കൽപ്പറ്റ: കെഎസ്എഫ്ഇയിൽ നടന്ന റെയ്ഡുകൾ സ്വാഭാവികമെങ്കിൽ ധനമന്ത്രി ഉറഞ്ഞുതുള്ളിയതു എന്തിനെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കെഎസ്എഫ്ഇയിലെ റെയ്ഡുകളിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന മഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനോടു ഡിസിസി ഓഫീസിൽ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്എഫ്ഇയിലെ റെയ്ഡുകളെ വട്ട് എന്നാണ് ധനമന്ത്രി വിശേഷിപ്പിച്ചത്. ഇക്കാര്യം കേരളജനത ഗൗരവത്തോടെ കാണ്ടേണ്ടതുണ്ട്. കെഎസ്എഫ്ഇയിൽ അഴിമതി നടന്നതായാണ് മുഖ്യമന്ത്രി സമ്മതിക്കുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയുമായി തെരുവുയുദ്ധമാണ് നടക്കുന്നത്. കേഡർ സ്വഭാവമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അടുത്തകാലംവരെ കേട്ടുകേൾവിപോലും ഇല്ലാത്ത കാര്യമാണിത്. റെയ്ഡുമായി ബന്ധപ്പെട്ട ധനമന്ത്രിയുടെ ഗൂഢാലോചനാവാദം മുഖ്യമന്ത്രിതന്നെ പൊളിച്ചടുക്കിയത് ജനം കണ്ടതാണ്. ധനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കെഎസ്എഫ്ഇയിൽ നടന്ന മുഴുവൻ പരിശോധനകളുടെയും റിപ്പോർട്ട് സർക്കാർ ജനമധ്യത്തിൽ വയ്ക്കണം. അറിയാനുള്ള ജനങ്ങളുടെ അവകാശം ഭരണഘടനാദത്തമാണ്.
റെയ്ഡുകളിലൂടെ ധനമന്ത്രിയെയാണ് മുഖ്യമന്ത്രി ലക്ഷ്യമിട്ടതെന്നു കരുതണം. കോവിഡുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി നടത്തുന്ന വാർത്താസമ്മേളനങ്ങൾ സിപിഎമ്മിന്റെ ചെയ്തികളെ ന്യായീകരിക്കുന്നതിനുള്ള വേദിയായി തരംതാഴ്ന്നു. സിപിഎമ്മിലെ ആഭ്യന്തര സംഘർഷം മൂർധന്യാവസ്ഥയിലാണ്. പിണറായി വിജയനെപോലെ മാധ്യമങ്ങളോടു ഇത്രയേറെ അസഹിഷ്ണുത കാട്ടിയ വേറെ ഭരണാധികാരി ഇന്ത്യാരാജ്യത്തില്ല.
മുഖ്യമന്ത്രിക്കു
പ്രതികാരബുദ്ധി
പ്രതിപക്ഷ നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണത്തിനു സർക്കാർ സ്പീക്കറുടെ അനുമതി തേടിയിരിക്കയാണ്. പ്രതിപക്ഷ നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണത്തിനു ധൃതിപിടിച്ചു അനുമതി തേടേണ്ട സാഹചര്യം സർക്കാർ ജനങ്ങളോടു പറയണം.അഴിമതിയുടെ പേരുപറഞ്ഞു പ്രതികാരബുദ്ധിയോടെയാണ് മുഖ്യമന്തി പ്രതിപക്ഷ നേതാക്കളെ ഉന്നമിട്ടു ഫയലുകൾ പൊടിതട്ടിയെടുക്കുന്നത്.വിജിലൻസ് അന്വേഷണത്തിൽ കോണ്‍ഗ്രസിനും യുഡിഎഫിനും ആശങ്കയില്ല.
