ര്‍​ണാ​ട​ക ബ​ണ്ട്വാ​ള്‍ മീ​ത്ത​ന​ടു​ക്ക​യി​ലെ അ​ബ്ദു​ൾ സ​ലാം (30), മൂ​ന്നാം പ്ര​തി ക​ര്‍​ണാ​ട​ക ഹാ​സ​ന്‍ സ്വ​ദേ​ശി രം​ഗ​ണ്ണ (45) എ​ന്നി​വ​രെ ശി​ക്ഷി​ച്ച​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി ത​മി​ഴ്‌​നാ​ട് പു​തു​ക്കോ​ട്ട അ​ത്താ​ണി അ​ഗ്ര​ഹാ​ര കോ​ള​നി​യി​ലെ മു​ത്തു എ​ന്ന മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് (45) വി​ചാ​ര​ണ​യ്ക്കി​ട​യി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു.
ര​ണ്ടാം പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​നത​ട​വും 75,000 രൂ​പ പി​ഴ​യും മൂ​ന്നാം പ്ര​തി​ക്ക് അ​ഞ്ചു വ​ര്‍​ഷം ക​ഠി​ന​ത​ട​വും 50000 രൂ​പ പി​ഴ​യു​മാ​ണ് കാ​സ​ര്‍​ഗോ​ഡ് അ​ഡീ. സെ​ഷ​ന്‍​സ് ജ​ഡ്ജ് ടി.​കെ. നി​ര്‍​മ​ല​യു​ടെ ശി​ക്ഷാ​വി​ധി. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ടാംപ്ര​തി ഒ​രു​വ​ര്‍​ഷ​വും മൂ​ന്നാംപ്ര​തി ആ​റു​മാ​സ​വും അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ഒ​ന്നാം​പ്ര​തി​യെ വീ​ണ്ടും പി​ടി​കൂ​ടു​ന്ന മു​റ​യ്ക്ക് വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ തു​ട​രും.
ര​ണ്ടാം പ്ര​തി പി​ഴ​യ​ട​ച്ചാ​ല്‍ അ​തി​ല്‍ നി​ന്ന് 50,000 രൂ​പ​യും മൂ​ന്നാം പ്ര​തി പി​ഴ​യ​ട​ച്ചാ​ല്‍ അ​തി​ല്‍ നി​ന്ന് 25,000 രൂ​പ​യും കൊ​ല്ല​പ്പെ​ട്ട മ​ന്‍​സൂ​ര്‍ അ​ലി​യു​ടെ ഭാ​ര്യ​യ്ക്ക് ന​ല്‍​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.
2017 ജ​നു​വ​രി 25 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ​ഴ​യ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങി വി​ല്‍​ക്കു​ന്ന ബി​സി​ന​സ് ന​ട​ത്തു​ന്ന മ​ന്‍​സൂ​ര്‍ അ​ലി​യെ പ്ര​തി​ക​ള്‍ ഉ​പ്പ​ള​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യും തു​ട​ര്‍​ന്ന് ആ​ഭ​ര​ണ​ങ്ങ​ള്‍ ന​ല്‍​കാ​നെ​ന്ന പേ​രി​ല്‍ വാ​ഹ​ന​ത്തി​ല്‍ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി വി​ജ​ന​മാ​യ സ്ഥ​ല​ത്തു​വ​ച്ച് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് അ​ലി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 2,40,000 രൂ​പ​യും മൊ​ബൈ​ല്‍ ഫോ​ണും കൈ​ക്ക​ലാ​ക്കി​യശേ​ഷം മൃ​ത​ദേ​ഹം മു​ളി​ഗ​ദ്ദെ എ​ന്ന സ്ഥ​ല​ത്തി​നു സ​മീ​പം പൊ​ട്ട​ക്കി​ണ​റ്റി​ല്‍ ത​ള്ളു​ക​യാ​യി​രു​ന്നു. കേ​സ് വി​ചാ​ര​ണവേ​ള​യി​ല്‍ 64 രേ​ഖ​ക​ളും 70 തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി​യി​രു​ന്നു. സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ സി.​കെ. ശ്രീ​ധ​ര​നാ​ണ് പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി ഹാ​ജ​രാ​യ​ത്.