തളിപ്പറന്പ്: ഇടത് കരുത്തിന്റെ തലപ്പൊക്കമാണ് തളിപ്പറന്പ്. ഒരിക്കലൊഴികെ ചെങ്കൊടിക്കൊപ്പമായിരുന്നു എന്നും ഈ മണ്ഡലം. ഇടതുകോട്ടകളായ പഞ്ചായത്തുകൾ ഉൾപ്പെടുന്ന തളിപ്പറന്പിൽ ഒരുതവണ മാത്രമേ ചെങ്കൊടി താഴ്ത്തി കെട്ടേണ്ടിവന്നിട്ടുള്ളൂ.
തളിപ്പറന്പ്, ആന്തൂർ മുനിസിപ്പാലിറ്റികളും ചപ്പാരപ്പടവ്, കുറുമാത്തൂർ, കൊളച്ചേരി, കുറ്റ്യാട്ടൂർ, മലപ്പട്ടം, മയ്യിൽ, പരിയാരം പഞ്ചായത്തുകളും ഉൾപ്പെടുന്നതാണു മണ്ഡലം. തളിപ്പറന്പ് നഗരസഭയിലും ചപ്പാരപ്പടവ്, കൊളച്ചേരി പഞ്ചായത്തുകളും മാത്രമാണ് യുഡിഎഫിനുള്ളത്. തളിപ്പറന്പ് വിഭജിച്ച് പുതുതായി രൂപീകരിച്ച ആന്തൂർ നഗരസഭയിൽ പ്രതിപക്ഷമില്ല. 28 സീറ്റുകളും സിപിഎമ്മിനാണ്. നേരത്തെ പ്രതിപക്ഷമില്ലാതിരുന്ന മലപ്പട്ടത്തെ ചെങ്കോട്ടയിൽ ചെറിയ വിള്ളൽ വീഴ്ത്താൻ ഇക്കുറി യുഡിഎഫിനായിട്ടുണ്ട്. മലപ്പട്ടത്ത് ഒരു സീറ്റ് നേടി യുഡിഎഫ് പ്രതിപക്ഷ ബഞ്ചിലിടമുറപ്പിച്ചു.
കണക്കുകൂട്ടലുകൾ...
2011 ൽ നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ ജയിംസ് മാത്യു 27,861 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചുകയറി. കേരള കോണ്ഗ്രസ്-എമ്മിനുവേണ്ടി യൂത്ത്ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റായിരുന്ന ജോബ് മൈക്കിളായിരുന്നു എതിരാളി. 2006 ൽ സി.കെ.പി. പത്മനാഭൻ നേടിയ 29,538 വോട്ടിന്റെ ഭൂരിപക്ഷമാണ് ജയിംസ് മാത്യു തിരുത്തിക്കുറിച്ചത്.
രണ്ടാമൂഴത്തിൽ കേരള കോൺഗ്രസ്- എമ്മിലെ രാജേഷ് നന്പ്യാരെ 40,617 വോട്ടിന് പരാജയപ്പെടുത്തി ജയിംസ് മാത്യു എൽഡിഎഫിന്റെ ഭൂരിപക്ഷം പിന്നെയും ഉയർത്തി. തളിപ്പറന്പിൽ 725 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് ലോക്സഭാതെരഞ്ഞെടുപ്പിൽ നേടാനായിരുന്നെങ്കിലും തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തേരോട്ടത്തിൽ ഏറെ പിന്നിലായി. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം 16,735 വോട്ടായിരുന്നു.
ബിജെപിക്ക് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ 14,742 വോട്ടുകളാണ് ലഭിച്ചത്. എന്നാൽ തദ്ദേശതെരഞ്ഞെടുപ്പിൽ തളിപ്പറന്പ് മുനിസിപ്പാലിറ്റിയിൽ മൂന്നു സീറ്റുകളും കൊളച്ചേരി പഞ്ചായത്തിൽ ഒരു സീറ്റും നേടാനായത് ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
സാധ്യതകൾ...
