കൽപ്പറ്റ: വയനാട് ഗവ.മെഡിക്കൽ കോളജ് നിർമാണത്തിനു കോട്ടത്തറ വില്ലേജിലെ മടക്കിമലയ്ക്കു സമീപം സൗജന്യമായി ലഭിച്ച 50 ഏക്കർ ഭൂമി സർക്കാരിന്റെ കൈവശമിരിക്കെ പുതിയ സ്ഥലം ഏറ്റെടുത്താൽ കോടതിയെ സമീപിക്കാൻ എം.കെ. ജിനചന്ദ്രൻ സ്മാരക ഗവ.മെഡിക്കൽ കോളജ് ആക്്ഷൻ കമ്മിറ്റി തീരുമാനിച്ചു. മെഡിക്കൽ കോളജിനു ബജറ്റിൽ 300 കോടി രൂപ വകയിരുത്തിയതു വയനാട്ടുകാരെ സംബന്ധിച്ചിടത്തോളം തൃപ്തികരമല്ലെന്നു കമ്മിറ്റി വിലയിരുത്തി. ഇതിലും വലിയ തുക നേരത്തേ പ്രഖ്യാപിച്ചതാണെന്നു ചൂണ്ടിക്കാട്ടി.
മെഡിക്കൽ കോളജ് എവിടെ തുടങ്ങുമെന്നു വ്യക്തമാക്കാനുള്ള ആർജവം സർക്കാർ കാട്ടാത്തതിനെ വിമർശിച്ചു. 21നു രാവിലെ കളക്ടറേറ്റ് പടിക്കൽ ധർണ സംഘടിപ്പിക്കാനും തീരുമാനിച്ചു. കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റിനീഷിനെ ആക്ഷൻ കമ്മിറ്റി കണ്‍വീനറായും വി.എ. മജീദ്, യഹ്യാഖാൻ തലയ്ക്കൽ,പി.കെ. അനിൽകുമാർ എന്നിവരെ വൈസ്ചെയർമാൻമാരായും തെരഞ്ഞെടുത്തു.ചെയർമാൻ സൂപ്പി പള്ളിയാൽ അധ്യക്ഷത വഹിച്ചു.
അഡ്വ.എം.സി.എം. ജമാൽ ഭാവി പരിപാടികൾ വിശദീകകരിച്ചു. മായിൻ കടവൻ, കെ. സദാനന്ദൻ, വി.എ. മജീദ്, യഹ്യാഖാൻ തലയ്ക്കൽ, പൗലോസ് കുറുന്പേമഠം, ഗഫൂർ വെണ്ണിയോട്, പി.കെ. അനിൽകുമാർ, പി.കെ. അബ്ദുറഹ്മാൻ, വി. ഹരിദാസൻ, വി.വി. ജിനചന്ദ്രപ്രസാദ്, ലത്തീഫ് മാടായി, ഇക്ബാൽ മുട്ടിൽ, റസാഖ് റാണിയ, ആർ. രാജൻ എന്നിവർ പ്രസംഗിച്ചു.