കൽപ്പറ്റ: കൃഷി ഭൂമിയും ഉപയോഗപ്രദമായ വീടും അനുവദിക്കണമെന്നാവശ്യപ്പെട്ട് മല്ലികപ്പാറ ഉൗര് നിവാസികൾ കളക്ടറേറ്റിനുമുന്നിൽ കഞ്ഞി വയ്പ് സമരം സംഘടിപ്പിച്ചു. കുറുക്കൻമൂല ആക്ഷൻ കൗണ്സിൽ പ്രവർത്തകർ സമരത്തിൽ പങ്കെടുത്തു. വയനാട് തിരുനെല്ലി മല്ലികപ്പാറ ഉൗര് നിവാസികളായ തങ്ങൾ ഒൻപത് കുടുംബങ്ങൾ ഒരു നൂറ്റാണ്ടോളം ഇവിടെ സ്ഥിര താമസക്കാരായിരുന്നു. ഇപ്പോൾ മക്കളും മരുമക്കളുമായി തങ്ങളുടെ കുടുംബം വികസിച്ചു കഴിഞ്ഞു.
ഒരേക്കർ വീതം കൈവശരേഖയോടു കൂടിയ ഭൂമിയും അതിൽ കാപ്പി, കുരുമുളക് മുതലായ കൃഷിയും ഉണ്ടായിരുന്നു. കാട്ടുമൃഗങ്ങളുടെ ഉപദ്രവത്തിൽ ജീവനും വീടുകളും തകർക്കുകയും തങ്ങൾ വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന ഏക വഴി നാഗമന എസ്റ്റേറ്റുകാർ അന്യായമായി തടഞ്ഞു വയ്ക്കുകയും ചെയ്തതോടെ തങ്ങളുടെ സഞ്ചാരവും ജീവിതവും അസാധ്യമാവുകയും 2015 ൽ വീടും സ്ഥലവും ഉപേക്ഷിച്ച് ഇറങ്ങാൻ നിർബന്ധിതരാവുകയും ചെയ്തു.
ഇവിടം വിട്ടിറങ്ങുന്നതിന് മുൻപ് അധികാര സ്ഥാനങ്ങളിൽ ഉള്ളവർ തങ്ങളെ സമീപിക്കുകയും ഇവിടം വിട്ട് പുറത്ത് വന്നാൽ വീടും സ്ഥലവും പകരം തരാമെന്ന് അറിയിച്ചിരുന്നതുമാണ്. എന്നാൽ അന്നുമുതൽ ഈ ആവശ്യമുന്നയിച്ച് പരാതികളും അപേക്ഷകളും നൽകി അധികാര സ്ഥാപനങ്ങളിൽ കയറി ഇറങ്ങിയതല്ലാതെ നാളിതുവരെയായിട്ടും യാതൊരു ഗുണവുമുണ്ടായിട്ടില്ല.
തങ്ങൾക്കും ഇവിടെ ജീവിക്കണം. വാസയോഗ്യമായ വീടും ഒരേക്കറിൽ കുറയാത്ത കൃഷി ഭൂമിയും കിട്ടിയേ മതിയാകൂ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായാരുന്നു കഞ്ഞിവയ്പ്പ് സമരം.
തിരുനെല്ലി പഞ്ചായത്തിൽ മാത്രം 183 കോളനികളിലായി 14,472 അംഗങ്ങൾ അടങ്ങിയ 4120 കുടുംബങ്ങളാണുള്ളത്.
തങ്ങൾക്ക് ആവശ്യമായത്ര ഉപയോഗപ്രദമായ കൃഷിഭൂമിയും വീടും തരാൻ പഞ്ചായത്തിൽത്തന്നെ സാധ്യതകൾ ഉണ്ടെന്നിരിക്കെ ലൈഫ് മിഷൻ, സ്വപ്ന പദ്ധതി എന്നിങ്ങനെ പല പേരിലും നാല് സെന്റ് ഭൂമിയും ചോർന്നോലിക്കുന്ന വീടും നൽകി കോളനികളിൽ തളച്ചിടുകയാണ്. കളക്ടറേറ്റ് പടിക്കലിൽ സംഘടിപ്പിച്ച കഞ്ഞിവയ്പ്പ് സമരം മക്തബ് പത്രാധിപൻ സുനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. എം. ഗൗരി അധ്യക്ഷത വഹിച്ചു. അമ്മിണി കുറുക്കൻമൂല സമരത്തിന്റെ ഭാഗമായി കഞ്ഞിവച്ചു. അഭിറാം മല്ലികപ്പാറ, ആദിവാസി വിമോചന മുന്നണി നേതാവ് അരുവിക്കൽ കൃഷ്ണൻ, കാർത്തികേയൻ മനുഷ്യാവകാശ പ്രവർത്തകൻ, വെൽഫെയർ പാർട്ടി നേതാവ് സെയ്ത് കുടുവ, സുബൈർ, ഡോ.ഹരി, അജയൻ മണ്ണൂർ, മുജീബ് റഹ്മാൻ, തങ്കമ്മ ആദിവാസി സമര സംഘം, വിനു ഗാജഗഡി, പാർവതി ഗാജഗഡി, ഷാന്റോ ലാൽ, നിഹാരിക, സി.കെ. ഗോപാലൻ, സി.പി. നഹാസ്, മീനാക്ഷി ചക്കണി എന്നിവർ പ്രസംഗിച്ചു.
കൃഷി ഭൂമിയും ഉപയോഗപ്രദമായ വീടും അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപെട്ടു കളക്ടർക്ക് നിവേദനവും നൽകി.