രണ്ടു ടേം പൂർത്തിയാക്കിയ സാഹചര്യത്തിൽ ജയിംസ് മാത്യു ഇക്കുറി മത്സരിച്ചേക്കില്ല. നേരത്തെ യുഡിഎഫിനൊപ്പമായിരുന്ന കേരള കോൺഗ്രസ് ഇപ്പോൾ എൽഡിഎഫ് പാളയത്തിലെത്തിയ സാഹചര്യത്തിൽ ഇവർ മണ്ഡലത്തിന് അനൗദ്യോഗികമായി ആവശ്യപ്പെട്ടെങ്കിലും വിട്ടുകൊടുക്കാൻ സിപിഎം തയാറല്ല. സിപിഎം സംസ്ഥാനസമിതിയംഗം എം.വി. ഗോവിന്ദന്റെ ഭാര്യയും മുൻ ആന്തൂർ മുനിസിപ്പൽ ചെയർപേഴ്സണുമായ പി.കെ. ശ്യാമളയുടെ പേര് പരിഗണനയിലുണ്ട്. എന്നാൽ പ്രവാസിവ്യവസായി സാജന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇവർക്കുപകരം മറ്റൊരാളെ സ്ഥാനാർഥിയാക്കണമെന്ന നിർദേശം പാർട്ടിക്കകത്തുനിന്നുതന്നെ ഉയർന്നിട്ടുണ്ട്. ശ്യാമളയെ മത്സരിപ്പിക്കുന്നില്ലെങ്കിൽ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, എസ്എഫ്ഐ മുൻ ദേശീയ പ്രസിഡന്റായ ഡോ. വി. ശിവദാസൻ എന്നിവരും പരിഗണനാപട്ടികയിലുണ്ട്. തളിപ്പറന്പ് സീറ്റ് ആർക്കുകൊടുക്കണമെന്ന കാര്യത്തിൽ യുഡിഎഫിൽ ധാരണയായിട്ടില്ല. തളിപ്പറന്പ് തങ്ങൾക്കുവേണമെന്ന് ലീഗ് മുന്നണിക്കകത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചിട്ടില്ല. ലീഗാണ് മത്സരിക്കുന്നതെങ്കിൽ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി, സുബൈർ, കൊങ്ങായി മുസ്തഫ എന്നിവർക്ക് സാധ്യതകളുണ്ട്.
ജയിംസ് മാത്യുവിന്റെയും സർക്കാരിന്റെയും വികസന പ്രവർത്തനങ്ങൾ തന്നെയായിരിക്കും മണ്ഡലത്തിൽ സിപിഎം വോട്ടിനായി ഉയർത്തിക്കാട്ടുക. ദേശീയ പാത വികസനം,സ്കൂൾ, ആശുപത്രി, അടിസ്ഥാന സൗകര്യവികസനം, ടൂറിസം, റിവർ ക്രൂയിസ് പദ്ധതികൾ എന്നിവ ജയിംസ് മാത്യുവിന്റെ വികസപദ്ധതികളിൽ പ്രധാനപ്പെട്ടവയാണ്.
മണ്ഡലവഴിയിൽ-തളിപ്പറന്പ്
2016 ലെ തെരഞ്ഞെടുപ്പ് ഫലം
ആകെ വോട്ട് 1,95,668
പോൾ ചെയ്തത് 1,58,816
വിജയി ജയിംസ് മാത്യു
ഭൂരിപക്ഷം 40,617
ജയിംസ് മാത്യു (സിപിഎം) 91,106
രാജേഷ് നന്പ്യാർ (കേരള കോണ്-എം) 50,489
പി. ബാലകൃഷ്ണൻ (ബിജെപി) 14,742
പി.കെ. അയ്യപ്പൻ (ബിഎസ്പി) 675, ഇബ്രാഹിം തിരുവട്ടൂർ (എസ്ഡിപിഐ), 1,323, പി.വി. അനിൽ (തൃണമൂൽ കോണ്ഗ്രസ്), 203, രാജേഷ് കുമാർ (സ്വതന്ത്രൻ), 287, കെ. സദാനന്ദൻ (സ്വതന്ത്രൻ), 288, നോട്ട 8,67.