കൽപ്പറ്റ: വന്യജീവി സങ്കേതത്തിന് ചുറ്റും കരുതൽ മേഖല പ്രഖ്യാപിച്ച സുപ്രീം കോടതി ഉത്തരവ് പിൻവലിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് അവശ്യപ്പെട്ട് സേഫ് വയനാട് ഫോറത്തിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. വനമേഖലയിലെ കരുതൽ മേഖല പിൻവലിക്കുക, പരിസ്ഥിതിയുടെ പേരിലുള്ള നിർമാണ നിരോധനം ഒഴിവാക്കുക, ഡബ്ല്യുസിഎസ്, എൽഎ പട്ടയ ഭൂമിയിലെ നിയന്ത്രണങ്ങൾ നീക്കുക, കാടും നാടും വേർതിരിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ മാർച്ച് നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
സേവ് വയനാട് ഫോറം ജില്ലാ ചെയർമാൻ കെ.കെ. വാസുദേവൻ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനർ ജോണി പാറ്റാനി, ഫാ. തോമസ് ജോസഫ് തേരകം (വീ ഫാം ഓർഗനൈസേഷൻ), സാലു ഏബ്രഹാം (മാനന്തവാടി രൂപത പിആർഒ), സൈദ് അലവി (വയനാട് ടൂറിസം അസോസിയേഷൻ), കെ. ലക്ഷ്മണദാസ്(വയനാട് സേവ് ഫോറം), കിഫ ജില്ലാ പ്രസിഡന്റ് ലിസി ജോസഫ്, രാജേഷ്(കോഫി ഗ്രോവേഴ്സ് അസോസിയേഷൻ), സെബാസ്റ്റ്യൻ ചാക്കലക്കൽ, ജോജിൻ ടി. ജോയ്, ഒ.വി. വർഗീസ്, ടിബിൻ വർഗീസ്, അഡ്വ. ജോസ് തണ്ണിക്കോടൻ(ജിഞ്ചർ അസോസിയേഷൻ വയനാട്), വയനാട് ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുൽ മനാഫ് എന്നിവർ പ്രസംഗിച്ചു.
പ്രതീകാത്മക
പ്രതിഷേധവുമായി
കെസിവൈഎം
തരിയോട് മേഖല
തരിയോട്: പരിസ്ഥിതിലോല മേഖല പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി കെസിവൈഎം തരിയോട് മേഖല കൂട്ടായ്മ. കർഷകരെ കെണിയിലാക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ പ്രതീകാത്മക കെണിക്കൂടുമായി കെസിവൈഎം യുവജനങ്ങൾ. കെണിക്കൂട്ടിൽ കടുവയ്ക്കുപകരം കർഷകനെ ഇരുത്തി കർഷകർക്ക് വെല്ലുവിളി ഉയർത്തുന്ന വന്യമൃഗ ശല്യത്തെയും ബഫർ സോണ്‍ പ്രഖ്യാപനവും ചൂണ്ടിക്കാണിച്ചുകൊണ്ട് കെസിവൈഎം തരിയോട് മേഖലയിലെ യുവജനങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കെസിവൈഎം തരിയോട് മേഖല പ്രസിഡന്റ് അഭിനന്ദ് കൊച്ചുമലയിൽ നേതൃത്വം നൽകി. മേഖല ഡയറക്ടർ ഫാ. സിനീഷ് പുത്തൻപുര, ആനിമേറ്റർ സിസ്റ്റർ സിസിലി എസ്എച്ച്, വൈസ് പ്രസിഡന്റ് അപർണ, സെക്രട്ടറിമാരായ മെബിൻ, ജെസ്ലിൻ, കോഡിനേറ്റർ വിനയ, സിൻഡിക്കേറ്റ് അംഗം സെലിൻ, അലൻ തുടങ്ങിയവർ ഈ പ്രതീകാത്മക പ്രതിഷേധത്തിന് നേതൃത്വം നൽകി. തരിയോട് മേഖലയിലെ എല്ലാ യൂണിറ്റ് ഭാരവാഹികളും ആനിമേറ്റർമാരും സജീവ പങ്കാളികളായിരുന്നു.
പരിസ്ഥിതിലോല
മേഖലകൾ നിശ്ചയിക്കുന്പോൾ ജനവാസ മേഖലകൾ ഒഴിവാക്കണമെന്ന്
കൽപ്പറ്റ: വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും പരിസ്ഥിതിലോല മേഖലകൾ നിശ്ചയിക്കുന്പോൾ ജനവാസ മേഖലകൾ ഒഴിവാക്കണമെന്ന് വനിതാ സാഹിതി ജില്ലാ കണ്വൻഷൻ ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബഫർ സോണ്‍ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം വയനാടിനെ വളരെ ദോഷകരമായി ബാധിക്കുമെന്നും ആയതിനാൽ കേന്ദ്ര സർക്കാർ ഇതിൽ നിന്ന് പിൻമാറണമെന്നും വനിതാ സാഹിതി വയനാട് ജില്ലാ കണ്വൻഷൻ പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. ഈ നീക്കം വയനാട് പോലെയുള്ള പ്രദേശങ്ങളെ വളരെ ദോഷകരമായി ബാധിക്കും. ഇത്തരം മേഖലകളിലെ പുതിയ നിർമാണ പ്രവർത്തനം അസാധ്യമാക്കും. പ്രകൃതിക്കൊപ്പം ജനങ്ങളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കപ്പെടണം.