സർക്കാരിനെതിരെ ഓരോ ദിവസവും പുതിയ ആരോപണങ്ങൾ ഉയരുകയാണ്.ഇതിൽ ഒന്നിനെക്കുറിച്ചും വസ്തുതാപരമായി ശരിയല്ല എന്നു പറയാൻ കഴിയാത്ത വലിയ നിസഹായാവസ്ഥയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎമ്മിന്റെ ഉത്തരവാദപ്പെട്ട നേതാക്കളും.
കേരളത്തിലെ
മാവോയിസ്റ്റുകൾ പാവങ്ങൾ
കേരളത്തിൽ പ്രവർത്തിക്കുന്നതു ഏറ്റവും ദുർബലമായ മാവോയിസ്റ്റ് ഗ്രൂപ്പാണ്.കാലിൽ മുറിവും വ്രണവുമായി നടക്കുന്ന, ഒരു നേരത്തേ ഭക്ഷണത്തിനു ഗതിയില്ലാത്ത പാവങ്ങളാണ് സംസ്ഥാനത്തെ മാവോയിസ്റ്റു സംഘത്തിലുള്ളത്. പരിവർത്തനം ആഗ്രഹിച്ചുനടക്കുന്ന കുറെ വൈരുധ്യ കമ്മ്യൂണിസ്റ്റുകളാണവർ. മനുഷ്യത്വപരമായ നിലപാട് അവരോടുണ്ടാകണം. മാവോയിസ്റ്റുകൾ എന്നുപറഞ്ഞു എട്ടുപേരെ വ്യാജ എറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ ഭരണകൂടമാണ് കേരളം ഭരിക്കുന്നത്. മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലുകയെന്ന നയം കമ്മ്യൂണിസ്റ്റ് സർക്കാരിനു ചേർന്നതല്ല. കോഴിക്കോട്ടെ അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയതിനു ന്യായീകരകണമില്ല. സർക്കാർ നയത്തിന്റെ തിക്തഫലം അനുഭവിക്കുകയാണ് ഈ ചെറുപ്പക്കാർ.
മാവോയിസ്റ്റ് പ്രശ്നം പരിഹരിക്കേണ്ടതു അവരെ വെടിവച്ചുകൊന്നല്ല. കുഗ്രാമങ്ങളിൽ സാമൂഹിക,സാന്പത്തിക ഉന്നമനം സാധ്യമാക്കിയാണ് പ്രശ്നം പരിഹരിക്കേണ്ടത്. മാവോവദിയെ കണ്ടാലുടൻ പിന്നിൽനിന്നു വെടിവയ്ക്കുന്നതു പ്രാകൃതവും ക്രൂരവുമാണ്.
സോളാർ വിഷയം
കുത്തിപ്പൊക്കേണ്ടതില്ല
സോളാർ വിവാദം പലതലങ്ങളിൽ അന്വേഷണം നടത്തി കഴന്പില്ലെന്നുകണ്ടു തള്ളിക്കളഞ്ഞതാണ്. സോളാർ വിഷയത്തിൽ പുതിയ അന്വേഷണം ആവശ്യമില്ലെന്നാണ് താൻ നേരത്തേ പറഞ്ഞതും ഇപ്പോൾ ആവർത്തിക്കുന്നതും.സോളാർ വിഷയം ഇനി കുത്തിപ്പൊക്കി വിവാദമാക്കേണ്ട കാര്യമേയില്ല. വിഷയത്തിൽ ഉമ്മൻചാണ്ടിക്കും രമേശിനുമുള്ള അതേ അഭിപ്രായമാണ് തനിക്കും.സന്ദർഭത്തിൽനിന്നു ഒരു കാര്യം അടർത്തിയെടുത്തു മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നതു ശരിയല്ല.
2,500 വാർഡുകളിൽ
ബിജെപി-സിപിഎം ധാരണ
കേരളത്തിൽ 2,500 വാർഡുകളിൽ ബിജെപിക്കു സ്ഥാനാർഥികളില്ല.ഈ വാർഡുകളിൽ സിപിഎമ്മും ബിജെപിയും ധാരണയിലാണ്.കണ്ണൂർ,മലപ്പുറം ജില്ലകളിലാണ് ബിജെപിക്കു സ്ഥാനാർഥികളില്ലാത്ത കൂടുതൽ വാർഡുകൾ.വെൽഫെയർ പാർട്ടിയോടുള്ള മുൻ നിലപാടിൽ മാറ്റമില്ല.
