കൽപ്പറ്റ: നിയോജക മണ്ഡലത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യം വെച്ച് ടി. സിദ്ദിഖ് എംഎൽഎ യുടെ നേതൃത്വത്തിൽ സ്പാർക്ക് എന്ന പുതിയ പദ്ധതിക്ക് തുടക്കമാകുന്നു. അങ്കണവാടി തലം മുതൽ ഉന്നത വിദ്യാഭ്യാസ മേഖലവരെ പത്ത് പദ്ധതികൾ ഉൾകൊള്ളുന്നതാണ് സ്പാർക്ക് എന്ന പേരിലുള്ള സിഗ്നേച്ചർ പ്രോഗ്രാം ഫോർ അഡ്വാർസ്മെന്റ് ആൻഡ് റീജുവനേഷൻ ഓഫ് കൽപ്പറ്റ പദ്ധതി.
കേന്ദ്ര- സംസ്ഥാന സർക്കാർ ഫണ്ടുകൾ, എംപി, എംഎൽഎ ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട്, സിഎസ്ആർ ഫണ്ട് എന്നിവ ഇതിനായി ഉപയോഗിക്കും. വിദ്യാഭ്യാസ മേഖലയിലെ ഒരു വിദഗ്ധ സംഘം ഇതിന് നേതൃത്വം വഹിക്കും.
കൽപ്പറ്റയിലെ എല്ലാ പ്രീ പ്രൈമറി സ്കൂളുകൾ, അങ്കണവാടികൾ മുതൽ കോളജുകൾ വരെയുള്ളവയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒപ്പം ഒപ്പത്തിനൊപ്പം, ആദിവാസി വിദ്യാർഥികളുടെ സാംസ്കാരിക- സാമൂഹിക- അക്കാഡമിക - കായിക വികസനത്തിന് ഗദ്ദിക, അതാത് മേഖലയിലെ ദേശീയ അന്തർ ദേശീയ തലത്തിലുള്ള പ്രമുഖരുടെ പ്രഭാഷണങ്ങൾ ഉൾപ്പെടുത്തി വാക്ക് വിത്ത് സ്കോളർ, സ്കൂളിലെയും കോളജിലെയും എല്ലാ വിദ്യാർഥികൾക്കും കരിയർ അഡ്വാൻസ്ഡ് പ്രോഗ്രാമായ മൈ കരിയർ ഡ്രീം, കേരളത്തിലും പുറത്തുമുള്ള സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും മറ്റ് അക്കാദമിക കേന്ദ്രങ്ങളിലും വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുന്നതിന് ബിയോണ്ട് ദി ഹൊറൈസണ് പരിശീലന പദ്ധതി.
എല്ലാ കാന്പസുകൾക്കുമായി ഒരു നൂതന ഗ്രീൻ സ്കൂൾ ക്ലീൻ സ്കൂൾ പദ്ധതി, മികച്ച വിദ്യാർഥികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കാനുള്ള ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം, തിയറ്റർ, പെർഫോമിംഗ് ആർട്സ് എന്നിവയിൽ കഴിവ് തെളിയിക്കുന്നതിന് മാനസിക സൗഖ്യം ഉറപ്പാക്കുന്നതിനുള്ള പന്പരം പദ്ധതി, വായനാ പ്രചരണത്തിന് മൈ ബുക്ക് മൈ പ്രൈഡ്, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലെ എല്ലാ വിജയികളെയും അനുമോദിക്കുന്ന ഓൾ ആർ വിന്നേഴ്സ് എന്നിവയാണ് നടപ്പാക്കുന്ന പത്ത് പദ്ധതികൾ.
എൻഎംഎംഎസ് കം സിവിൽ സർവീസ് ഫൗണ്ടേഷൻ കോച്ചിംഗും ഇതിന്റെ ഭാഗമാണ്. രണ്ട് പദ്ധതികളിലായി അഞ്ഞൂറോളം വിദ്യാർഥികൾ സ്പാർക്ക് പദ്ധതിയുടെ ഭാഗമാകുമെന്ന് എംഎൽഎ പറഞ്ഞു. വിദ്യാഭ്യാസ വിദഗ്ധനും അമേരിക്കയുടെ ബ്രൈറ്റ് സ്കോളർ പുരസ്കാര ജേതാവുമായ കെ.വി. മനോജും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.