കാസർഗോഡ്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുകയാണെന്നും സാഹചര്യം മോശമാണെന്നും അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ സ്വാഗത് ഭണ്ഡാരി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയിലെ കണക്ക് പരിശോധിച്ചാല്‍ രോഗികളുടെ എണ്ണം കുത്തനെ കൂടി. കോവിഡ് വ്യാപനത്തിന്റെ സൂചന നല്കി ജില്ലയില്‍ ടിപിആര്‍ (ടോട്ടല്‍ പോസിറ്റിവിറ്റി റേറ്റ്) കൂടുകയാണ്. കഴിഞ്ഞ ആഴ്ചകളെക്കാള്‍ ഏറ്റവും ഉയര്‍ന്ന ടിപിആര്‍ ആണ് ബുധനാഴ്ച രേഖപ്പെടുത്തിയത് (29.3 ശതമാനം). കോവിഡ് പരിശോധന നടത്തിയ 2,069 പേരില്‍ 606 പേര് പോസിറ്റീവായി. കാസര്‍ഗോഡ് നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പേരെ പരിശോധിച്ചത്. പരിശോധിച്ച 400 പേരില്‍ 118 പേര് പോസിറ്റീവായി (ടിപിആര്‍ 29.5 %). കാഞ്ഞങ്ങാട് നഗരസഭയില്‍ 139 പേരെ പരിശോധിച്ചതില്‍ 42 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു (ടിപിആര്‍ 30.2 %). 128 പേരെ പരിശോധിച്ച ചെമ്മനാട് പഞ്ചായത്തില്‍ 32 പേര്‍ക്കും പോസിറ്റീവായി (ടിപിആര്‍ 25 %). ചെങ്കള പഞ്ചായത്തില്‍ പരിശോധിച്ച 106 പേരില്‍ 27 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു (ടിപിആര്‍ 25.5 %).
ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച് വരികയാണെന്നും അതിനനുസരിച്ച് ടിപിആറും വര്‍ധിക്കുന്നതായി ഡിഎംഒ കെ.ആര്. രാജന് വ്യക്തമാക്കി. ജില്ലയിലെ മൂന്ന് കോവിഡ് ആശുപത്രികളിലായുള്ള 220 കിടക്കളില്‍ 38.63 ശതമാനത്തിലാണ് രോഗികളുള്ളത്. സിഎഫ്എല്‍ടിസികള്‍ സജ്ജമാണ്. 40 ഐസിയു കിടക്കകള്‍ തയാറാക്കിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും ബ്ലോക്കുകളിലും സിഎഫ്എല്‍ടിസികള്‍ക്കായി സൗകര്യങ്ങള്‍ കണ്ടെത്തിവയ്ക്കാനും ആവശ്യമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഉപയോഗിക്കാന്‍ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായി യോഗത്തില്‍ ഡിഎംഒ പറഞ്ഞു. ഓക്സിജന്‍, ഐസിയു ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും തയാറാക്കിവയ്ക്കാന്‍ താഴെത്തട്ടിലേക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ ആക്ടീവ് കേസുകളില്‍ 30 മുതല്‍ 40 ശതമാനം വരെ 30 വയസില്‍ താഴെയുള്ളവരാണ്. അതുകൊണ്ടുതന്നെ ചില കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് ചില ക്ലസ്റ്ററുകള്‍ രൂപം കൊള്ളുന്നുണ്ടെന്നും ഇത് തടയാനായി വിദ്യാഭ്യാസ വകുപ്പിനും ഫീല്‍ഡ് തലത്തിലും നിര്‍ദേശം നല്‍കിയതായി ഡിഎംഒ പറഞ്ഞു.
സ്കൂളുകളിലെ വാക്സിനേഷന് ഇതുവരെ 52.28 ശതമാനം പൂര്‍ത്തിയാക്കി. ജില്ലയില്‍ ആവശ്യത്തിനുള്ള വാക്സിന് സ്റ്റോക്കുണ്ടെന്ന് വാക്സിന് നോഡല്‍ ഓഫീസര്‍ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസ് നല്കാന് സിവില്‍ സ്റ്റേഷനില്‍ ഇന്നു പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. ടിപിആര്‍ 30 ശതമാനത്തില്‍ കൂടുതലായാല്‍ ജില്ലയില്‍ കടുത്ത നിയന്ത്രണം വേണ്ടിവരും. പൊതുഇടങ്ങളില്‍ ആളുകള്‍ സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടുന്നത് തടയാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം വിളിക്കാന്‍ കളക്ടർ നിര്‍ദേശിച്ചു.
