കൽപ്പറ്റ: എടവക പഞ്ചായത്തിലെ മൂളിത്തോടിൽ മണ്ണണ നിർമിച്ചു തൊണ്ടാർ ജലസേചന പദ്ധതി പ്രാവർത്തികമാക്കാനുള്ള നീക്കത്തിനെതിരെ ഡാം വിരുദ്ധ ആക്ഷൻ കൗണ്‍സിൽ മുളിത്തോട് എ.എൽ.പി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സമരസംഗമം ജനപങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായി. എടവക, വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകളിൽനിന്നായി സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ സംഗമത്തിൽ പങ്കെടുത്തു.
നിർദിഷ്ട പദ്ധതി പ്രദേശത്തിനു പുറത്തുനിന്നുള്ള പരിസ്ഥിതി പ്രവർത്തകരും സംഗമത്തിനെത്തി. 148.35 ഹെക്ടർ കൃഷിഭൂമിയും 1,371.13 മീറ്റർ ജില്ലാ റോഡും 1,891 മീറ്റർ ഗ്രാമീണ റോഡും അനേകം വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലാക്കുന്ന തൊണ്ടാർ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന പ്രമേയം സംഗമം അംഗീകരിച്ചു. ജലസേചനത്തിനു ആസൂത്രണം ചെയ്ത വൻകിട പദ്ധതികളായ കാരാപ്പുഴയും ബാണാസുരസാഗറും ഇനിയും ലക്ഷ്യംകാണാത്ത സാഹചര്യത്തിൽ 450 കോടി രൂപ മുടക്കി തൊണ്ടാർ പദ്ധതി നടപ്പിലാക്കുന്നതിന്റെ യുക്തിയും ശാസ്ത്രീയ അടിത്തറയും സംഗമം ചോദ്യം ചെയ്തു. പദ്ധതി വിഷയത്തിൽ പ്രദേശത്തെ ഒരോ വീട്ടിലുമെത്തി അധികാരികൾ ഹിതപരിശോധന നടത്തണമെന്നു ആവശ്യപ്പെട്ടു.
പരിസ്ഥിതി പ്രവർത്തകൻ കെ.സഹദേവൻ ഉദ്ഘാടനം ചെയ്തു. അണക്കെട്ടുകളും വരൾച്ചയുമായി വലിയ ബന്ധമുണ്ടെന്നു അദ്ദേഹം പറഞ്ഞു. പുതിയ കാലത്ത് ലോകം വൻകിട അണക്കെട്ടുകളെ തള്ളിപ്പറയുന്പോൾ ഇവിടെയും വികസന കാഴ്ചപ്പാടുകളിൽ മാറ്റം ഉണ്ടാകണം. പദ്ധതിമൂലം ബാധിക്കപ്പെടുന്നവരെ അധികൃതർ കൃത്യമായി കേൾക്കണം. ജനങ്ങൾ ആശങ്ക അറിയിച്ചാൽ ശാസ്ത്രീയ അടിത്തറ ഇല്ലെങ്കിൽക്കൂടി പദ്ധതി പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നുണ്ട്. പദ്ധതിയെക്കുറിച്ചു കൃത്യമായ വിവരം ജനങ്ങൾക്കു നൽകാതെയുള്ള പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണ്. രാജ്യത്ത് ഇതിനകം അണക്കെട്ടുകൾക്കായി കുടിയിറക്കിയവരിൽ അധികവും ആദിവാസികളും ചെറുകിട കർഷകരുമാണെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ.ഫാ.സ്റ്റീഫൻ മാത്യു അധ്യക്ഷത വഹിച്ചു. ആക്ഷൻ കൗണ്‍സിൽ കോ ഓർഡിനേറ്റർ എസ്.ഷറഫുദ്ദീൻ ആമുഖപ്രഭാഷണവും ചെയർമാൻ വി.അബ്ദുല്ലഹാജി സമരപ്രഖ്യാപനവും നടത്തി. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ്, തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, ജില്ലാ പഞ്ചായത്തംഗം കെ.വിജയൻ, വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ.ബാദുഷ, സെക്രട്ടറി തോമസ് അന്പലവയൽ, ഷബീറലി, യു.സി.ഹുസൈൻ, കെ.വി.വിജോൾ, പി.ചന്ദ്രൻ, ലത വിജയൻ, പി.പി.മൊയ്തീൻ, ബ്രാൻ അഹമ്മദുകുട്ടി, ജോർജ് പടകൂട്ടിൽ എന്നിവർ പ്രസംഗിച്ചു. ആക്ഷൻ കൗണ്‍സിൽ ജനറൽ കണ്‍വീനർ ആർ.രവീന്ദ്രൻ സ്വാഗതവും കെ.റഫീഖ് നന്ദിയും പറഞ്ഞു. സംഗമത്തിനു മുന്നോടിയായി മൂളിത്തോടിൽ പ്രകടനം നടന്നു.
