കണിയാന്പറ്റ: 21 വർഷമായി നൂലാമാലകളിൽ കുരുങ്ങിക്കിടന്ന കൂടോത്തുമ്മൽ-വേലിയന്പം റോഡ് നിർമാണത്തിന് വീണ്ടും വഴിയൊരുങ്ങി. ജനകീയ ഇടപെടലിലൂടെയാണ് തടസങ്ങൾ പരിഹരിച്ചത്. റോഡ് വികസനത്തിനാവശ്യമായ സ്ഥലം വിട്ടുകിട്ടാതിരുന്നതാണ് നിർമാണം പാതിവഴിയിൽ മുടങ്ങാൻ കാരണം. നിലവിൽ ജനപ്രതിനിധികൾ ഇടപെട്ട് ഭൂഉടമകളുമായി സംസാരിച്ച് പ്രശ്നപരിഹാരം കണ്ടെത്തി. ജനകീയ പങ്കാളിത്തത്തോടെ സമാഹരിച്ച എട്ടുലക്ഷം രൂപ ഭൂ ഉടമകൾക്ക് നഷ്ടപരിഹാരമായി നൽകിയാണ് തടസം നീക്കിയത്. ഇന്നലെ കൂടോത്തുമ്മലിൽ നടന്ന ചടങ്ങിൽ നഷ്ടപരിഹാരത്തുകയുടെ കൈമാറ്റം ടി. സിദ്ദിഖ് എംഎൽഎ നിർവഹിച്ചു.
വയനാടിന്റെ വികസന സാധ്യതകളിൽ ഏറെ പ്രാധാന്യമുള്ള റോഡുകളിൽ ഒന്നാണ് വേലിയന്പം-നെയ്ക്കുപ്പ-നടവയൽ- നെല്ലിയന്പം വഴി കൂടോത്തമ്മലിലൂടെ കടന്നുപോകുന്ന റോഡ്. പുൽപ്പള്ളി പ്രദേശത്തെ കൽപ്പറ്റയുമായി ബന്ധിപ്പിക്കുന്നതിന് ദൂരം കുറവുള്ള റോഡാണിത്. ഈ റോഡ് യാഥാർത്ഥ്യമായാൽ മീനങ്ങാടി, കേണിച്ചിറ, ബത്തേരി, പനമരം ടൗണുകളെ സ്പർശിക്കാതെ പുൽപ്പള്ളി മേഖലയിലുള്ളവർക്ക് എളുപ്പത്തിൽ ജില്ലാ ആസ്ഥാനത്ത് എത്താൻ കഴിയും.
റോഡിന്റെ പ്രവൃത്തി കഴിഞ്ഞ 21 വർഷമായി ഭൂമി സംബന്ധിച്ചുള്ള തർക്കത്തിൽ പെട്ട് മുടങ്ങിക്കിടക്കുകയായിരുന്നു. 2009 ൽ അന്നത്തെ എംഎൽഎ ആയിരുന്ന എം.വി. ശ്രേയാംസ്കുമാർ ഫണ്ട് അനുവദിച്ചെങ്കിലും രണ്ടു പാലങ്ങൾ മാത്രമാണ് പൂർത്തീകരിക്കാൻ സാധിച്ചത്. പിന്നീട് സ്ഥലം ലഭ്യമാകുന്നതിനെചൊല്ലി ഉയർന്ന തർക്കങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ല. പിന്നീട് ലീഗൽ സർവീസ് സൊസൈറ്റിയുടെ ഇടപെടലിലൂടെ തർക്ക ഭൂമി അളന്ന് തിട്ടപ്പെടുത്തി പഞ്ചായത്തിന് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ സി.കെ. ശശീന്ദ്രൻ എംഎൽഎ ആയിരുന്ന സമയത്ത് 6.75 കോടി രൂപ ഫണ്ട് അനുവദിച്ച പ്രവർത്തി ആരംഭിച്ചെങ്കിലും ഭൂവുടമകൾ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.
അതോടെ പ്രവർത്തി പാതിവഴിയിലായി. തുടർന്ന് ടി. സിദ്ദിഖ് എംഎൽഎ ഇടപെട്ടു. വർഷങ്ങളായി ഭൂവുടമകൾക്ക് വന്നിട്ടുള്ള കഷ്ടനഷ്ടങ്ങളും കേസിനു വന്നിട്ടുള്ള ചെലവുകളും കണക്കാക്കി നഷ്ടപരിഹാരത്തുക നൽകിക്കൊണ്ട് പ്രശ്നം പരിഹരിക്കുന്നതിന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ജനകീയ സമിതി രൂപീകരിച്ചു എട്ടുലക്ഷം രൂപ ജനങ്ങളിൽ നിന്നും സമാഹരിച്ചു. കേവലം ഒരു മാസം കൊണ്ടാണ് ഇത്രയും തുക ജനകീയസമിതി സ്വരൂപിച്ചത്. കണിയാന്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കമലാ രാമൻ, വൈസ് പ്രസിഡന്റ് നജീബ് കരണി അടക്കമുളളവരുടെ ഇടപെടലും കൂടിയായപ്പോൾ തുക സമാഹരണം വേഗത്തിലായി. തുക കൈമാറ്റ ചടങ്ങിൽ കമലാ രാമൻ അധ്യക്ഷത വഹിച്ചു.
നജീബ് കരണി, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നക്കുട്ടി ജോസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കെ. കുഞ്ഞായിഷ, സുമ, എ.എൻ. സുരേഷ്, വി.പി യൂസഫ്, സി. സുരേഷ് ബാബു, ഡോ. അംന്പി ചിറയിൽ, ഇ.കെ. ഉണ്ണികൃഷ്ണൻ, ടി.വി. രഘു, വിൻസെന്റ് ചേരവേലിൽ, സന്ധ്യാ ലിഷു, ഷംസുദ്ദീൻ പള്ളിക്കര, സരിത മണികണ്ഠൻ, സുജേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.