മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ടു; ഹൊ​സ്ദു​ർ​ഗ് കോ​ട​തി പ​രി​സ​ര​ത്ത് ഓ​ട്ടോ​സ്റ്റാ​ൻ​ഡ് സ്ഥാ​പി​ക്കും
Tuesday, November 30, 2021 12:41 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ർ​ഗ് കോ​ട​തി പ​രി​സ​ര​ത്ത് ഓ​ട്ടോ​റി​ക്ഷാ സ്റ്റാ​ൻ​ഡ് സ്ഥാ​പി​ക്കു​മെ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥി​ന്‍റെ ഇ​ട​പെ​ട​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. കാ​ഞ്ഞ​ങ്ങാ​ട് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ച് ജീ​വി​ക്കു​ന്ന പ​വി​ത്ര​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​മ്മീ​ഷ​ൻ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ര​ണ്ടു​മാ​സ​ത്തി​ന​കം ന​ട​പ​ടി എ​ടു​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം.
കോ​ട​തി പ​രി​സ​ര​ത്ത് ഓ​ട്ടോ​സ്റ്റാ​ൻ​ഡ് സ്ഥാ​പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഹൊ​സ്ദു​ർ​ഗ് കോ​ട​തി സ്പെ​ഷ​ൽ ജ​ഡ്ജി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കോ​ട​തി കോം​പ്ല​ക്സി​നു പു​റ​ത്ത് ഓ​ട്ടോ​സ്റ്റാ​ൻ​ഡ് സ്ഥാ​പി​ക്കു​ന്ന​തി​ൽ വി​രോ​ധ​മി​ല്ലെ​ന്ന് ജ​ഡ്ജി അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി മു​മ്പാ​കെ വി​ഷ​യം സ​മ​ർ​പ്പി​ച്ച് ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.