കബനി ജലത്തിൽ 21 ടി.എം.സി ഉപയോഗിക്കാൻ കാവേരി നദീജല തർക്ക ട്രിബ്യൂണൽ കേരളത്തിനു അനുവാദം നൽകിയിട്ടുണ്ട്. ഇതിന്റെ കാലാവധി 2034 ഫെബ്രുവരിയിൽ അവസാനിക്കും. അതിനുമുന്‍പ് തൊണ്ടാർ പദ്ധതി പ്രാവർത്തികമാക്കാനാണ് ജല വിഭവ വകുപ്പിന്റെ നീക്കം. അർഹതപ്പെട്ട ജലവിഹിതത്തിൽ പകുതിയോളം മാത്രമാണ് കാരാപ്പുഴ, ബാണാസുരസാഗർ പദ്ധതികളിലായി ഉപയോഗിക്കുന്നത്. തൊണ്ടാർ പദ്ധതിയുടെ എഫ്ആർഎൽ സർവേയ്്ക്കു ഒരുക്കം നടക്കുന്നതിനിടെയാണ് ആക്ഷൻ കൗണ്‍സിൽ സമരസംഗമം സംഘടിപ്പിച്ചത്.
ജില്ലയിൽ ഏറ്റവും ജനസാന്ദ്രതയുള്ള വില്ലേജുകളിലൊന്നാണ് എടവക. കഴിഞ്ഞ രണ്ടു പ്രളയങ്ങളും ബാധിക്കാത്ത വില്ലേജിൽ കുടിവെള്ള ക്ഷാമമോ വന്യജീവി ശല്യമോ ഇപ്പോഴില്ല. എന്നിരിക്കെ വർധിച്ച അളവിൽ വെള്ളം കെട്ടിനിർത്തുന്ന അണയ്ക്കു പകരം ഇടത്തരം തടയണകളാണ് പ്രദേശത്തു നിർമിക്കേണ്ടതെന്നാണ് ആക്ഷൻ കൗണ്‍സിലിന്റെ അഭിപ്രായം. കബനി ജലത്തിൽ കേരളത്തിനു അവകാശപ്പെട്ട വിഹിതം തടയണകൾ ശാസ്ത്രീയമായി നിർമിച്ചും ഉപയോഗപ്പെടുത്താമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
തൊണ്ടാർ പദ്ധതിയെ അനുകൂലിക്കുന്നവരും എടവക, വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകളിലുണ്ട്. ഡാം കർമസമിതി രൂപീകരിച്ചാണ് ഇവരുടെ പ്രവർത്തനം. പദ്ധതിയുമായി ബന്ധപ്പെട്ടു തത്പരകക്ഷികൾ അടിസ്ഥാനരഹിതമായ പ്രചാരണമാണ് നടത്തുന്നതെന്നു കർമ സമിതിക്കാർ പറയുന്നു. 0.3 ടി.എ.ംസി മാത്രമാണ് നിർദിഷ്ട അണയുടെ ജലസംഭരണശേഷിയെന്നും ഡാംനിർമിക്കുന്നതുമൂലം മുങ്ങിപ്പോകുന്ന പ്രദേശങ്ങളിൽ വീടുകൾ അടക്കം 105 കെട്ടിടങ്ങൾ മാത്രമാണ് ഉള്ളതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അണയുടെ എഫ്.ആർ.എൽ സർവേ ഉടൻ പൂർത്തിയാക്കണമെന്ന ആവശ്യവും കർമസമിതി ഉന്നയിക്കുന്നുണ്ട്.