കൽപ്പറ്റ:വയനാട് ജില്ലാ പഞ്ചായത്തിലെ പടിഞ്ഞാറത്തെറ ഡിവിഷനിൽ മുഖ്യ തെരഞ്ഞടുപ്പു വിഷയമായി ടൂറിസവും.പടിഞ്ഞാറത്തറ പഞ്ചായത്തിലെ ബാണാസുരസാഗർ, തരിയോട് പഞ്ചായത്തിലെ കർലാട് ശുദ്ധജല തടാകം,കോട്ടത്തറ പഞ്ചായത്തിലെ കുറുന്പാലക്കോട്ട എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുന്നതാണ് ഡിവിഷൻ. ഈ മൂന്നു കേന്ദ്രങ്ങളുടെയും വികസനത്തിനുള്ള ഇടപെടലും വാഗ്ദാനം ചെയ്താണ് സ്ഥാനാർഥികളുടെ വോട്ടുപിടിത്തം.
മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എം. മുഹമ്മദ് ബഷീറാണ് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫിനുവേണ്ടി എൽജെഡിയിലെ ഷബീർ അലി പുത്തൂരും എൻഡിഎ ടിക്കറ്റിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. ആനന്ദ്കുമാറുമാണ് മത്സരരംഗത്ത്.
34 ഗ്രാമപ്പഞ്ചായത്ത് വാർഡുകൾ ചേരുന്നതാണ് പടിഞ്ഞാറത്തറ ജില്ലാ പഞ്ചായത്ത് ഡിവിഷൻ.പടിഞ്ഞാറത്ത പഞ്ചായത്ത് പൂർണമായും തരിയോട് പഞ്ചായത്തിലെ 10 ഒഴികെ വാർഡുകളും കോട്ടത്തറ പഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന്,ഒന്പത്,12,13 വാർഡുകളും ഡിവിഷന്റെ ഭാഗമാണ്.
30,000നു അടുത്താണ് വോട്ടർമാരുടെ എണ്ണം.കർഷകരാണ് സമ്മതിദായകരിൽ അധികവും.2,500 ഏക്കർ വരുന്ന കോട്ടത്തറ വെണ്ണിയോട് പാടശേഖരം ഡിവിഷൻ പരിധിയിലാണ്.
ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുചരിത്രത്തിൽ 1995ൽ മാത്രമാണ് പടിഞ്ഞാറത്തറ ഡിവിഷൻ യുഡിഎഫിനെ കൈവിട്ടത്.2010ൽ ഇതേ ഡിവിഷനിൽ 2,890 വോട്ടിൻറെ ഭൂരിപക്ഷത്തിനു ജയിച്ചതിൻറെ അനുഭവസന്പത്തുമായാണ് മുഹമ്മദ് ബഷീർ ഇത്തവണ വോട്ടർമാരെ സമീപിക്കുന്നത്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ കെ.ബി. നസീമയായിരുന്നു വിജയി.ഇവർ അധ്യക്ഷയായിരിക്കെയാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി കാലാവധി പൂർത്തിയാക്കിയത്.
ഭൂരിപക്ഷം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫിൻറ തെരഞ്ഞെടുപ്പുപ്രചാരണം.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വീടുകളും സ്ഥാപനങ്ങളും കയറി വോട്ടുറപ്പിക്കുന്നതിനൊപ്പം നവമാധ്യമങ്ങളെയും പ്രചാരണത്തിനു ഉപയോഗപ്പെടുത്തുന്നുണ്ട്.യൂത്ത് കോണ്ഗ്രസ്,യൂത്ത് ലീഗ്പ്രവർത്തകരാണ് സ്ഥാനാർഥിയെ നവമാധ്യമങ്ങളിലൂടെ വോട്ടർമാരിലെത്താൻ സഹായിക്കുന്നത്.
യുഡിഎഫിൻറെ കോട്ട പിളർക്കാനുള്ള തന്ത്രങ്ങളുമായി എൽഡിഎഫും തെരഞ്ഞെടുപ്പു പ്രചാരണരംഗത്തു നിറഞ്ഞുനിൽക്കുകയാണ്. യുവജനതാദൾ സംസ്ഥാന സെക്രട്ടറിയണ് സ്ഥാനാർഥി ഷബീർ അലി പുത്തൂർ.സംസ്ഥാന സർക്കാരിൻറെ ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടിയും യുവജനങ്ങളുടെ വിശ്വാസം ആർജിച്ചും ഡിവിഷൻ തിരിച്ചുപിടിക്കാനുള്ള പദ്ധതികളാണ് എൽഡിഎഫ് പ്രാവർത്തികമാക്കുന്നത്.
ഓരോ ഗ്രാമപ്പഞ്ചായത്ത് വാർഡിലും 19 അംഗ മാനേജ്മെൻറ് കമ്മറ്റി രൂപീകരിച്ചാണ് എൻഡിഎയുടെ തെരഞ്ഞെടുപ്പു പ്രചാരണം.കേന്ദ്ര സർക്കാർ ഗ്രാമീണ ജനതയുടെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന പരിപാടികൾ ചൂട്ടിക്കാട്ടിയും ടൂറിസം സങ്കേതങ്ങളുടെ വികസനത്തിനു കേന്ദ്രാവിഷ്കൃത പദ്ധതികൾ കൊണ്ടുവരുമെന്നു ഉറപ്പുനൽകിയുമാണ് എൻഡിഎ പ്രചാരണം.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഡിവിഷനിൽ 3,338 വോട്ടാണ് എൻഡിഎയ്ക്കു ലഭിച്ചത്.
പടിഞ്ഞാറത്തറ മണ്ണാർത്തൊടി കുടുംബാംഗമാണ് 59 കാരനായ എം. മുഹമ്മദ് ബഷീർ. 2010-15ൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന ഇദ്ദേഹം രണ്ടുതവണ പടിഞ്ഞാറത്തറ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറായിരുന്നു.ഭാര്യ സീനത്തും നൗഷജ ബഷീർ,മുഹമ്മദ് നജ്വാൻ,നാജിയ ബഷീർ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.55കാരനാണ് വെങ്ങപ്പള്ളി വാവാടി വൈഷ്ണവത്തിൽ പി.ജി. ആനന്ദ്കുമാർ.ജില്ലാ പഞ്ചായത്തിലേക്കു മൂന്നാം തവണയാണ് മത്സരക്കുന്നത്.ഭാര്യ നിജികുമാരിയും മകൾ ആര്യയും അടങ്ങുന്നതാണ് കുടുംബം.
വെള്ളമുണ്ട പുത്തൂർ ഷബീർ മൻസിലിൽ മമ്മൂട്ടി-റംല ദന്പതികളുടെ മകനാണ് 35കാരനായ ഷബീർ അലി പൂത്തൂർ.ഭാര്യ ഫസ്നയും ഹയ,യാറ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.ആദ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.