കാസർഗോഡ്: ബേക്കലിന്റെ പെരുമയിൽ തല ഉയർത്തി നിൽക്കുന്ന തുളുനാട് ഉത്തരവാദിത്ത ടൂറിസത്തിന്റെയും പൈതൃക ടൂറിസത്തിന്റെയും സാധ്യതകളിലേക്ക് തുഴയെറിഞ്ഞ് വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പാണ് ലക്ഷ്യമിടുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പ്രധാനപ്പെട്ട ഏഴ് നദികളെ ബന്ധിപ്പിച്ച് നടത്തുന്ന മലനാട് റിവർ ക്രൂയിസ് പദ്ധതി.
പദ്ധതിയുടെ ഭാഗമായി നീലേശ്വരം കോട്ടപ്പുറത്ത് എട്ടു കോടി രൂപ ചെലവഴിച്ച് സംസ്ഥാന ടൂറിസം വകുപ്പ് നിർമിക്കുന്ന ഹൗസ്ബോട്ട് ടെർമിനൽ, 1.35 കോടി ചെലവഴിച്ചു നിർമിക്കുന്ന ടെർമിനൽ റോഡ് എന്നിവയുടെ പ്രവൃത്തി ആരംഭിച്ചു. ഈ വർഷം മേയിൽ ഉദ്ഘാടനം പ്രതീക്ഷിക്കുന്ന പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ വടക്കിന്റെ വെനീസ് എന്ന പേരിൽ അറിയപ്പെടുന്ന വലിയപറമ്പ് കായൽ ടൂറിസം മേഖലയിൽ വൻതോതിലുള്ള വികസനം യാഥാർഥ്യമാവും. ഏഴ് പുഴകളെ കോർത്തിണക്കി 197 കി.മി യാത്ര ചെയ്ത് ഓരോ പ്രദേശത്തെയും സംസ്കാരവും പൈതൃകവും കലാരൂപങ്ങളും രുചിഭേദങ്ങളും ലോകത്തിന് പരിചയപ്പെടുത്താൻ സാധിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതിന് പുറമെ വലിയപറമ്പ് മാവിലാ കടപ്പുറത്ത് 3.75 കോടി മുതൽ മുടക്കി ബോട്ട് ജെട്ടി, വലിയപറമ്പ് പഞ്ചായത്തിലെ മാടക്കാലിൽ 98 ലക്ഷം ചെലവഴിച്ച് ബോട്ട് ജെട്ടി എന്നിവയാണ് റിവർ ക്രൂയിസ് പദ്ധതിയിൽ ജില്ലയ്ക്ക് ലഭിച്ച നേട്ടങ്ങൾ. ഇവയുടെ നിർമാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്.
ഉത്തരവാദിത്ത ടൂറിസം മേഖലയിൽ യൂണിറ്റുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് കാസർഗോഡ്. പദ്ധതികൾ നടപ്പാക്കിയതിലും പരിശീലനങ്ങൾ നടത്തിയതിലും ജില്ലയ്ക്ക് നാലാം സ്ഥാനമുണ്ട്. ടൂറിസത്തിന്റെ ഗുണങ്ങൾ എത്തിച്ചേരാൻ സാധ്യതയില്ലാത്ത കിഴക്കൻ മലയോര മേഖലകളെ പോലും ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി.
