കൽപ്പറ്റ: ജില്ലയിലെ വാക്സിനേഷൻ പൂർണ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും 27, 28 തീയതികളിൽ വിപുലമായ വാക്സിനേഷൻ ക്യാന്പുകൾ സംഘടിപ്പിക്കും. അന്പലവയൽ ഒഴികെയുള്ള 25 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 75 ക്യാന്പുകളാണ് രണ്ട് ദിവസങ്ങളിലായി നടത്തുന്നത്. പട്ടികവർഗ വിഭാഗങ്ങളിലുള്ളവരുടെ വാക്സിനേഷൻ പൂർത്തീകരണം യജ്ഞത്തിന്റെ മുഖ്യ ലക്ഷ്യമാണ്.
15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾ, വിവിധ കാരണങ്ങളാൽ ആദ്യ ഡോസ് സ്വീകരിക്കാത്തവർ, രണ്ടാം ഡോസ് എടുക്കാത്തവർ, ബൂസ്റ്റർ ഡോസിന് യോഗ്യതയുള്ളവർ എന്നിവർക്കെല്ലാം ക്യാന്പുകളിലെത്തി വാക്സിൻ സ്വീകരിക്കാം. അന്പലവയലിൽ വാക്സിനേഷൻ ഏറെക്കുറെ പൂർത്തീകരണ ഘട്ടത്തിലായതിനാൽ ഇവിടെ പ്രത്യേക ക്യാന്പില്ല.
പട്ടികവർഗ വിഭാഗത്തിൽ പെട്ടവർ, കുട്ടികൾ ഉൾപ്പെടെയുള്ളവരെ ക്യാന്പുകളിലെത്തിച്ച് വാക്സിനേഷൻ യജ്ഞം വൻ വിജയമാക്കണമെന്ന് ജില്ലാ കളക്ടർ എ. ഗീത അഭ്യർഥിച്ചു. തദ്ദേശ സ്ഥാപന അധ്യക്ഷർ, വാർഡ് അംഗങ്ങൾ, ട്രൈബൽ പ്രൊമോട്ടർമാർ, സ്കൂൾ കോളജ് അധ്യാപകർ, ആശ വാർക്കർമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി എല്ലാവരും കോളനികളിലുള്ളവരെ ഉൾപ്പെടെ വാക്സിനേഷന് എത്തിക്കാൻ മുൻകയ്യെടുക്കണം.
ആകെ 7500 ആളുകൾക്കാണ് ഒന്നാം ഡോസ്, രണ്ടാം ഡോസ്, ബൂസ്റ്റർ ഡോസ് എന്നിവ നൽകാൻ ഉദ്ദേശിക്കുന്നത്. പട്ടികവർഗ കോളനികളിൽ നിന്നും ക്യാന്പുകളിലേക്ക് ആളുകളെ എത്തിക്കുന്നതിന് പട്ടികവർഗ വികസന വകുപ്പ് വാഹന സൗകര്യം ഒരുക്കും.
മാനന്തവാടി സബ് കളക്ടർ ആർ. ശ്രീലക്ഷ്മിക്കാണ് യജ്ഞത്തിന്റെ ഏകോപന ചുമതല. ഇത് സംബന്ധിച്ച് ഓണ്ലൈനായി ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എ. ഗീത അധ്യക്ഷത വഹിച്ചു. എഡിഎം എൻ.ഐ. ഷാജു, സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. സക്കീന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
1070 പേർക്കുകൂടി കോവിഡ്
കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 1070 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 214 പേർ രോഗമുക്തി നേടി. 37 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സന്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,44,562 ആയി. 1,37,360 പേർ രോഗമുക്തരായി.
നിലവിൽ 5,373 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 5,118 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. 759 കോവിഡ് മരണം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 616 പേർ ഉൾപ്പെടെ ആകെ 15,988 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 2,224 സാന്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു. നിലവിൽ ജില്ലയിൽ എട്ട് ആക്ടീവ് കോവിഡ് ക്ലസ്റ്ററാണ് ഉളളത്.