ഇരിട്ടി: കോൺഗ്രസ് നേതാവിന്റെ വീടിന് നേരേ ബോംബേറ്. കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം വൈസ് പ്രസിഡന്റ് കായപ്പനച്ചിയിലെ എ.വി.രാമകൃ ഷ്ണന്റെ വീടിന് നേരെ ശനിയാഴ്ച രാത്രിയാണ് ബോംബാക്രമണം ഉണ്ടായത്. ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ബൂത്ത് ഏജന്റായിരുന്ന രാമകൃഷ്ണന് നേരെ നിരവധി തവണ സിപിഎം പ്രവർത്തകരിൽ നിന്ന് ഭീഷണിയുണ്ടായിരുന്നതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
വീടിന് നേരെ ഉഗ്രശേഷിയുള്ള ബോംബാണ് എറിഞ്ഞത്. സ്ഫോടനത്തിൽ വീടിന് ഇളക്കം സംഭവിക്കുകയും ജനൽച്ചില്ലുകൾ തകരുകയും ചെയ്തു. ബോംബ് സ്ഫോടനത്തിനു പിന്നിലെ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എ.വി.രാമകൃഷ്ണൻ കാക്കയങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
സംഭവ സ്ഥലം എഐസിസി സെക്രട്ടറി പി.വി.മോഹൻ, സണ്ണി ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ തുടങ്ങിയ നേതാക്കൾ സന്ദർശിച്ചു. ബോംബ് സ്ഫോടനത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് കായിപ്പനച്ചിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയതു.
ഉപതെരഞ്ഞെടുപ്പ് സമയത്ത് ബൂത്ത് ഏജൻറായിരുന്ന രാമകൃഷ്ണനെതിരേ ഭീഷണി മുഴക്കിയവർ തന്നെയാണ് ബോംബ് സ്ഫോടനത്തിന് പിന്നിലെന്നും ഇവരെ അറസ്റ്റു ചെയ്യുവാൻ പോലീസ് തയാറാകണമെന്നും പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎൽഎ ആവശ്യപ്പെട്ടു. കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫ്, എൻ.എം.വർഗീസ് , ചന്ദ്രൻ തില്ലങ്കേരി, സണ്ണി മേച്ചേരി, ബൈജു വർഗീസ്, പൊയിൽ മുഹമ്മദ്, തോമസ് വർഗീസ് , പി .എ.നസീർ, നസീർ നെല്ലൂർ, ജൂബിലി ചാക്കോ, കെ .എം.ഗിരീഷ് കുമാർ, ഒമ്പാൻ ഹംസ, വി.രാജു, സി.കെ.മോഹനൻ, സജിതാ മോഹനൻ, മൊയ്തീൻ പാറക്കണ്ടം തുടങ്ങിയവർ പ്രസംഗിച്ചു.