പദ്ധതി നടത്തിപ്പിന്റെ ഭാഗമായി താത്പര്യമുള്ള ചെറുകിട സംരംഭകരെയും, അക്കമഡേഷൻ യൂണിറ്റുകളെയും കലാപരമായ കഴിവുകൾ ഉള്ളവരെയും കോർത്തിണക്കി മൂന്ന് വ്യത്യസ്ത ഓൺലൈൻ പ്ലാറ്റ്ഫോം ഉണ്ടാക്കി. ഇതിൽ ആദ്യഘട്ടം 1,078 യൂണിറ്റും രണ്ടാംഘട്ടം 1,084 യൂണിറ്റും ഭാഗമായി. മിക്ക യൂണിറ്റുകളും പ്രത്യക്ഷമായോ പരോക്ഷമായോ ടൂറിസത്തിന്റെ ഗുണങ്ങൾ പ്രയോജനപ്പെടുത്തിവരുന്നു. വിവിധ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ഉത്പന്നങ്ങൾ ആവശ്യാനുസരണം എത്തിച്ചു നൽകുകയും ചെയ്യുന്നു. ഇതിലൂടെ 133,44,946 രൂപ കഴിഞ്ഞവർഷം മാത്രം യൂണിറ്റുകൾക്ക് ലഭിക്കുകയുണ്ടായി. ഇതോടൊപ്പം സ്ത്രീകളെയും വീട്ടമ്മമാരെയും ഉൾപ്പെടുത്തി എത്നിക് ക്യുസിൻ പദ്ധതി നടപ്പിലാക്കി വരികയാണ്.
ജില്ലയിലെ പ്രധാന ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിൽ ഒന്ന് കയ്യൂർ-ചീമേനി പഞ്ചായത്തിനെ പെപ്പർ പദ്ധതിയിലും വലിയപറമ്പ പഞ്ചായത്തിനെ മോഡൽ ഉത്തരവാദിത്ത ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയും പ്രവർത്തങ്ങൾ നടന്നു വരുന്നു. ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങളിലൂടെ ജില്ലയെ എക്സ്പീരിയൻഷ്യൽ ടൂറിസത്തിന്റെ ഹബ് ആക്കാനാണ് ഉദ്ദേശിക്കുന്നത്.
ബേക്കലിന്റെ മാറ്റ് കൂട്ടി ലൈറ്റ് ആൻഡ്
സൗണ്ട് ഷോ
പൈതൃക ടൂറിസത്തിന്റെ സാധ്യതകളെ കാസർഗോഡ് അവതരിപ്പിച്ചത് ബേക്കൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോയിലൂടെയാണ്. നാടിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം ആ നാടിന്റെ സാംസ്കാരിക പ്രത്യേകതകളും പൈതൃകവും പഴയ കാലജീവിതങ്ങളുടെ ചരിത്രവുമെല്ലാം സഞ്ചാരികളെ ആകർഷിക്കും എന്ന ചിന്തയിലാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കിയത്. നാല് കോടി രൂപ ഉപയോഗിച്ച് ഫ്രഞ്ച് സാങ്കേതികവിദ്യയായ സോണറ്റ് ലൂമിയർ ഉപയോഗിച്ച് ലൈറ്റ് ആൻഡ് സൗണ്ട് ഷോയാണ് ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. വൈകുന്നേരത്തിന് ശേഷം കോട്ടയിലെത്തുന്ന സഞ്ചാരികൾക്ക് നാടിന്റെ ചരിത്രവും സംസ്കാരവും ലൈറ്റ് ആൻഡ് സൗണ്ട് ഷോയിലൂടെ അറിയാൻ കഴിയും.
മഞ്ഞുംപൊതിക്കുന്നിൽ ഇക്കോ സെൻസിറ്റീവ്
ആസ്ട്രോ ടൂറിസം
മഞ്ഞുംപൊതികുന്നിൽ 4,97,50,000 രൂപയുടെ ആസ്ട്രോ ടൂറിസം പദ്ധതി ഉടൻ യാഥാർഥ്യമാകും. കേരളത്തിലെ ആദ്യ ഇക്കോ സെൻസിറ്റീവ് ആസ്ട്രോ ടൂറിസം പ്രോജക്ടാണിത്. മലമുകളിൽ ആധുനിക ടെലിസ്കോപ്പ് സ്ഥാപിച്ച് രാത്രികാലങ്ങളിൽ ആകാശകാഴ്ചകൾ ആസ്വദിക്കാനും നിരീക്ഷണത്തിനുമുള്ള അവസരമൊരുക്കും.
പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം നിലനിർത്തിക്കൊണ്ടായിരിക്കും വിനോദ സഞ്ചാരപദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കും.
