കൽപ്പറ്റ: മാലിന്യ സംസ്കരണ രംഗത്ത് മികവ് തെളിയിച്ച് ജില്ലയിലെ എട്ട് തദ്ദേശസ്ഥാപനങ്ങൾ കൂടി ശുചിത്വ പദവിയിലേക്ക്. പനമരം, നെൻമേനി, നൂൽപ്പുഴ, അന്പലവയൽ, തവിഞ്ഞാൽ, വെള്ളമുണ്ട, തിരുനെല്ലി, കണിയാന്പറ്റ പഞ്ചായത്തുകളാണ് രണ്ടാം ഘട്ടത്തിൽ ശുചിത്വ പദവി നേടിയത്. തദ്ദേശസ്വയം ഭരണ മന്ത്രി എ.സി. മൊയ്തീൻ ഓണ്‍ലൈൻ വഴിയാണ് പ്രഖ്യാപനം നടത്തിയത്.
ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കന്പനി, കുടുംബശ്രീ, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി പദ്ധതി എന്നിവ സംയുക്തമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും തദ്ദേശ സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ ആവിഷ്കരിച്ച നടപടി ക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്കരണത്തിൽ മികവ് തെളിയിച്ച തദ്ദേശ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തെരഞ്ഞെടുത്തത്. ഹരിത കേരളം മിഷൻ എക്സിക്യുട്ടീവ് വൈസ്ചെയർ പേഴ്സണ്‍ ഡോ.ടി.എൻ. സീമ ചടങ്ങിൽ പങ്കെടുത്തു.
കണിയാന്പറ്റ: പഞ്ചായത്തിനു ശുചിത്വ പദവി ലഭിച്ചതിന്റെ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ നിർവഹിച്ചു. ഹരിത ഓഫീസുകളായ കൃഷിഭവൻ, ഗവ.ഹൈസ്കൂൾ, കന്പളക്കാട് ഗവ.യു.പി സ്കൂൾ, നടവയൽ ഗവ.ആയുർവേദ ആശുപത്രി, വരദൂർ പ്രൈമറി ഹെൽത്ത് സെന്റർ എന്നിവയ്ക്കുള്ള സർട്ടിഫിക്കറ്റും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കമലാ രാമൻ അധ്യക്ഷത വഹിച്ചു. വിഇഒ സുഭാഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
ശുചിത്വ മിഷൻ ജില്ലാ കോഓർഡിനനേറ്റർ വി.കെ. ശ്രീലത പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കെ. കുഞ്ഞായിഷ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു ജേക്കബ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ പി.എൻ. സുമ, വാർഡ് അംഗം വി.കെ. ശശിധരൻ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് എം.പി. നജീബ് കരണി സ്വാഗതവും സെക്രട്ടറി വി. ഉസ്മാൻ നന്ദിയും പറഞ്ഞു.