കാഞ്ഞങ്ങാട്: ജില്ലയിൽ ആകെയുള്ള 1,348 അങ്കണവാടികളിൽ 115 എണ്ണത്തിനും സ്വന്തമായി കെട്ടിടമില്ല. 67 അങ്കണവാടികൾ വാടകകെട്ടിടത്തിലും 39 എണ്ണം സ്വകാര്യവ്യക്തികൾ സൗജന്യമായി നൽകിയ കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്.
1,230 അങ്കണവാടികൾക്ക് സ്വന്തം കെട്ടിടമുണ്ട്. സ്വന്തമായി സ്ഥലമുണ്ടായിട്ടും കെട്ടിടമില്ലാത്തത് 55 ഇടത്ത്.
ഒന്പതിടങ്ങളിൽ കെട്ടിട നിർമാണം നടന്നുകൊണ്ടിരിക്കുന്നു. 46 അങ്കണവാടികൾക്ക് കെട്ടിടം നിർമിക്കാൻ തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് അനുവദിക്കണം.
57 അങ്കണവാടികൾക്ക് കുടിവെള്ള സൗകര്യമില്ല. സ്വകാര്യവ്യക്തികളുടെ പറന്പുകളിലെയും മറ്റു ജലസ്രോതസുകളെയാണ് ഇവർ ആശ്രയിക്കുന്നത്. 14 അങ്കണവാടികളിൽ ശൗചാലയമില്ല. വൈദ്യുതിയില്ലാത്ത 105 അങ്കണവാടികളുണ്ട്.
272 അങ്കണവാടികൾക്ക് ചുറ്റുമതിലില്ല. ഇത് കുട്ടികൾ റോഡിലിറങ്ങാനും അപകടമുണ്ടാകാനും സാഹചര്യമുണ്ടാക്കുന്നു. അങ്കണവാടികൾക്ക് കെട്ടിടം നിർമിക്കാൻ ഇതുവരെ സ്ഥലം പോലും കണ്ടെത്താനാകാത്ത രണ്ടു നഗരസഭകൾ ഉൾപ്പെടെ ഒന്പത് തദ്ദേശസ്ഥാപനങ്ങളുണ്ട്. കാസർഗോഡ് നഗരസഭയിൽ മാത്രം പത്ത് അങ്കണവാടികൾക്ക് ഇതുവരെയും സ്ഥലം കണ്ടെത്താത്തിയിട്ടില്ല.
കാസർഗോട്ടെ തുരുത്തി, പള്ളിക്കാൽ, ചേരങ്കൈ കടപ്പുറം, ബങ്കരക്കുന്ന്, തളങ്കര കണ്ടത്തിൽ, ഖാസിലേൻ, ഭൂപാസ് കോംപൗണ്ട്, ദിനാർ നഗർ, ജദീദ് റോഡ്, തളങ്കര പടിഞ്ഞാർ, കാഞ്ഞങ്ങാട്ടെ മുട്ടത്തോട്, ബല്ല കടപ്പുറം, ചെറുവത്തൂരിലെ കാടങ്കോട്, പള്ളിക്കരയിലെ പൂച്ചക്കാട്, തെക്കേപ്പുറം, തെക്കേകുന്ന്, കല്ലിങ്കാൽ, കൊച്ചി ബസാർ, പറയങ്കാനം, മഠം കോളനി, ബളാലിലെ കോട്ടക്കുന്ന്, കോടോം-ബേളൂരിലെ ഒളക്കര, മധൂരിലെ സുറുലു, ചെമ്മനാട്ടെ നോർത്ത് ചെന്പരിക്ക, കീഴൂർ സൗത്ത്, കീഴൂർ തെരുവത്ത്, മഞ്ചേശ്വരത്തെ ഉദ്യാവർ കോട്ട എന്നിവിടങ്ങളിലാണ് സ്ഥലം കണ്ടെത്താനുള്ളത്.