മഞ്ഞുംപൊതിക്കുന്നിൽ എത്തുന്ന സന്ദർശകർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലുപരി ജലധാര, ബേക്കൽ കോട്ട, തൈക്കടപ്പുറം അഴിമുഖം, വിശാലമായ അറബിക്കടൽ എന്നിവയുടെ ദൂരക്കാഴ്ച കുന്നിൻമുകളിൽ നിന്ന് ആസ്വദിക്കാനുള്ള ബൈനോക്കുലർ സംവിധാനങ്ങൾ, വാനനിരീക്ഷണത്തിനുള്ള ടെലിസ്കോപ്പ് എന്നിവ സ്ഥാപിക്കും. ഇരിപ്പിടങ്ങൾ, സെൽഫി പോയിന്റുകൾ, ലഘുഭക്ഷണശാല, പാർക്കിംഗ് സൗകര്യം എന്നിവ പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും.
റിസപ്ഷൻ സോൺ, ഫ്ളവർ സോൺ, പാർക്കിംഗ് സോൺ, ഫെസിലിലിറ്റി സോൺ, ഫൗണ്ടെയ്ൻ ആൻഡ് ആസ്ട്രോ സോൺ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. ആദ്യഘട്ടത്തിൽ ടൂറിസം വകുപ്പ് നൽകുന്ന ഫണ്ടിൽ നിന്ന് റിസപ്ഷനും ജലധാരയും പാർക്കിംഗ് ഏരിയയും പുല്ല് നിറഞ്ഞ കുത്തനെയുള്ള ചെരിവുകളും ടെലസ്കോപ്പും മരത്തോപ്പുകളും ഫൗണ്ടെയ്ൻ പ്ലാസയും പദ്ധതിയുടെ ഭാഗമാകും. രണ്ടാം ഘട്ടത്തിൽ കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി പുല്ല് നിറഞ്ഞ ചെരിവുകളും മരത്തോപ്പും പുൽമേടുകളുടെ ചെരിവും നടപ്പാതയും പൂന്തോട്ടവും ഇതിന്റെ ഭാഗമാകും.
ആവേശമായി
കൈറ്റ് ബീച്ച്
കാഞ്ഞങ്ങാട് നഗരത്തിന്റെ തീരപ്രദേശത്ത് കൈറ്റ് ബീച്ച് എന്ന പേരിൽ ഹൊസ്ദുർഗ് ബീച്ചിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സൗന്ദര്യവത്കരണത്തിനും സംസ്ഥാന ടൂറിസം വകുപ്പ് നേരത്തേ തന്നെ 98,74,788 രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി.
കാസർഗോഡ്
വികസന പാക്കേജിലും
ടൂറിസം മേഖലയ്ക്ക്
നേട്ടം
കുമ്പളയിലും കിദൂരിലും 2.74 കോടി മുതൽ മുടക്കിൽ ഗ്രാമീണ ടൂറിസം പദ്ധതി നടപ്പാക്കും. പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ടിന് സമീപത്തായി 1.13 കോടി ചെലവിൽ ചിൽഡ്രൻസ് പാർക്ക്, ചെങ്കള പഞ്ചായത്തിൽ കാസർഗോഡ് കഫെ എന്നിവ സ്ഥാപിക്കും. കാഞ്ഞങ്ങാട് ടൗൺ സ്ക്വയർ പദ്ധതിക്ക് 52 ലക്ഷം രൂപയുണ്ട്.
കൈറ്റ് ബീച്ച് കാഞ്ഞങ്ങാട്, റാണിപുരം ഡിടിപിസി റിസോർട്ട് സൗന്ദര്യവത്ക്കരണം, കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ നടപ്പാത, നീലേശ്വരം അഴിത്തല ബീച്ച് സൗന്ദര്യവത്കരണത്തിനായി 4,98,80,000 രൂപ, പടന്നക്കാട് റിവർ വ്യൂ പാർക്കിന് രണ്ടു കോടി എന്നിവ വകയിരുത്തി.