കാസർഗോഡ്: കോവിഡ് പ്രതിസന്ധിയിലും ജില്ലയില്‍ പാലുത്പാദനത്തില്‍ 35 ശതമാനം വളര്‍ച്ച. 2020 ഏപ്രില്‍ മാസത്തില്‍ ജില്ലയിലെ പ്രതിദിന പാല്‍സംഭരണം 55,263 ലിറ്റര്‍ ആയിരുന്നു. കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ പ്രതിദിന സംഭരണത്തില്‍ 19,196 ലിറ്റര്‍ പാലാണ് ജില്ലയില്‍ കൂടിയത്. 144 ക്ഷീരസംഘങ്ങളില്‍നിന്നായി ഉത്പാദിപ്പിച്ചത് 74458 ലിറ്റര്‍ പാല്. ഏറ്റവും കൂടുതല്‍ പ്രതിദിനപാല്‍ സംഭരണം പരപ്പ ബ്ലോക്കിലാണ്-23,944 ലീറ്റര്‍. ഇവിടെ 42 ക്ഷീരസംഘങ്ങളുണ്ട്. സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികള്‍ക്കൊപ്പം കോവിഡ് ലോക്ഡൗണില്‍ കൂടുതല്‍ പേര് ക്ഷീരകൃഷി മേഖലയിലേക്ക് എത്തിയതും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ ക്ഷീരകര്‍ഷകരെക്കൂടി ഉള്‍പ്പെടുത്തി വായ്പ നല്കിയതും ക്ഷീരമേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകി. പാലുത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്നുള്ളതാണ് ക്ഷീരവികസന വകുപ്പിന്റെ ലക്ഷ്യം. 14.67 കോടി രൂപ ക്ഷീരവികസന വകുപ്പിന്റെ പദ്ധതികള്‍ പ്രകാരവും 37.52 കോടി രൂപ ത്രിതല പഞ്ചായത്തുകള്‍ മുഖേനയും 13.68 ലക്ഷം രൂപ എസ്സിഎ ടു എസ്സിപി പദ്ധതി പ്രകാരവും ആകെ 52.33 കോടി രൂപയാണ് കഴിഞ്ഞ 5 വര്‍ഷങ്ങളിലായി ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്കു വേണ്ടി ചെലവഴിച്ചിട്ടുള്ളത്.
33 സംഘങ്ങളുള്ള നീലേശ്വരം ബ്ലോക്കില്‍ പ്രതിദിന പാല്‍സംഭരണം 15,550 ലിറ്ററാണ്. മറ്റു ബ്ലോക്കുകളിലെ പ്രതിദിന പാല് ഉത്പാദനത്തിന്റെ വിവരങ്ങള്‍: കാഞ്ഞങ്ങാട് 18 സംഘങ്ങള്‍-11,542 ലിറ്റര്‍, കാറഡുക്ക 20 സംഘങ്ങള്‍-8,902 ലിറ്റര്‍, മഞ്ചേശ്വരം 16 സംഘങ്ങള്‍- 8,466 ലിറ്റര്‍, കാസര്‍ഗോഡ് 15 സംഘങ്ങള്‍-6054 ലിറ്റര്‍. നിലവില്‍ 144 ക്ഷീരസംഘങ്ങളിലൂടെ 8610 ക്ഷീര കര്‍ഷകരാണ് പാല് നല്‍കുന്നത്. ഇവരില്‍ 1,959 ക്ഷീര കര്‍ഷകര്‍ക്ക് 9.6 കോടി രൂപയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പയായി അനുവദിച്ചത്.
2003-04 കാലഘട്ടത്തില്‍ ജില്ലയിലെ ക്ഷീരസംഘങ്ങളിലൂടെയുള്ള പ്രതിദിന സംഭരണം 13,155 ലിറ്റര്‍ ആയിരുന്നുവെങ്കില്‍ 2019-20 വര്‍ഷത്തില്‍ അത് 68,175 ലിറ്റര്‍ ആണ്. ജില്ലയിലെ 139 ആപ്കോസ്, അഞ്ച് പരമ്പരാഗത സംഘങ്ങളില്‍ നിന്നായി 2020 ഡിസംബര്‍ മാസത്തില്‍ 74,458 ലിറ്റര്‍ പാലാണ് ജില്ലയില്‍ ക്ഷീരസംഘങ്ങളിലൂടെ സംഭരിച്ചത്.
