ഗൂഡല്ലൂര്‍: ജില്ലാ ഭരണകൂടത്തിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് ഡിഎംകെ മുന്നണിയുടെ നേതൃത്വത്തില്‍ 28ന് നീലഗിരി ജില്ലാ ഹര്‍ത്താല്‍ നടത്തുമെന്ന് മുന്നണി യോഗം അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.
രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ ഊട്ടി എടിസി മൈതാനിയില്‍ നിരാഹാര സമരം നടക്കും.
യോഗത്തില്‍ ഡിഎംകെ ജില്ലാ ജനറല്‍ സെക്രട്ടറി ബി.എം. മുബാറക് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി കെ. രാമചന്ദ്രന്, എം. ദ്രാവിഡമണി എംഎല്‍എ , എന്‍. വാസു, ജെ. ഹാള്‍ദുരൈ, ഭോജരാജന്, ജയകുമാര്‍, ഹനീഫ, രിള്വാന്‍, വിശ്വനാഥന്, ശൈഖ് ദാവൂദ്, നാസറലി, മുസ്തഫ തുടങ്ങിയവര്‍ സംബന്ധിച്ചു.
രാഷ്ട്രീയ കക്ഷികളും വ്യാപാരി സംഘവും ഡ്രൈവേഴ്സ് യൂണിയനും സന്നദ്ധ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
നീലഗിരി ജില്ലയില്‍ 283 ഗ്രാമങ്ങളില്‍ വീടുകള്‍ നിര്‍മിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും നിരോധനം ഏര്‍പ്പെടുത്തിയ ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരേയാണ് ജനകീയ പ്രക്ഷോഭം.
വീടുകള്‍ പൊളിച്ച് മാറ്റാനുള്ള ഉത്തരവ് പിന്‍വലിക്കുക, ഊട്ടിയിലെ സ്വകാര്യ സ്കൂള്‍ മാനേജ്മെന്റ് നടത്തുന്ന അനധികൃത കെട്ടിട നിര്‍മാണം തടയുക, മസിനഗുഡിയില്‍ ആദിവാസി വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, കല്ലട്ടി റോഡ് പൂര്‍ണമായി ഗതാഗതത്തിന് തുറന്ന് കൊടുക്കുക, ഉയര്‍ത്തപ്പെട്ട കെട്ടിട നികുതിയും വീട് നികുതിയും പിന്‍വലിക്കുക, ടൂറിസം മേഖല സംരക്ഷിക്കുക, കൈവശ ഭൂമിക്ക് പട്ടയവും വീടുകള്‍ക്ക് വൈദ്യുതിയും നല്‍കുക, വീട്ട് നമ്പര്‍ നല്‍കാത്ത വീടുകള്‍ക്ക് നമ്പര്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.