കൽപ്പറ്റ: കുംഭാര കോളനികളിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികളുടെ നിർവഹണത്തിനു മാർഗനിർദേശങ്ങളായി. മണ്‍പാത്ര നിർമാണ സമുദായത്തിൽപ്പെട്ട 15 കുടുംബങ്ങളെങ്കിലും ഉൾപ്പെട്ട കോളനിയാണ് പദ്ധതിക്കു തെരഞ്ഞെടുക്കേണ്ടതെന്നു സർക്കാർ ഉത്തരവിൽ പറയുന്നു.
കോളനിയിലെ കുടുംബങ്ങളിൽ 50 ശതമാനമെങ്കിലും പരന്പരാഗത തൊഴിലിൽ ഏർപ്പെട്ടതാകണം. കൂടുതൽ കുടുംബങ്ങളും ജനസംഖ്യയുമുള്ളതും കൂടുതൽ നിർമാണം ആവശ്യമുള്ളതുമായ കോളനികൾക്കു മുൻഗണന ഉണ്ടാകും. നിർമാണങ്ങൾക്കു പൊതുവായ സ്ഥലം ലഭ്യമായിരിക്കണം. പൊതു വർക്ക് ഷെഡ്, മണ്ണുരയന്ത്രം, ചൂള, മാർക്കറ്റ്, മൊബൈൽ വിപണന യൂണിറ്റ്, മൂല്യവർധിത ഉത്പന്ന നിർമാണ പരിശീലന കേന്ദ്രം, കമ്മ്യൂണിറ്റി ഹാൾ, ഗ്രന്ഥശാല, റോഡ്, നടപ്പാത, മണ്ണുസംരക്ഷണം, കുടിവെള്ള വിതരണം, വൈദ്യുതീകരണം എന്നിങ്ങനെ പദ്ധതികൾ നടപ്പിലാക്കാം. ഒരു കോളനിക്കു പരമാവധി ഒരു കോടി രൂപയാണു സഹായം.
തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന അപേക്ഷ പരിശോധിച്ച് പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ, അഡീഷണൽ സെക്രട്ടറി, ഡപ്യൂട്ടി ഡയറക്ടർ എന്നിവരടങ്ങുന്ന സമിതി ശിപാർശ ചെയ്യുന്നതനുസരിച്ചായിരിക്കും കോളനികളുടെ തെരഞ്ഞെടുപ്പ്. ഇതുസംബന്ധിച്ചു തദ്ദേശസ്ഥാപനം പിന്നോക്ക വിഭാഗ വികസന വകുപ്പുമായി കരാറിൽ ഏർപ്പെടണം.
പിന്നോക്ക വിഭാഗ വികസന ഡയറക്ടർ, മേഖല ഡപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്ഥാപനത്തിലെ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ എന്നിവരടങ്ങുന്ന സമിതി പദ്ധതി പ്രവർത്തനം മോണിറ്റർ ചെയ്യണം.