സുൽത്താൻ ബത്തേരി: ബത്തേരി ടൗണിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ കടുവയുടെ ഭീഷണി ഉയർന്നതിനെ തുടർന്ന് വനം വകുപ്പിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്. വന്യമൃഗ ശല്യത്തിനെതിരേ കടുത്ത പ്രതിഷേധത്തിന് തയാറെടുക്കുകയാണ് നഗരസഭ. ജനവാസ കേന്ദ്രങ്ങളിൽ കടുവ ഇറങ്ങി ഭീതിപരത്തുന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾ വനം വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് നഗരസഭ ചെയർമാൻ ടി.കെ. രമേശിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന മുന്നറിയിപ്പും നൽകി. സത്രംകുന്ന്, കട്ടയാട്, മാനിക്കുനി, ചീനപ്പുല്ല, ബീനാച്ചി, മന്ദംകൊല്ലി, പൂതിക്കാട് തുടങ്ങിയ സ്ഥലങ്ങളിലാണ് കടുവ പ്രത്യക്ഷപ്പെട്ടത്. കടുവയുടെ സാന്നിധ്യം ഉറപ്പാക്കിയതോടെ പോലീസും മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. പന്നിയെ കടുവ കൊന്നു തിന്നതായും കണ്ടെത്തിയിരുന്നു. ഈ ഭാഗത്ത് മൂന്ന് കാമറകളും വനംവകുപ്പ് സ്ഥാപിച്ചു.
ദൊട്ടപ്പൻകുളത്തെ ശ്രീജിത്തിന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം കടുവയെ കണ്ടത്. ഇതോടെ ജനങ്ങൾ ഭീതിയിലായി. കടുവയുടെ കാൽപാട് കണ്ട് വനം വകുപ്പ് അധികൃതർ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു. എന്നിട്ടും കൂടുവച്ച് പിടികൂടാൻ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ കൂട് സ്ഥാപിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന മുന്നറിയിപ്പും നഗരസഭ നൽകി.
ബീനാച്ചി എസ്റ്റേറ്റിൽ മാത്രം മൂന്ന് കടുവകളുണ്ടെന്നാണ് അധികൃതർ പറയുന്നത്. കടുവകൾ ജനങ്ങൾക്ക് ഭീഷണി ഉയർത്തിയിട്ടും ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് തടയുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നില്ല. അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഡെപ്യൂട്ടി ചെയർപേഴ്സണ് എൽസി പൗലോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. റഷീദ്, ലീഷ, ടോം ജോസ്, വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് കെ.ജെ. ദേവസ്യ, അഡ്വ.സതീഷ് പൂതിക്കാട്, പി.പി. അയൂബ്, കെ.സി. യോഹന്നാൻ, രാജേഷ്, പാസ്റ്റർ ചെറിയാൻ, സോമനാഥൻ, പി.വൈ. മത്തായി, സി. അബ്ദുൾ കാദർ, ബെല്ലിഗ്രഹാം എന്നിവർ പ്രസംഗിച്ചു.