കണ്വൻഷൻ വനിതാ സാഹിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു. നിതാ സാഹിതിജില്ലാ പ്രസിഡന്റ് അജി ബഷീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡെയ്സി മഠത്തിശേരി സംഘടനാ രേഖ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എസ്.എച്ച്. ഹരിപ്രിയ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം. ദേവകുമാർ, പ്രസിഡന്റ് മുസ്തഫ ദ്വാരക, ലിസി പൗലോസ്, സന്ധ്യ, പ്രീണ, സുഹറ, കൊച്ചുറാണി, അനാമിക, എസ്.വി. പ്രതിഭ, പി.എം. സുനിത എന്നിവർ പ്രസംഗിച്ചു.
‘പരിസ്ഥിതിലോല മേഖല
പ്രഖ്യാപനവും കർഷക ദ്രോഹ നടപടികളും
അവസാനിപ്പിക്കണം’
പുൽപ്പള്ളി: കത്തോലിക്കാ കോണ്‍ഗ്രസ് മാനന്തവാടി രൂപത സമിതി ബഫർ സോണ്‍ പ്രഖ്യാപനം പിൻവലിക്കുക, കർഷകരെ അവരുടെ കൃഷിയിടത്തിൽ പണിയെടുക്കുന്നതിന് അനുവദിക്കുക, കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു തുടർ പ്രക്ഷോഭം നടത്താൻ തീരുമാനിച്ചു. കർഷകരെ അവരുടെ കൃഷിയിടത്തിൽ നിന്നും കുടിയിറക്കാൻ ഉള്ള ഏതു ശ്രമത്തെയും ചെറുക്കണമെന്നും വിവിധ ഇടങ്ങളിൽ ബഫർ സോണ്‍ വിഷയത്തിൽ ആളുകൾക്ക് ബോധവൽക്കരണം നടത്താനും രൂപത സമിതി തീരുമാനിച്ചു.
രൂപതാ ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ഡോ. സാജു കൊല്ലപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പി.ജെ. റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്ലോബൽ സെക്രട്ടറി അഡ്വ. ഗ്ലാഡിസ് ചെറിയാൻ, ബീന ജോസ്, ജോയ് പുളിക്കൽ സൈമണ്‍ ആനപ്പാറ, സാജു പുലിക്കോട്ടിൽ, ജോണ്സണ് തോഴുത്തിങ്കിൽ, തോമസ് പാഴുക്കാല, ജിൽസ് മെയ്ക്കൽ,ബിബിൻ ചെന്പക്കര ലവ്ലി ഇല്ലിക്കൽ, ഗ്രേസി ടീച്ചർ, അഡ്വ. സിന്ധു സെബാസ്റ്റ്യൻ, ഷെബിൻ മീനങ്ങാടി എന്നിവർ പ്രസംഗിച്ചു.
വനം മന്ത്രിക്ക്
നിവേദനവുമായി
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
സുൽത്താൻ ബത്തേരി: വയനാട് ജില്ലയിലെ ഇക്കോ സെൻസിറ്റീവ് സോണ്‍ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് വനം മന്ത്രിക്ക് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിവേദനം നൽകി. രാജ്യത്തെ സംരക്ഷിത വനമേഖലകൾക്ക് ചുറ്റും ഒുരുകിലോമീറ്റർ പരിസ്ഥിതി ലോല മേഖല നിർബന്ധമാക്കിയ സുപ്രീം കോടതി ഉത്തരവ് വയനാട് ജില്ലയിലെയും നിരവധി ടൗണുകളേയും ഒട്ടേറെ ഗ്രാമങ്ങളേയും വിനാശകരമായി ബാധിക്കും.
ജില്ലയിലെ കർഷകരടക്കമുള്ള ആളുകൾ നിരന്തരം പ്രകൃതി ദുരന്തങ്ങൾ നേരിട്ട് ജീവിതം ചോദ്യചിഹ്നമായി നിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം ഉത്തരവുകൾ ജനജീവതം ദുരിതപൂർണമാക്കാനേ ഉപകരിക്കുകയുള്ളു. പരിസ്ഥിതി വിഷയത്തിൽ സുപ്രീം കോടതി കോടതി നിയമ നിർമാണം ഏറ്റെടുക്കുന്ന സാഹചര്യവും ഗൗരവമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. കൂടാതെ ജില്ലാപഞ്ചായത്തും മണ്ഡലത്തിലെ നഗരസഭ ഗ്രാമപഞ്ചായത്തുകളടക്കം ബർസോണ്‍ വിധി പുനഃപരിശോധിക്കണമെന്ന് കാണിച്ച് പ്രത്യേക ഗ്രാമ സഭകൾ വിളിച്ച് ചേർത്ത് പ്രമേയം പാസാക്കിയിട്ടുണ്ട്. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വനാതിർത്തികളിൽ താമസിക്കുന്ന കുടുംബങ്ങൾ മുളയരി, തേൻ തുടങ്ങിയ വനവിഭവങ്ങൾ ശേഖരിച്ചും വിപണനം നടത്തിയും ഉപജീവന മാർഗം കണ്ടെത്തുന്നവരാണ്. ഇത്തരം കുടുംബങ്ങൾക്ക് മേൽ വിധി വളരെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന സാഹചര്യമാണുളളതെന്നും ജനങ്ങളുടെ ആശങ്കയകറ്റുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ പറയുന്നു.