ടോട്ടല്‍ പോസിറ്റിവിറ്റി റേറ്റ് കൂടിയതോടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. മുന്‍സിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും വാര്‍ഡ്തല ജാഗ്രതാ സമിതികളും ആര്‍ആര്‍ടികളും പ്രവര്‍ത്തനം ശക്തമാക്കും. വീടുകളില്‍ കഴിയുന്ന രോഗികളെ പ്രത്യേകം ശ്രദ്ധിച്ച് ക്വാറന്റൈന് പാലിക്കുന്നത് ഉറപ്പുവരുത്തും. വിദ്യാര്‍ഥികളും വയോജനങ്ങളും ഉള്‍പ്പെടുന്ന ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് ജാഗ്രതയോടെ ശ്രദ്ധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,അപ്പാര്‍ട്മെന്റ് സമുച്ചയങ്ങള്‍, സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, കടകള്‍, ക്ലബുകള്‍, മാളുകള്‍ മുതലായവയില്‍ അണുബാധ കൂടുതല്‍ പടരാതിരിക്കാന്‍ കര്‍ശനമായ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. അണുബാധയുടെ വ്യാപനത്തെ നിസാരമായി കാണരുത്. കോവിഡ് നിയന്ത്രണ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കില്ല. പൊതുസ്ഥലങ്ങള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കണമെന്നും, എല്ലാ പൊതുസ്ഥലങ്ങളിലും ജീവനക്കാരും സ്ഥാപന ഉടമകളും സന്ദര്‍ശകരും ഗുണനിലവാരമുള്ള മാസ്കുകള്‍ ഉപയോഗിക്കുന്നത് ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരിലും പോലീസുകാരിലും കോവിഡ് വ്യാപിക്കുന്നത് തടയാന്‍ ജാഗ്രത വേണം. ബസുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും കോവിഡ് മാനദണ്ധങ്ങള്‍ പാലിക്കണം. ബ്രേക് ദി ചെയിന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് കോവിഡ് വ്യാപനത്തെ തടയുന്നതിന് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കാനാണ് ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗ തീരുമാനം. സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശിച്ച കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് പോലീസ്, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ ഉറപ്പ് വരുത്തും. പൊതുചടങ്ങുകളില്‍ പരമാവധി ആളുകളെ കുറയ്ക്കണം. മാസ്ക് കൃത്യമായി ധരിക്കണം. സാമൂഹിക അകലം പാലിക്കണം. മതരാഷ്ട്രീയ സാംസ്കാരിക സാമുദായിക പൊതുപരിപാടികള്‍ പരമാവധി ഓണ്‍ലൈനില്‍ സംഘടിപ്പിക്കണം. നേരിട്ട് സംഘടിപ്പിക്കുകയാണെങ്കില്‍ ആളുകളുടെ എണ്ണം പരമാവധി 50 ആയിരിക്കണം.
ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 20 ല്‍ കൂടുതലുള്ള ജില്ലകളില്‍ അധിക നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഓക്സിജന്‍ പ്ലാന്റുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
668 പേര്‍ക്ക് കോവിഡ്
കാസർഗോഡ്: ജില്ലയില്‍ 668 പേര് കൂടി കോവിഡ് പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 177 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3,198 പേരാണ് ചികിത്സയിലുള്ളത്. വീടുകളില്‍ 7,686 പേരും സ്ഥാപനങ്ങളില്‍ 541 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 8,227 പേരാണ്. പുതിയതായി 1,022 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേയടക്കം പുതിയതായി 2,069 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കയച്ചു. 9,00 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
നീലേശ്വരം നഗരസഭ
നാലാം വാര്‍ഡ്
കണ്ടെയിന്മെന്റ് സോണ്‍
നീലേശ്വരം നഗരസഭയിലെ നാലാം വാര്‍ഡിനെ ഇന്നു മുതല്‍ 26 വരെ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. നീലേശ്വരം നഗരസഭയിലെ പ്രതിവാര ഇന്ഫെക്ഷന് ജനസംഖ്യാ അനുപാതം 10.83 ആണ് (ജനുവരി 12 മുതല്‍ 18 വരെയുള്ള കണക്ക് പ്രകാരം) എന്നാല്‍ ജില്ലയിലെ പഞ്ചായത്ത് വാര്‍ഡുകളില്‍ 10 ല്‍ കൂടുതല്‍ ടിപിആര്‍ ഈ കാലയളവില്‍ ഇല്ല. ടിപിആർ 10നു മുകളില്‍ വരുന്ന എല്ലാ വാര്‍ഡുകളിലും കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് കളക്ടര്‍ക്ക് അധികാരമുണ്ട്.