കൽപ്പറ്റ: വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച യൂത്ത് ക്ലബുകൾക്കു നെഹ്റു യുവകേന്ദ്ര നൽകുന്ന ജില്ലാ യൂത്ത് ക്ലബ് അവാർഡിന് പുൽപ്പള്ളി സെന്റർ ഫോർ ലൈഫ് സ്കിൽ ലേണിംഗിനെ തെരഞ്ഞെടുത്തു. ആരോഗ്യം, പരിസ്ഥിതി, ശുചിത്വം, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, ഡിജിറ്റൽ സേവനങ്ങൾ, ദേശീയ-അന്തർദേശീയ ദിനാചരണങ്ങൾ, സാമൂഹിക അവബോധ ക്ലാസുകളുടെ സംഘാടനം, പൊതുമുതൽ നിർമാണവും സംരക്ഷണവും, കലാ-സാംസ്കാരിക-കായിക-സാഹസിക പരിപാടികൾ തുടങ്ങിയ മേഖലകളിൽ 2019 ഏപ്രിൽ ഒന്നു മുതൽ 2020 മാർച്ച് 31 വരെ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സെന്ററിനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 30നു സമ്മാനിക്കും.
കർഷകസമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു
കൽപ്പറ്റ: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നു ആവശ്യപ്പെട്ടു ഡൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിനു വയനാട് ഗാന്ധിദർശൻ ഹരിതവേദി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചിരാത തെളിയിച്ചു ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കൽപ്പറ്റ നിയോജകമണ്ഡലംതല പരിപാടി തൃക്കൈപ്പറ്റയിൽ അഡ്വ.ജോഷി സിറിയക് ഉദ്ഘാടനം ചെയ്തു. വേദി ജില്ലാ ചെയർമാൻ ഇ.വി. ഏബ്രഹാം അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം അരുണ്‍ദേവ് മുഖ്യപ്രഭാഷണം നടത്തി. വേദി ജില്ലാ ജനറൽ കണ്‍വീനർ വി.എസ്. ബെന്നി, പ്രമോദ് തൃക്കൈപ്പറ്റ, എൽദോ കെ. ഫിലിപ്പ്, കെ.ആർ. രാജീവ്, പി. സഫ്വാൻ, ജോസ് കൈപ്പട്ടിയിൽ എന്നിവർ പ്രസംഗിച്ചു.