കൽപ്പറ്റ: കോട്ടത്തറ, വെങ്ങപ്പള്ളി പഞ്ചായത്തുകളിൽ മഴക്കാലങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുന്ന പ്രദേശങ്ങളിലെ പട്ടികവർഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനു വെങ്ങപ്പള്ളി പഞ്ചായത്തിലെ മൂരിക്കാപ്പിൽ പട്ടികവർഗ പുനരധിവാസ മിഷൻ വിലയ്ക്കു വാങ്ങിയ ഭൂമിയിൽ ഭവന നിർമാണം തുടങ്ങി.
കോട്ടത്തറ പഞ്ചായത്തിലെ വൈശ്യൻ, കൊളവയൽ കോളനികളിലെ 20-ഉം വെങ്ങപ്പള്ളി പഞ്ചായത്തിലെ ഒരുവുമ്മൽ, വാഴാറ്റ, അന്പലക്കുന്ന്, ചാമുണ്ടം, ഓടന്പംപൊയിൽ, കരിക്കലോട് കോളനികളിലെ 41-ഉം കുടുംബങ്ങളെയാണ് മൂരിക്കാപ്പിൽ പുനരധിവസിപ്പിക്കുന്നത്. ഇതിനായി പട്ടികവർഗ പുനരധിവാസ മിഷൻ സെന്റിനു 21,000 രൂപ നിരക്കിൽ 7.6 ഏക്കർ സ്ഥലമാണ് വാങ്ങിയത്. ഓരോ കുടുംബത്തിനും വീടിനടക്കം 10 സെന്റാണ് നൽകിയത്. ബാക്കി സ്ഥലം അങ്കണവാടി, ശ്മശാനം, കളിസ്ഥലം തുടങ്ങി പൊതു ആവശ്യത്തിനു വിനിയോഗിക്കും. ജില്ലാ നിർമിതി കേന്ദ്രത്തിനാണ് വീടുകളുടെ നിർമാണച്ചുമതല. ആറു ലക്ഷം രൂപയാണ് വീടൊന്നിനു കണക്കാക്കുന്ന നിർമാണച്ചെലവ്. വീടുകളുടെ നിർമാണം പൂർത്തിയാകുന്നതുവരെ ആദിവാസി കുടുംബങ്ങളുടെ താത്കാലിക താമസത്തിനു ഷെഡുകളും അനുബന്ധ സൗകര്യങ്ങളും പഞ്ചായത്തുകൾ ഒരുക്കും.
വീടുകളുടെ പ്രവൃത്തി ഉദ്ഘാടനം സി.കെ. ശശീന്ദ്രൻ എംഎൽഎ നിർവഹിച്ചു. വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.എം. നാസർ, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ്, ജനപ്രതിനിധികളായ ജെസി ജോണി, വി.എൻ. ഉണ്ണികൃഷ്ണൻ, പട്ടികവർഗ ഉപദേശകസമിതി അംഗങ്ങളായ സീത ബാലൻ, ടി. മണി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ കെ.ടി. സുഹ്റ, നിർമ്മിതി കേന്ദ്രം എക്സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ. സജിത്ത് എന്നിവർ പങ്കെടുത്തു.
മുത്തങ്ങ സമരത്തിൽ പങ്കെടുത്തതിൽ 109 ആദിവാസികൾക്കു മേപ്പാടി പഞ്ചായത്തിലെ വെള്ളപ്പൻകണ്ടിയിൽ അനുവദിച്ച ഭൂമിയിൽ നിർമിക്കുന്ന വീടുകളുടെ പ്രവൃത്തി ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ്, സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം സീനത്ത്, ഐടിഡിപി ഓഫീസർ കെ.സി. ചെറിയാൻ കൽപ്പറ്റ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ജംഷീദ് ചെന്പൻതൊടിക, ഉൗരുമൂപ്പൻ കുറുക്കൻ തുടങ്ങിയവർ പങ്കെടുത്തു. വെള്ളപ്പൻകണ്ടിയിൽ ഒരോ ഏക്കർ ഭൂമിയാണ് ആദിവാസി കുടുംബങ്ങൾക്കു അനുവദിച്ചത്.