കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലെ പുൽപ്പള്ളി ഡിവിഷനിൽ തെരഞ്ഞടുപ്പുപോരാട്ടത്തിനു കനൽച്ചൂട്. വനിതാസംവരണ ഡിവിഷനായ പുൽപ്പള്ളി സ്വന്തം അക്കൗണ്ടിലാക്കാൻ വിയർപ്പുചിന്തുകയാണ് ഇടതു,വലതു മുന്നണികളും എൻഡിഎയും. 2015ലെ തെരഞ്ഞെടുപ്പിൽ വെറും 80 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഡിവിഷനിൽ യുഡിഎഫ് നീന്തിക്കയറിയത്. അതിനാൽത്തന്നെ ഇക്കുറി വാനത്തോളം ഉയരത്തിലാണ് എൽഡിഎഫിന്റെ പ്രതീക്ഷകൾ. വിജയത്തിൽ കണ്ണുനട്ടാണ് ബിജെപിയുടെയും പടനീക്കം. കഴിഞ്ഞെ തെരഞ്ഞെടുപ്പിൽ 4,756 വോട്ടാണ് ബിജെപിയുടെ പെട്ടിയിൽ വീണത്.
പുൽപ്പള്ളി പഞ്ചായത്തിലെ അഞ്ച്,ആറ്,ഏഴ്,എട്ട്,12,13,14,15,16 വാർഡുകളും പൂതാടി പഞ്ചായത്തിലെ രണ്ട്,മൂന്ന്,എട്ട്,ഒന്‍പത്,11,12,13,14,15,16,19 വാർഡുകളും ചേരുന്നതാണ് പുൽപ്പള്ളി ഡിവിഷൻ.മുപ്പതിനായിരത്തിനടുത്താണ് സമ്മതിദായകരുടെ എണ്ണം.ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു പരിചയമുള്ളവരാണ് മൂന്നു മുന്നണികളുടെയും സ്ഥാനാർഥികൾ. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സിറ്റിംഗ് പ്രസിഡന്റും മഹിളാകോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ ഉഷ തന്പിയാണ് യുഡിഎഫിനുവേണ്ടി മത്സരരംഗത്ത്.സിപിഐ ജില്ലാ കമ്മിറ്റിയംഗവും കണിയാന്പറ്റ പഞ്ചായത്ത് സിറ്റിംഗ് മെംബറും റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥയുമായ എം.എം. മേരിയാണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപി ജില്ലാ കമ്മിറ്റിയംഗവും പുൽപ്പള്ളി പഞ്ചായത്ത് സിറ്റിംഗ് മെംബറുമായ കെ.എസ്. സുചിത്രയാണ് എൻഡിഎയ്ക്കുവേണ്ടി അങ്കത്തട്ടിൽ. നാട്ടുകാരി എന്ന പ്രത്യേകതയും സുചിത്രയ്ക്കുണ്ട്.
മൂന്നു സ്ഥാനാർഥികളും ഡിവിഷനിൽ ആദ്യഘട്ടം പര്യടനം പൂർത്തിയാക്കി. വീടുകൾ കയറിയുള്ള പ്രചാരണത്തിൽ വ്യാപൃതരാണ് പ്രവർത്തകർ. നവമാധ്യമങ്ങളിലൂടെയും സ്ഥാനാർഥികൾ വോട്ടർമാരിൽ എത്തുന്നുണ്ട്. കേണിച്ചിറ,പുൽപ്പള്ളി,വാകേരി ബ്ലോക്ക് ഡിവിഷനുകൾ പുൽപ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ ഭാഗമാണ്. എൽഡിഎഫ് ഭരണസമിതികളാണ് പുൽപ്പള്ളി, പൂതാടി പഞ്ചായത്തുകളിൽ കാലാവധി പൂർത്തിയാക്കിയത്. കേണിച്ചിറയും വാകേരിയും എൽഡിഎഫിന്റെയും പുൽപ്പള്ളി യുഡിഎഫിന്റെയും സിറ്റിംഗ് ബ്ലോക്ക് ഡിവിഷനുകളാണ്. രൂപീകരണകാലം മുതൽ യുഡിഎഫിനൊപ്പം നിന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് പുൽപ്പള്ളി. ഈ ചരിത്രത്തിൽ ഇക്കുറി തിരുത്തെഴുത്തു നടത്തുമെന്നാണ് എൽഡിഎഫ് നേതാക്കൾ പറയുന്നത്.
മുട്ടിൽ തൃക്കൈപ്പറ്റ മണലിച്ചിറ എം.കെ. തന്പിയുടെ ഭാര്യയാണ് 50കാരിയായ ഉഷ തന്പി.അമൽതന്പി,ആതിര തന്പി എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.2010 മുതൽ പൊതുരംഗത്തു സജീവമായ ഉഷ നിലവിൽ കോണ്‍ഗ്രസ് കൽപ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റുമാണ്.പ്രീഡിഗ്രി വരെ പഠിച്ചുണ്ട്. എസ്എൻഡിപി ബത്തേരി യൂണിയൻ വനിതാസംഘം സെക്രട്ടറിയായിരുന്നു.
പുൽപ്പള്ളി കാപ്പിക്കുന്ന് മേലേക്കാപ്പിൽ രാജേഷിന്റെ ഭാര്യയാണ് 30കാരിയായ സുചിത്ര.നിരഞ്ജന മകളാണ്.പ്ലസ്ടു പൂർത്തിയാക്കിയ സുചിത്ര പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സും പാസായിട്ടുണ്ട്.പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന ഗ്രാമപ്പഞ്ചായത്ത് വാർഡിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സുചിത്ര ജയിച്ചത്.പുൽപ്പള്ളി പഞ്ചായത്ത് ഭരണസമിതിയിലെ ആദ്യ ബിജെപി മെംബറുമാണിവർ.
നടവയൽ ഐമനച്ചിറ പരേതനായ ജോസഫിന്റെ ഭാര്യയാണ് 62കാരിയായ മേരി. ഐടി വിദഗ്ധൻ ബെനിൽഡ് ജോസഫ് മകനാണ്. 1978 മുതൽ 2011 വരെ സർക്കാർ ഉദ്യോഗസ്ഥയായിരുന്നു. ദീർഘകാലം സർവീസ് സംഘടനാരംഗത്തു പ്രവർത്തിച്ചിട്ടുണ്ട്. സർവീസിൽനിന്നു വിരമിച്ചശേഷം പൊതുരംഗത്തും പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനത്തിലും സജീവമാണ്. സംസ്ഥാന സാമൂഹികനീതി വകുപ്പിന്റെ മികച്ച സാമൂഹികപ്രവർത്തകയ്ക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റി എം പാനൽ സോഷ്യൽ വർക്കറും വിമൻസ് കൗണ്‍സിൽ ജില്ലാ സെക്രട്ടറിയുമാണ്.
കർഷകരും കർഷത്തൊഴിലാളികളും ആദിവാസികളും അടങ്ങുന്നതാണ് ഡിവിഷനിലെ വിധികർത്താക്കൾ.വന്യജീവി ശല്യമാണ് ഡിവിഷനിലെ മുഖ്യ തെരഞ്ഞെടുപ്പുവിഷയങ്ങളിലൊന്ന്.വനത്തോടു ചേർന്നു കിടക്കുന്നതാണ് ഡിവിഷന്റെ പല ഭാഗങ്ങളും.