പുൽപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പു ഒരുക്കത്തിനിടെ കോണ്ഗ്രസ് പ്രദേശിക ഘടകത്തിൽ കലാപം. മണ്ഡലം പ്രസിഡന്റ് വി.എം. പൗലോസിനെ ചുമതലയിൽനിന്നു നീക്കാൻ ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ തയാറാകണമെന്നു ആവശ്യപ്പെട്ടു രംഗത്തുവന്നിരിക്കയാണ് പാർട്ടിയിലെ ഒരു വിഭാഗം.
ബാലകൃഷ്ണൻ തുടർച്ചയായ മൂന്നാം തവണ ബത്തേരി മണ്ഡലത്തിൽ മത്സരിക്കാനിരിക്കെയാണ് കോണ്ഗ്രസിനു ആഴത്തിൽ വേരോട്ടമുള്ള പുൽപ്പള്ളിയിലെ പുത്തൻ പ്രശ്നം.
ദീർഘകാലം പാർട്ടി മണ്ഡലം പ്രസിഡന്റായിരുന്നു വി.എം. പൗലോസ്. വർഷങ്ങൾക്കു മുന്പ് ഇദ്ദേഹത്തെ മാറ്റി ടി.എസ്. ദിലീപ്കുമാറിനെ പ്രസിഡന്റാക്കി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ദിലീപ്കുമാർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്കു മത്സരിക്കുന്ന ഘട്ടത്തിൽ വി.എം. പൗലോസിനു ഡിസിസി പ്രസിഡന്റ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നൽകി. ഡിസംബർ മുതൽ പൗലോസ് പ്രസിഡന്റ് പദവിയിലിരിക്കെയാണ് അദ്ദേഹത്തിനെതിരെ നീക്കം.
ഡിസിസി സെക്രട്ടറി എൻ.യു. ഉലഹന്നാൻ, നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ദിലീപ്കുമാർ, കോണ്ഗ്രസ് പ്രാദേശിക നേതാക്കളായ സണ്ണി തോമസ്, കെ.എൽ. ജോണി, റെജി പുളിങ്കുന്നേൽ, വി.ജെ. കുര്യാച്ചൻ, സി.പി. കുര്യാക്കോസ്, സി.പി. ജോയി, പി.ഡി. ജോണി, മണി ഇല്യന്പത്ത്, വാസുദേവൻ, ടി.പി. മർക്കോസ്, ശോഭന സുകു, ജോളി നരിതുക്കിൽ, ശ്രീദേവി മുല്ലക്കൽ, രാജു തോണിക്കടവ്, രജിത്ര തുടങ്ങിയവർ പങ്കെടുത്ത യോഗമാണ് വി.എം. പൗലോസിനെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഡിസിസി പ്രസിഡന്റ് ഇതിനു തയാറായില്ലെങ്കിൽ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിൽക്കുമെന്നു മുന്നറിയിപ്പും നൽകി.
പാർട്ടി പ്രദേശിക ഘടകത്തിലെ ഐ ഗ്രൂപ്പിലുള്ള ചേരിപ്പോരാണ് പ്രശ്നത്തിനു പിന്നലെന്നാണ് അറിയുന്നത്. ഐ ഗ്രൂപ്പിലെ കെ.കെ. ഏബ്രഹാം ചേരിയിലുള്ള നേതാവാണ് വി.എം. പൗലോസ്. കെപിസിസി മെംബർ കെ.എൽ. പൗലോസിന്റെ ചേരിയിലുള്ളവരാണ് ഇന്നലെ യോഗം ചേർന്നു മണ്ഡലം പ്രസിഡന്റിനെ നീക്കണമെന്നു ആവശ്യപ്പെട്ടത്.