തുരങ്കപ്പാതയിലൂടെ
പരിശോധിച്ചതു
കടുംവെട്ടിനുള്ള സാധ്യത
സർക്കാരിന്റെ അവസാന നാളുകൾ എത്തിയപ്പോഴാണ് മുഖ്യമന്ത്രിക്കു വികസനത്തെക്കുറിച്ചു ബോധോദയം ഉണ്ടായത്.വയനാടിന്റെ സങ്കീർണമായ ഒരു പ്രശ്നത്തിനും പരിഹാരം കാണാൻ സർക്കാരിനു കഴിഞ്ഞില്ല.മുഖ്യമന്ത്രി പ്രൊജക്ട് ലോഞ്ചിംഗ് നടത്തിയ ആനക്കാംപൊയിൽ-കള്ളാടി തുരങ്കപ്പാത പദ്ധതി തട്ടിപ്പാണ്. അവസാനകാലത്തു മറ്റൊരു കടുംവെട്ടിനു സാധ്യതയുണ്ടോയെന്നാണ് തുരങ്കപ്പാത പദ്ധതിയിലൂടെ മുഖ്യമന്ത്രിയും കൂട്ടരും പരിശോധിച്ചത്. പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്.വയനാടിനുവേണ്ടതു സ്ഥായിയായ വികസനമാണ്. അതു കാഴ്ചവയ്ക്കാൻ കഴിയുന്ന പ്രസ്ഥാനം കോണ്‍ഗ്രസാണ്.
ഒറ്റക്കെട്ടെങ്കിൽ യുഡിഎഫിനു അദ്ഭുത വിജയം
വയനാടിലെ തദ്ദേശ തെരഞ്ഞെടുപ്പുഫലം സംബന്ധിച്ചു ആശങ്കയില്ല.കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ശക്തിദുർഗമാണ് ജില്ല. ഒറ്റക്കെട്ടായി മുന്നോട്ടുപോയാൽ അദ്ഭുതകരമായ വിജയം യുഡിഎഫിനു ലഭിക്കും. ത്രീവ്രഹിന്ദുത്വ നിലപാടുമായി കോണ്‍ഗ്രസിലെത്തി സ്ഥാനമാനങ്ങൾ മോഹിക്കുന്നവരെ അംഗീകരിക്കില്ല.അങ്ങനെയുള്ളവർക്കു പാർട്ടിയിൽ ഇടം ഉണ്ടാകില്ല.കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വിമതരുടെ എണ്ണം ഇത്രത്തോളം കുറഞ്ഞ മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല.
പ്രവാസികൾക്കു വോട്ടവകാശം നൽകണമെന്നാണ് കെപിസിസി നിലപാട്.ക്ഷേമ പെൻഷൻ ആരുടെയും ഒൗദാര്യമല്ല.പാവപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശമാണ്.പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിൽനിന്നു അർഹതയുള്ള അനേകരെയാണ് പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വെട്ടിമാറ്റിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെപിസിസി ഭാരവാഹികളായ കെ.സി. റോസക്കുട്ടി ടീച്ചർ,പി.കെ. ജയലക്ഷ്മി,കെ.കെ. ഏബ്രഹാം,അഡ്വ.എൻ.കെ. വർഗീസ്, പി.വി. ബാലചന്ദ്രൻ, കെ.എൽ. പൗലോസ്, ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, എം.എ. ജോസഫ്,കെ.വി. പോക്കർ ഹാജി,ബിനു തോമസ്, വി.എ. മജീദ് തുടങ്ങിയവർ കൂടെ ഉണ്ടായിരുന്നു.