ക്ഷീരഗ്രാമം പദ്ധതി: തുടക്കം പനത്തടിയില്‍
ക്ഷീരമേഖലയെ പരിപോഷിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ക്ഷീരഗ്രാമം പദ്ധതി ജില്ലയില്‍ വിജയം. ആദ്യഘട്ടം നടപ്പാക്കിയ പനത്തടി ഗ്രാമപഞ്ചായത്തില്‍ ക്ഷീരമേഖലയില്‍ വലിയ നേട്ടമാണുണ്ടാക്കിയത്. പനത്തടിയില്‍ 2017-18ല്‍ 14,30,628 ലിറ്റര്‍ പാലുത്പാദനമുണ്ടായിരുന്നത് ക്ഷീരഗ്രാമം നടപ്പാക്കിയ ശേഷം 2018-19 ല്‍ 18,19,478 ലിറ്ററായും 2019-20 ല്‍ 20,03,084 ലിറ്ററായും വര്‍ധിച്ചുവെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജീജ സി.കൃഷ്ണന് പറഞ്ഞു. ജില്ലയില്‍ രണ്ടാം ഘട്ടം ക്ഷീരഗ്രാമം പദ്ധതി അജാനൂര്‍ പഞ്ചായത്തില്‍ പുരോഗമിക്കുകയാണ്.
എംഎല്‍എ ചെയര്‍മാനായ മോണിറ്ററിംഗ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ക്ഷീര ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയില്‍ 50 ലക്ഷം രൂപയാണ് ഒരു ക്ഷീരഗ്രാമത്തിന് ലഭിക്കുക. അഞ്ച് പശു യൂണിറ്റിന് 1,84,000 രൂപയും രണ്ട് പശു യൂണിറ്റിന് 69000 രൂപയും മൂന്ന് പശു ഒരു കിടാരി യൂണിറ്റിന് 1,5,0000 രൂപയും ഒരു പശു ഒരു കിടാരി യൂണിറ്റിന് 53,000 രൂപയും സബ്സിഡിയായി ലഭിക്കും.
ഫാമിലേക്ക് ആവശ്യമായ വസ്തുക്കള്‍ വാങ്ങിക്കുന്നതിന് 50,000 രൂപയും കറവ യന്ത്രം വാങ്ങിക്കുന്നതിന് 25,000 രൂപയും പശുത്തൊഴുത്തിനായി 50,000 രൂപയും തൊഴുത്തിലെ ചൂട് കുറക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് 25,000 രൂപയും കാല്‍സ്യം പൊടികള്‍ വാങ്ങിക്കുവാന്‍ 101 രൂപയും സബ്സിഡിയായി ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് പ്രത്യേക പരിശീലനം ലഭിക്കും.
മില്‍ക്ക് ഷെഡ്
വികസന പദ്ധതി
ക്ഷീരകര്‍ഷകര്‍ക്കും പുതുതായി ഈ മേഖലയിലേക്ക് കടന്നു വരുന്നവര്‍ക്കും എറെ പ്രയോജനകരമായ പദ്ധതിയാണ് മില്‍ക്ക് ഷെഡ് വികസന പദ്ധതി. ഒരു പശു, രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, പത്ത് പശു യൂണിറ്റ്, കിടാരി യൂണിറ്റുകള്‍ എന്നിവയ്ക്ക് ധനസഹായം ലഭിക്കും.
ബ്ലോക്കിലുള്ള ക്ഷീര വികസന യൂണിറ്റ് ഓഫീസുകള്‍ വഴിയാണ് പദ്ധതിയുടെ സേവനങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക. വനിതകള്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും മുന്‍ഗണനയുണ്ട്. കാലിത്തൊഴുത്ത് നിര്‍മ്മാണം, കറവ യന്ത്രം, തീറ്റപ്പുല്‍ യന്ത്രം, ബയോഗ്യാസ് പ്ലാന്റ്, ജനറേറ്റര്‍ തുടങ്ങി ക്ഷീര കര്‍ഷകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായ് ആവശ്യാധിഷ്ടിത ധനസഹായ പദ്ധതിയും ജില്ലയില്‍ ലഭ്യമാണ്. പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്ക് 50,000 രൂപ വരെ ധനസഹായം ലഭിക്കും.