കൽപ്പറ്റ: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവായ ജില്ലയിൽ വിദ്യാർഥികൾക്കും തൊഴിൽ അന്വേഷകർക്കും നൂതന കോഴ്സുകളും പരിശീലനങ്ങളും നൽകി അസാപ് മുന്നേറുന്നു. ജില്ലയിൽ ഇതുവരെ 9,935 വിദ്യാർഥികൾ വിവിധ കോഴ്സുകളിൽ പഠനത്തോടൊപ്പം പരിശീലനം നേടി. പഠനം പൂർത്തിയാക്കിയവരിൽ 116 പേർ വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ നേടി.
യുവാക്കൾക്കു തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനു പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ കീഴിലാണ് അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം(അസാപ്)പ്രവർത്തിക്കുന്നത്. പുത്തൻ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തി യുവാക്കളെ തൊഴിൽ നേടാൻ പ്രാപ്തരാക്കുന്ന നൈപുണ്യ പരിശീലനമാണ് അസാപ് നടത്തുന്നത്. സ്കൂളുകളിലും കോളജുകളിലും അസാപ് വിവിധ കോഴ്സുകളിൽ പരിശീലനം നൽകുന്നു.
ജില്ലയിൽ മുണ്ടേരി ജിവിഎച്ച്എസ്എസ്, മീനങ്ങാടി ജിഎച്ച്എസ്എസ്, ബത്തേരി സർവജന ഹയർ സെക്കൻഡറി സ്കൂൾ, പെരിക്കല്ലൂർ ജിഎച്ച്എസ്എസ്, മാനന്തവാടി ഗവ.കോളജ്, മാനന്തവാടി ജിവിഎച്ച്എസ്എസ് എന്നിവിടങ്ങളിലാണ് അസാപ് സ്കിൽ ഡെവലപ്മെന്റ് സെന്റർ ഉള്ളത്. ഇവയ്ക്കു കീഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അസാപ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്, സ്കൂൾ, കോളജ് ഉൾപ്പെടെ 58 വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് അസാപ് യൂണിറ്റുകൾ വിദ്യാർഥികൾക്ക് വഴികാട്ടിയാവുന്നത്.
തൊഴിൽ പരിശീലന സാധ്യത വർധിപ്പിക്കുന്നതിനു മാനന്തവാടിയിൽ തുടങ്ങിയ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കൂടുതൽ യുവാക്കൾക്ക് തൊഴിൽ നേടാൻ സഹായകമാകുമെന്നു അസാപിനു ചുക്കാൻ പിടിക്കുന്നവർ പറയുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബഹുമുഖ നൈപുണ്യ കേന്ദ്രമായാണ് സ്കിൽ പാർക്ക് പ്രവർത്തിക്കുക. ദേശീയ നൈപുണ്യ വികസന ചട്ടക്കൂട് (എൻഎസ്ക്യുഎഫ്) പ്രകാരമുള്ള നൂതന തൊഴിൽ നൈപുണ്യ കോഴ്സുകൾ സ്കിൽ പാർക്കിലുണ്ടാകും. സൗകര്യങ്ങൾ ഒരുക്കിവരികയാണ്. പ്രായഭേദമന്യേ എല്ലാ വിഭാഗത്തിലുള്ളവർക്കും അഭികാമ്യമായ കോഴ്സുകളിൽ പങ്കെടുക്കാമെന്നതാണ് സ്കിൽ പാർക്കിന്റെ മറ്റൊരു സവിശേഷത. പരിശീലനത്തിനു സാങ്കേതിക മികവോടു കൂടിയ ലാബുകളാണ് ഇവിടെ സജ്ജീകരിച്ചത്.
ജില്ലയിൽ ഗവ.എൻജിനിയറിംഗ് കോളജിലും മാനന്തവാടി, മീനങ്ങാടി, മേപ്പാടി പോളിടെക്നിക്കുകളിലും അഡ്വാൻസ്ഡ് സ്കിൽ ഡെവലപ്മെന്റ് സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡവലപ്പർ, ലൈഫ് സ്കിൽ മൊഡ്യൂൾ, ഗൂഗിൾ അസോസിയേറ്റ് ക്ലൗഡ് എൻജിനിയർ, റോബോട്ടിക് പ്രോസസ് ഓട്ടോമോഷൻ, സെയിൽസ് ഫോഴ്സ് ഡെവലപ്പർ, ആമസോണ്‍ വെബ് സർവീസസ് തുടങ്ങിയ കോഴ്സുകൾ വിദ്യാർഥികൾക്കായി നടത്തുന്നുണ്ട്.
പത്താംതരം വിജയിച്ച പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും തൊഴിലധിഷ്ഠിത നൈപുണ്യ വികസനത്തിനു ഷീ സ്കിൽസ് പദ്ധതി ജില്ലയിൽ നടപ്പിലാക്കിയിട്ടുണ്ട്. മ്യൂച്വൽ ഫണ്ട് ഏജന്റ്, ഹാൻഡ് എംബ്രോയിഡറി, അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ് തുടങ്ങിയവയിലാണ് ഈ പദ്ധതിയിൽ പരിശീലനം. നേതൃപാടവം, ആശയവിനിമയശേഷി, സംഘാടനശേഷി എന്നിവ വളർത്താനുള്ള പരിശീലനങ്ങളും സ്ത്രീകൾക്കു നൽകുന്നുണ്ട്.