മാനന്തവാടി: വയനാട് മെഡിക്കൽ കോളജ് ജില്ല ആശുപ്രതിയോടനുബന്ധിച്ച് മാനന്തവാടിയിൽ ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
മാനന്തവാടി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്ന് രാഷ്ട്രീയകക്ഷി നേതാക്കൾ, തദ്ദേശ സ്വയംഭരണ സ്ഥാപനമേധാവികൾ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, സാമൂഹ്യസാംസ്കാരിക, സമുദായ നേതാക്കളടക്കം നിരവധി പേർ പങ്കെടുത്തു. മേപ്പാടി വിംസ് മെഡിക്കൽ കോളജ് ഏറ്റെടുക്കേണ്ടതില്ലെന്നും മടക്കിമലയിൽ കണ്ടെത്തിയ ഭൂമി ശാസ്ത്ര പഠനത്തിൽ കെട്ടിട നിർമ്മാണത്തിന് അനുയോജ്യമല്ലെന്ന റിപ്പോർട്ടും മാനന്തവാടിയിൽ ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിൽ 65 ഏക്കർ ഭൂമിയുള്ളതും വൈത്തിരി താലൂക്കിൽ സ്വകാര്യ മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നതിനാലും മാനന്തവാടി ജില്ലാ ആശുപത്രിയോടനുബന്ധിച്ച് മെഡിക്കൽ കോളജ് ആരംഭിക്കുന്നതാണ് കൂടുതൽ ഉചിതമെന്നും യോഗം ചൂണ്ടിക്കാട്ടി.
കൂടാതെ മാനന്തവാടി ജില്ലാ ആശുപത്രിയോടനുബന്ധിച്ച് 100 കോടി രൂപ മുടക്കി നിർമ്മാണം പൂർത്തിയാക്കുന്ന കെട്ടിട സമുച്ചയം താൽക്കാലികമായി മെഡിക്കൽ കോളജിനു വേണ്ടി ഉപയോഗിക്കുവാൻ സാധിക്കുമെന്നു യോഗം വിലയിരുത്തി. ഈ ആവശ്യം നേടിയെടുക്കുന്നതിനു വേണ്ടി മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, എൽഡിഎഫ് ജില്ലാനേതാക്കൾ, കളക്ടർ തുടങ്ങിയവർക്ക് ഭീമഹർജി നൽകും. വിവിധ പഞ്ചായത്തുകൾ പ്രമേയം പാസാക്കി അയക്കും. ഈ ആവശ്യം ശക്തിയായി ഉന്നയിക്കുന്നതിന് ധർണ, ആർ ഡിഒ ഓഫീസ് മാർച്ച്, പൊതുയോഗം തുടങ്ങി വിവിധ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. യോഗത്തിൽ കർമ്മസമിതി ചെയർമാൻ കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു.
മാനന്തവാടി രൂപത പിആർഒ ഫാ. ജോസ് കൊച്ചറയ്ക്കൽ ഉദ്്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലർ ജേക്കബ് സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി. കണ്‍വീനർ ബാബു ഫിലിപ്പ് വിഷയാവതരണവും ഫാ. വർഗീസ് മറ്റം പ്രമേയവും അവതരിപ്പിച്ചു. ജനറൽ കണ്‍വീനർ കെ.എ. ആന്റണി, എൻ.കെ. വർഗീസ്, ഇ.ജെ. ബാബു, എം.ജി. ബിജു. പി.വി. ജോർജ്, ഇ.എം. ശ്രീധരൻ മാസ്റ്റർ, കെ.എസ്. സഖാബി, സിന്ധു സെബാസ്റ്റ്യൻ, മാർഗരറ്റ് തോമസ്, ഹസൻ മുസലിയാർ, എം.സി. സെബാസ്റ്റ്യൻ, അനിൽ, എം.അബ്ദു റഹിമാൻ, ജോസ് തലച്ചിറ തുടങ്ങിയവർ പ്രസംഗിച്ചു.