പരപ്പ: ആരോഗ്യ ജാഗ്രതാ -പകര്‍ച്ചാവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലായിരുത്തുന്നതിന്റെ ഭാഗമായി പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അവലോകനയോഗം ചേര്‍ന്നു. ജില്ലയില്‍ മലയോര മേഖലകളിലെ പഞ്ചായത്തുകളില്‍ ഡെങ്കിപ്പനി, എലിപ്പനി റിപ്പോര്‍ട്ട് ചെയ്തു വരുന്ന സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. അവലോകന യോഗത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.ടി.മനോജ് വിഷയാവതരണം നടത്തി.
യോഗത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ബ്ലോക്ക് അടിസ്ഥാനത്തിലുള്ള പകര്‍ച്ചവ്യാധികളുടെ വാര്‍ഡ്, പഞ്ചായത്ത് തിരിച്ചുള്ള കണക്കുകള്‍ നിലവിലെ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തി. വീടുകള്‍, സ്ഥാപനങ്ങള്‍, തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് കൊതുകിന്റെ ഉറവീട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. വാര്‍ഡ് തല ആരോഗ്യ അവലോകനയോഗങ്ങള്‍, ആരോഗ്യസേന പ്രവര്‍ത്തനങ്ങള്‍ ഉര്ജ്ജിതപ്പെടുത്തും. തോട്ടം ഉടമകളുടെ, റബര്‍ പ്ലാന്റേഷന് ഉടമകളുടെ യോഗം ചേരും.
വാര്‍ഡ് തല ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങളില്‍ ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍, പുരുഷസ്വയം സഹായ സംഘങ്ങള്‍, സ്കൂള്‍ കോളേജ് തലങ്ങളിലുള്ള എന്‍എസ്എസ് സ്റ്റുഡന്റ്സ്, എസ്പിസി, കുടുംബശ്രീ, അയല്‍ക്കൂട്ടം ഇത്തരം ആളുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തും. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള മുഴുവന്‍ പഞ്ചായത്തുകളിലും കാമ്പയിന് രീതിയില്‍ വിവിധ ശുചിത്വ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കും.
സ്കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍, അങ്കണവാടികള്‍, കോളജുകള്‍ എന്നിവിടങ്ങളിലെ കിണറുകളിലെ ക്ലോറിനേഷന് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും.
ഉത്സവങ്ങള്‍ ആഘോഷങ്ങള്‍ ഭക്ഷണ വിതരണം ചെയ്യുന്ന എല്ലാ ചടങ്ങുകളിലും ഭക്ഷണ നിര്‍മ്മാണ വിതരണ ശുചിത്വം ഉറപ്പാക്കുന്നതിനായി മുന്‍കൂട്ടി ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടുന്ന നടപടികള്‍ സ്വീകരിക്കും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഡോക്സി കോര്‍ണറുകള്‍ സജ്ജീകരിക്കും. ആരോഗ്യ സ്ഥാപനങ്ങളില്‍ ഒ ആര് എസ് ലഭ്യത ഉറപ്പുവരുത്തും. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഉര്ജിതപ്പെടുത്തും.
യോഗത്തില്‍ കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, വിവിധ പഞ്ചായത്തുകളിലെ വൈസ് പ്രസിഡന്റുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, മറ്റു ജനപ്രതിനിധികള്‍, ജില്ലാ വെക്റ്റര്‍ കോണ്‍ട്രോളിംഗ് ഓഫീസര്‍ വി.സുരേശന്, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ഡിവിസി യൂണിറ്റ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.വേണുഗോപാലന്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്.സയന, വെറ്റിനറി ഡോക്ടര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.